• 02 Jul 2020
  • 11: 25 AM
Latest News arrow

''രാജാവേ... ഞങ്ങളുടെ നാട്ടിലേക്കും വരണേ...''; ഡച്ച് രാജാവിന്റെ വരവ് പ്രമാണിച്ച് കൊച്ചിയില്‍ റോഡുകള്‍ നന്നാക്കി

നല്ല റോഡിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടോ... എങ്കില്‍ ഒരു രാജാവോ രാജ്ഞിയോ, ഏറ്റവും കുറഞ്ഞത് ഒരു വിഐപിയെങ്കിലും ആകൂ എന്നാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് പറയാതെ പറയുന്നത്. കഴിഞ്ഞ ദിവസം ഡച്ച് രാജാവും രാജ്ഞിയും കേരള സന്ദര്‍ശനത്തിനെത്തി. ഇടക്കൊച്ചിയില്‍ നിന്നും അരൂരിലേക്ക് പോകുന്ന ദേശീയ പാതയിലൂടെ ഇവര്‍ കടന്നുപോകുമെന്ന് വിവരം കിട്ടി. പിന്നെ ഇടക്കൊച്ചിയിലെയും കൂവപ്പാടത്തെയും നാട്ടുകാര്‍ കണ്ടത് ഒറ്റച്ചുളിവ് പോലുമില്ലാതെ തേച്ച് മിനുക്കിയ കുപ്പായം ഇട്ടിരിക്കുന്നത് പോലത്തെ റോഡാണ്. 

പത്ത് മാസമായി ആളുകളുടെ നടുവൊടിച്ചുകൊണ്ടിരുന്ന, വാഴയും കൊന്നയും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്ന റോഡ് യുദ്ധകാലടിസ്ഥാനത്തിലാണ് നന്നാക്കിയത്. പാമ്പായിമൂല ഭാഗത്ത് കുണ്ടുംകുഴിയുമായി കിടന്നിരുന്ന റോഡിന്റെ അറ്റകുറ്റപ്പണികളാണ് രാജാവിനും രാജ്ഞിയ്ക്കും വേണ്ടി പൊതുമരാമത്ത് നന്നാക്കിയത്. പൈപ്പിടാനായി ജല അതോറിറ്റിയാണ് റോഡ് കുത്തിപ്പൊളിച്ചത്. അതിന് ശേഷം അവര്‍ അത് നന്നാക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ രാജാവ് വരുന്നെന്ന് കേട്ടതോടെ എല്ലാം ശട പടേ... ശട പടേന്നായിരുന്നു. പക്ഷേ, രാജാവ് ആ വഴിയ്ക്ക് വന്നതേയില്ലെന്നതാണ് രസകരം.  രാജാവിന് വേണ്ടി കാത്തിരുന്നവരുടെ കണ്ണ് കഴച്ചതു മിച്ചം. എന്തായാലും വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും രാജാവിനെപ്പോലുള്ളവര്‍ ഈ വഴി വരികയാണെങ്കില്‍ തങ്ങളുടെ വഴി തെളിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

രാജാവും രാജ്ഞിയും എത്തിയ മട്ടാഞ്ചേരിയ്ക്കടുത്തുള്ള കൂവപ്പാടം എന്ന സ്ഥലത്തും രാജാവിന്റെ വരവിനായ് റോഡുകള്‍ നന്നാക്കി. കുഴികളടച്ച് റോഡുകള്‍ ടാര്‍ ചെയ്തത് കൂടാതെ റോഡിനിരുവശവും കിടന്നിരുന്ന മാലിന്യക്കൂമ്പാരങ്ങള്‍ പോലും അധികൃതര്‍ നീക്കം ചെയ്തു. 

ഡച്ച് രാജാവിന്റെ വരവോട് ഇത്തരത്തില്‍ നിരവധി റോഡുകള്‍ക്കാണ് ശാപമോക്ഷം ലഭിച്ചത്. ഇതോടെ ''രാജാവേ.. തങ്ങളുടെ നാട്ടിലും കൂടി വന്നിട്ടുപോകണേ'' എന്നാണ് പലരും ആവശ്യപ്പെടുന്നത്. 

വിഐപികള്‍ സന്ദര്‍ശിക്കുമ്പോള്‍ മാത്രം റോഡുകള്‍ നന്നാക്കുന്നതില്‍ കാണിക്കുന്ന വ്യഗ്രത സാധാരണ പൗരന്റെ ജീവന്റെ കാര്യത്തില്‍ കാണിക്കാത്തതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിഐപികള്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യത്തിന് സാധാരണ പൗരന്‍മാര്‍ക്കും അര്‍ഹതയുണ്ട്. മഴക്കാലത്ത് റോഡുകള്‍ നന്നായിക്കിടക്കണമെങ്കില്‍ വിഐപി യാത്ര വേണ്ടിവരുമോയെന്നും കോടതി ചോദിച്ചു. 

റോഡ് നന്നാക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇതിന് മറുപടിയായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അപ്പോള്‍ എത്ര പേര്‍ക്കെതിരെ ശിക്ഷണനടപടി സ്വീകരിച്ചുവെന്നായി കോടതിയുടെ ചോദ്യം. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.   

 

Editors Choice