• 21 Nov 2019
  • 05: 16 PM
Latest News arrow

രണ്ട് മണിക്കൂര്‍ വൈകി; തേജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്തവര്‍ക്കെല്ലാം 250 രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: ശനിയാഴ്ച ലഖ്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും തേജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്തവര്‍ക്കൊക്കെ 250 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ. ഇരുഭാഗത്തേയ്ക്കും രണ്ട് മണിക്കൂറോളമാണ് ട്രെയിന്‍ വൈകിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനാണ് തേജസ് എക്‌സ്പ്രസ്.

ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ, ട്രെയിന്‍ വൈകിയതിന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് 451 യാത്രക്കാരും ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് 500 ഓളം പേരുമാണ് ശനിയാഴ്ച യാത്ര ചെയ്തത്. ഇവര്‍ക്കെല്ലാം 250 രൂപ വീതം നല്‍കുമെന്ന് ഐആര്‍സിടിസി അറിയിച്ചു.

നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടെയും മൊബൈല്‍ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാകുമെന്നും ഐആര്‍സിടിസി റീജണല്‍ മാനേജര്‍ അശ്വിനി ശ്രീവാസ്തവ പറഞ്ഞു.

ശനിയാഴ്ച ലഖ്‌നൗവില്‍ നിന്ന് 6.10ന് പുറപ്പെടേണ്ട ട്രെയിന്‍ 8.55നാണ് പുറപ്പെട്ടത്. 12.25ന് ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിന്‍ എത്തിച്ചേര്‍ന്നത് 3.40നും. 3.55ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ പുറപ്പെട്ടതാകട്ടെ 5.30നും. ഇതോടെ രാത്രി 10.05ന് ലഖ്‌നൗവില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ എത്തിയത് 11.30 ഓടെയായിരുന്നു.

നഷ്ടപരിഹാരത്തിന് പുറമേ യാത്രക്കാര്‍ക്ക് അധിക ചായയും നല്‍കി. ഉച്ചഭക്ഷണ പായ്ക്കറ്റില്‍ 'വൈകിയതില്‍ ക്ഷമിക്കണമെന്ന്' പ്രിന്റു ചെയ്തിട്ടുമുണ്ടായിരുന്നു.