• 21 Nov 2019
  • 05: 13 PM
Latest News arrow

അഞ്ച് മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിംഗ്‌ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് (ശനിയാഴ്ച). 21-ന് തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 24-ന് വ്യാഴാഴ്‌ച ജനവിധിയറിയാം.

പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകളോടെ ഒരോ മണ്ഡലങ്ങളുടേയും കേന്ദ്രങ്ങളിൽ വൈകീട്ട് വൈകീട്ട് ആറ് മണിയോടെ പ്രചാരണത്തിന്‍റെ കാലാശക്കൊട്ട്  നടക്കും. പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രികരിച്ചാണ് സ്ഥാനാര്‍ത്ഥികളുടെ പര്യടനം.

നിയമസഭാ തിരഞ്ഞെടുപ്പിനോളം തന്നെ ആവേശമുയർത്തിയാണ്  വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.  തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയിരിക്കെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ മൂന്ന് മുന്നണികളും പ്രാധാന്യത്തോടെ കാണുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച്‌ മണ്ഡലങ്ങളിൽ  വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവ    യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ്.  2016 ല്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബിജെപി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഇത്തവണ കോന്നിയിലും  ശക്തമായ ത്രികോണ മത്സരം ബി.ജെ.പി കാഴ്‌ചവെക്കുന്നുണ്ട്. ഇവിടെ മൂന്ന് മുന്നണികളും ഒരു പോലെ വിജയം പ്രതീക്ഷിക്കുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം സാമുദായിക ചര്‍ച്ചയ്ക്കും ഈ തിരഞ്ഞെടുപ്പ് വഴിയൊരുക്കി. 24-ന് വരുന്ന ജനവിധി കേരളരാഷ്ട്രീയത്തിൽ വിവിധ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.