• 20 Oct 2019
  • 05: 08 PM
Latest News arrow

നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ ആയത് എങ്ങിനെ? പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍സിന്റെ അഭിമുഖം...

ഇതാ അവള്‍ ... ഫ്രെയിമിന്റെ നടുവില്‍... നിരവധി പുരുഷന്‍മാര്‍ അവള്‍ പറയുന്നത് കേള്‍ക്കുകയും അവളെ അനുസരിക്കുകയും ചെയ്യുന്നു. തീരുമാനങ്ങളെടുക്കുന്നത് അവളാണ്. അവള്‍ ഉത്തരവുകള്‍ നല്‍കുന്നു. നടന്‍മാര്‍ക്ക് മാത്രം ചാര്‍ത്തിക്കൊടുക്കാറുള്ള സൂപ്പര്‍ സ്റ്റാര്‍ പദവി കരസ്ഥമാക്കിയവളാണ് അവള്‍. അതെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര.

തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങിനെ താന്‍ അഭിനയിച്ച ചിത്രങ്ങളെയെല്ലാം 'നയന്‍താരേന്റെ പടം' എന്ന് പറയിപ്പിക്കാന്‍ കെല്‍പ്പുള്ളവളാണ് അവള്‍. ചുരുക്കം മാത്രം അഭിമുഖം നല്‍കി, വിവാദങ്ങളോട് വിരളമായി പ്രതികരിച്ച്, അഭിനയത്തിലും അഴകിലും തന്റേതായ വ്യക്തിത്വം കണ്ടെത്തുന്ന നയതാര സംസാരിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വോഗ്ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ്. 

'' ഞാന്‍ എപ്പോഴും തിരക്കിലാണ്. എപ്പോഴും ഷൂട്ടിങ്. ഞാനൊരു വര്‍ക്കഹോളിക് (ജോലിയില്‍ വ്യാപൃതയായ) ആണ്. ഞാന്‍ പ്രധാനകഥാപാത്രമാകുന്ന ചിത്രത്തില്‍ എല്ലാം തീരുമാനിക്കുന്നത് ഞാനാണ്. ചിലപ്പോള്‍ ഭര്‍ത്താക്കന്‍മാരെയോ കാമുകന്‍മാരെയോ കേന്ദ്രീകരിച്ചുള്ള ചിത്രവുമായി സംവിധായകര്‍ വരും. അപ്പോള്‍ ഇത് ആവശ്യമാണോയെന്നാണ് ഞാന്‍ ചോദിക്കാറ്. 

എന്റെ ജോലി അഭിനയമാണ്. സിനിമയാണ് സംസാരിക്കേണ്ടത്. കാര്യമാത്രപ്രസക്തങ്ങളായ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹിച്ചത്. ഡയറക്ടര്‍ പറയുന്നത് അതേപടി ചെയ്ത് ഒരു കോലത്തെപ്പോലെയാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. 

എപ്പോഴും എല്ലാക്കാലത്തും പുരുഷന്‍മാര്‍ക്ക് മാത്രം അധികാരമുണ്ടാകുന്നതെന്തുകൊണ്ടാണ്? അതിന് കാരണം ആജ്ഞാശക്തിയുള്ള വേഷങ്ങള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസമില്ല. ഇതാണ് എനിക്ക് ചെയ്യേണ്ടത്, ഇതാണ് ഞാന്‍ ചെയ്യുക എന്ന് പറയാന്‍ സ്ത്രീകള്‍ക്ക് കഴിയുന്നില്ല. ഇത് ജെന്‍ഡറുമായി ബന്ധപ്പെട്ട ഒരു കാര്യമല്ല. ഞാന്‍ നിന്നെ ശ്രവിക്കുന്നുണ്ടെങ്കില്‍ നീ എന്നെയും ശ്രവിക്കണം.

വിജയങ്ങളില്‍ മതിമറക്കുന്ന ഒരാളല്ല ഞാന്‍. വാസ്തവത്തില്‍ എനിക്ക് ഭയമുണ്ട്. പ്രേക്ഷകര്‍ക്ക് നല്ല സിനിമ കൊടുക്കാന്‍ എനിക്ക് സാധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍.'' 

പത്ത് വര്‍ഷത്തിന് ശേഷമുള്ള ആദ്യ അഭിമുഖമായിരിക്കും ഇത്. ഞാന്‍ എന്താണ് ചിന്തിക്കുന്നതെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് എനിക്ക് ആഗ്രഹമില്ല. ഞാന്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണ്. എനിക്ക് നല്ല രീതിയില്‍ ജനക്കൂട്ടത്തോട് ഇടപഴകാന്‍ അറിയില്ലെന്നും നയന്‍സ് പറയുന്നു.