• 21 Nov 2019
  • 05: 15 PM
Latest News arrow

''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍

കൊച്ചി: ആനക്കൊമ്പ് കൈവശം സൂക്ഷിക്കാന്‍ തനിക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍. വനംവകുപ്പിന്റെ കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് തനിക്ക് അനുമതിയുണ്ട്. ലൈസന്‍സിന് മുന്‍കാല പ്രാബല്യമുണ്ട്. അതുകൊണ്ട് ആനക്കൊമ്പ് സൂക്ഷിക്കുന്നതില്‍ നിയമതടസ്സമില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരെ നല്‍കിയ കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല, ഈ സംഭവത്തിലൂടെ പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിച്ചെന്നും മോഹന്‍ലാല്‍ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞ മാസമാണ് പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും പെരുമ്പാവൂര്‍ സ്വദേശി  പൗലോസ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

2012ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും 7 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.