• 21 Nov 2019
  • 05: 16 PM
Latest News arrow

അഫ്ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; 62 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് ഗുരുതര പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 62 പേർ  കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഹസ്ക മിനയിലാണ് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം നടന്നത്. 250-ഓളം പേർ ആ സമയത്ത് പള്ളിയിലുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റിനും താലിബാനും ശക്തമായ സ്വാധീനമുള്ള പ്രവിശ്യയാണ് നംഗർഹാർ.

അഫ്ഗാനിസ്ഥാനിലെ അക്രമസംഭവങ്ങൾ അതിഭീകരമായ അവസ്ഥയിൽ എത്തിയെന്ന് ഐക്യരാഷ്ട്രസഭ വിമർശിച്ചത് ഈയിടെയാണ്. 2019 ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള മൂന്നുമാസം നടന്ന അക്രമ സംഭവങ്ങളിൽ 1,174 പേർ മരിക്കുകയും 3,139 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത കണക്കിനേക്കാൾ 42 ശതമാനത്തോളം അധികമാണിത്. അക്രമസംഭവങ്ങൾ ബാധിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.