• 20 Oct 2019
  • 04: 59 PM
Latest News arrow

''ആത്മഹത്യയ്‌ക്കൊരുങ്ങി, അഭിനയം നിര്‍ത്തുന്നു''- കഴുത്തില്‍ കുരുക്കിട്ട ചിത്രവുമായി 'സുഡു'

'സുഡാനി ഫ്രം നൈജീരിയ'യിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നൈജീരിയന്‍ സ്വദേശി സാമുവല്‍ റോബിന്‍സണ്‍ ആത്മഹത്യയുടെ വക്കില്‍. കഴുത്തില്‍ കുരുക്കിട്ട ചിത്രത്തോട് കൂടിയ ഫേസ്ബുക്ക് കുറിപ്പിലാണ് താന്‍ വിഷാദരോഗത്തിന് ചികിത്സയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സാമുവല്‍ റോബിന്‍സണ്‍ അറിയിച്ചിരിക്കുന്നത്. എന്നെന്നേയ്ക്കുമായി അഭിനയം അവസാനിപ്പിക്കുകയാണെന്നും സാമുവല്‍ പറയുന്നു. 

'സുഡാനി ഫ്രം നൈജീരിയ' വന്‍ വിജയമായിരുന്നെങ്കിലും പിന്നീട് അഭിനയിച്ച 'ഒരു കരീബിയന്‍ ഉഡായിപ്പ്' എന്ന ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. തുടര്‍ന്നും മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും അദ്ദേഹത്തിന് അവസരമൊന്നും ലഭിച്ചില്ല. തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെട്ടതും പരസ്യകരാറില്‍ നിന്ന് പുറത്തായതുമാണ് തന്നെ ഈ തീരുമാനത്തില്‍ കൊണ്ടെത്തിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സാമുവല്‍ റോബിന്‍സണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

ഇന്ന് ഞാന്‍ എന്റെ അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. ഞാന്‍ വിഷാരോഗത്തിനടിമയായി, ജീവിതം തന്നെ അവസാനിപ്പിക്കാറായ അവസ്ഥയിലേക്കെത്തി. കയറും ആത്മഹത്യാകുറിപ്പും എല്ലാം ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ അവസാന ഫോട്ടോയാണ്. അഭിനേതാവാകുക എന്നത് എന്റെ തെരഞ്ഞെടുപ്പായിരുന്നു. മാതാപിതാക്കളെല്ലാം മരിച്ചു. പതിനഞ്ചാം വയസ്സ് മുതല്‍ എന്റെ കാര്യങ്ങളെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ആത്മസമര്‍പ്പണത്തോടു കൂടെയുള്ള കഠിനാധ്വാനം കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ എനിക്ക് വിജയിക്കാനായി.

കഴിഞ്ഞ വര്‍ഷം രാജ്കുമാര്‍ സന്തോഷി വഴി ബോളിവുഡില്‍ നിന്നും എഐബിയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചു. വലിയ താരങ്ങള്‍ അഭിനയിക്കുന്ന തമിഴ് സിനിമയിലും വലിയ നൈജീരിയന്‍ സിനിമകളിലും പ്രശസ്ത ബ്രാന്‍ഡുകളുടെ പരസ്യത്തിലും അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചു. ഞാന്‍ സ്വപ്‌നം കണ്ട അവസരങ്ങളെല്ലാം എനിക്ക് ലഭിച്ചെങ്കിലും പിന്നീട് അവയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. 

രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിങ് നായകനായ ചിത്രം നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. എന്നാല്‍ സംവിധായകനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് എഐബി പ്രൊജക്ടും നഷ്ടപ്പെട്ടു. പിന്നീട് വന്ന തമിഴ് പ്രൊജക്ടും അത്ര നല്ലതായി തോന്നിയില്ല. നൈജീരിയന്‍ സിനിമാ പ്രൊജക്ട് നൈജീരിയന്‍/ദക്ഷിണാഫ്രിക്കന്‍ പ്രൊജക്ടായി രൂപകല്‍പ്പന ചെയ്തതിനാലും ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണം പതിവായതിനാലും എനിക്ക് അവസരം നഷ്ടപ്പെട്ടു. ഇതെല്ലാം ജീവിതത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എന്റെ നിയന്ത്രണമില്ലാതെ ചില പ്രൊജക്ടുകള്‍ക്ക് ഞാന്‍ സമ്മതിച്ചെങ്കിലും അത് എനിക്ക് യാതൊന്നും തിരിച്ചു തന്നില്ല. 

ഇതോടെ ജീവിതം ഭീകരവും ശൂന്യവുമായി തോന്നി. തുടര്‍ന്നാണ് ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതും ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതും. പക്ഷേ, ഞാനത് ചെയ്തില്ല. അവസാന നിമിഷം എന്നോട് സംസാരിക്കാന്‍ തയ്യാറായ എന്റെ സുഹൃത്തുക്കള്‍ക്കും തെറാപ്പിസ്റ്റിനും നന്ദി പറയുന്നു.