ചരിത്രത്തിലേക്ക് വനിതകളുടെ ബഹിരാകാശ 'നടത്തം'

ന്യൂയോര്‍ക്ക്: ചരിത്രത്തിലേക്ക് 'നടന്നു'കയറി ബഹിരാകാശ ഗവേഷകരായ രണ്ട് വനിതകൾ. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് നാസയുടെ വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം യഥാർത്ഥ്യമാക്കിയത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിയോടെയായിരുന്നു ഇരുവരും ബഹിരാകാശനിലയത്തിന് പുറത്തിറങ്ങിയത്. ഏഴ് മണിക്കൂർ 17 മിനിറ്റ് നേരം ഇവർ ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ബാറ്ററി ചാർജ്ജ്-ഡിസ്ചാർജ്ജ് യൂനിറ്റ് (BCDU) മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്.
ഇതുവരെ 15 വനിതകൾ ബഹിരാകാശ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം കൂടെ പുരുഷനുമുണ്ടായിരുന്നു. മാർച്ചിലാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇവർ ഇതുവരെ മൂന്ന് തവണ നിലയത്തിന് പുറത്ത് നടന്നിട്ടുണ്ട്. ജസീക്ക മെയർ നിലയത്തിൽ എത്തിയിട്ട് ആഴ്ചകളേ ആയുള്ളൂ. അതിനാൽ തന്നെ ജസീക്ക മെയറുടെ നിലയത്തിന് പുറത്തുള്ള ആദ്യ നടത്തവും ചരിത്രത്തിലേക്കായി.
നാസ, മാർച്ച് മാസം എട്ടാം തീയതി അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടത്താൻ പദ്ധതിയിട്ടതാണ് വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തം. എന്നാൽ പാകമായ വസ്ത്രത്തിന്റെ കുറവ് കാരണം ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്റ്റീന കോച്ചും ആൻ മക്ലൈനുമായിരുന്നു അന്ന് നടക്കേണ്ടിയിരുന്നത്. ജൂണിൽ മക്ലൈൻ ഭൂമിയിലേക്ക് മടങ്ങിയതോടെ ജസീക്ക മെയർക്ക് നറുക്ക് വീഴുകയായിരുന്നു.
പുതിയ ബാറ്ററികള്‍ സ്ഥാപിക്കുന്നതിനായി ഒക്ടോബര്‍ 21 തിങ്കളാഴ്ച ഇരുവരും ചേര്‍ന്ന് ബഹിരാകാശനിലയത്തിന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്നു. ഇതിനിടെ പവര്‍ കണ്‍ട്രോളറുകളിലൊന്നില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരുടേയും ബഹിരാകാശ നടത്തം മൂന്ന് ദിവസം നേരത്തെ ആക്കുകയായിരുന്നു.
ജസീക്ക മെയറുടെയും ക്രിസ്റ്റീന കോച്ചിന്റെയും ചരിത്രത്തിലേക്കുള്ള 'നടത്തം' നാസ ടിവി തൽസമയം സംപ്രേഷണം ചെയ്തു.