• 02 Jul 2020
  • 11: 02 AM
Latest News arrow

''സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണം''; ഗാന്ധിയന്‍ അണ്ണാ ഹസാരെ

ഹിന്ദു മഹാസഭ നേതാവും മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ നിന്ന് സംശയത്തിന്റെ ആനുകൂല്യത്തില്‍ മാത്രം രക്ഷപ്പെട്ട പ്രതിയുമായിരുന്ന വിഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ഗാന്ധിയനെന്ന് സ്വയം വിശേഷിപ്പിക്കുകയും അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനുമായ വ്യക്തിയാണ് അണ്ണാ ഹസാരെ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അണ്ണാ ഹസാരയുടെ വിവാദ പ്രതികരണം.

സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ വലിയ ദുരിതം അനുഭവിച്ചിട്ടുണ്ട്. രാജ്യത്തിനായി ത്യാഗം ചെയ്തവര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കണം. സവര്‍ക്കര്‍ക്കെതിരെ ഇപ്പോള്‍ ഉയരുന്ന എതിര്‍പ്പുകളെല്ലാം രാഷ്ട്രീയ പകപോക്കലാണെന്നും അണ്ണാ ഹസാരെ പറഞ്ഞു. എന്നാല്‍ ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്ന്, ജീവന്‍ലാല്‍ കപൂര്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തോട് 'ഗാന്ധിയന്‍' അണ്ണാ ഹസാരെ പ്രതികരിച്ചില്ല.

ബ്രിട്ടീഷ് ഭരണകൂടത്തിന് മാപ്പപേക്ഷ നല്‍കി ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മോചനം നേടിയ വിവാദ വ്യക്തിത്വമാണ് വിഡി സവര്‍ക്കര്‍. സവര്‍ക്കറിന് ഭാരത രത്‌ന നല്‍കുമെന്ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതുണ്ടാക്കിയ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അണ്ണാ ഹസാരെ. 

Editors Choice