• 21 Nov 2019
  • 05: 17 PM
Latest News arrow

കുട്ടികളുടെ അശ്ലീലത പ്രചരിപ്പിച്ച 126 മലയാളികളെ തിരിച്ചറിഞ്ഞു; പാകിസ്ഥാന്‍ ഐഎസ്ഡി കോഡുള്ള മൂന്ന് ഗ്രൂപ്പുകള്‍ പൂട്ടി

കുട്ടികള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളും ചൈല്‍ഡ് പോണോഗ്രഫിയും പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസിന്റെ സൈബര്‍ ഡോം ഈ വര്‍ഷം ആവിഷ്‌കരിച്ച ഓപ്പറേഷന്‍ പി ഹണ്ട് പൂര്‍ത്തിയായി. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച 126 മലയാളികളെ സൈബര്‍ ഡോം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 12ന് കേരളത്തിലങ്ങോളമിങ്ങോളം 21 ഇടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 20 കേസുകളിലായി 11 പേരെ അറസ്റ്റ് ചെയ്തുവെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാം അറിയിച്ചു. 

ഓപ്പറേഷന്റെ ആദ്യ ഘട്ടത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജൂണില്‍ നടന്ന പി ഹണ്ട് 2ല്‍ 16 കേസുകളിലായി 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഇവര്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നത്. 

ടെലഗ്രാമിന്റെ സഹകരണത്തോടെ അലമ്പന്‍, അധോലോകം, നീലക്കുറിഞ്ഞി തുടങ്ങിയ ഗ്രൂപ്പുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇതിന്റെ അഡ്മിനുകള്‍ മലയാളികളും +92 ഐഎസ്ഡി കോഡിലുള്ള നമ്പരുകളുമാണ്. +92 പാകിസ്ഥാനിലെ ഐഎസ്ഡി കോഡാണ്. പൊലീസ് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍, മോഡമുകള്‍, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുടെക്കുമെന്ന് റെയ്ഡുകള്‍ക്ക് നേതൃത്വം വഹിച്ച മനോജ് എബ്രഹാം അറിയിച്ചു. 

അതേസമയം നടപടികള്‍ കര്‍ക്കശനമാക്കിയതോടെ മൂന്ന് ഗ്രൂപ്പുകളും പൂട്ടി അംഗങ്ങള്‍ അപ്രത്യക്ഷരായതായാണ് അറിയുന്നത്. കേസില്‍ തിരിച്ചറിഞ്ഞ മലയാളികളില്‍ പലരും കേരളത്തിന് പുറത്താണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ പോക്‌സോ, ഐടി നിയമപ്രകാരമുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്.