• 02 Jul 2020
  • 11: 07 AM
Latest News arrow

മരണത്തിലേക്ക് നടന്നടുത്ത് കേരള പൊലീസ്; കഴിഞ്ഞയാഴ്ച തിരുവനന്തപുരം സിറ്റിയില്‍ മരിച്ചത് 5 പൊലീസുകാര്‍

സംസ്ഥാനത്തെ പൊലീസുകാര്‍ ഒന്നിന് പിറകേ ഒന്നായി മരണത്തിലേക്ക് നടന്നുനീങ്ങുകയാണ്. അമിത ജോലി ഭാരം, മാനസിക സമ്മര്‍ദ്ദം എന്നിവ മൂലം ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണ് മരണത്തിന് കീഴടങ്ങുന്നവരില്‍ അധികവും. ചിലര്‍ സ്വയം മരണം തെരഞ്ഞെടുക്കുമ്പോള്‍, മറ്റ് ചിലര്‍ രക്തസമ്മര്‍ദ്ദവും ഹൃദയസ്തംഭനവും മൂലം മരണമടയുന്നു. 

കഴിഞ്ഞ ആഴ്ച മാത്രം തിരുവനന്തപുരം സിറ്റിയില്‍ മരിച്ചത് അഞ്ച് പൊലീസുകാരാണ്. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ശരാശരി 16 പൊലീസുകാരെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 45 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. രക്തസമ്മര്‍ദ്ദവും ഹൃദയാഘാതവും മൂലം മരിക്കുന്നവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണ്.

സംസ്ഥാനത്ത് ആകെയുള്ള പൊലീസുകാരുടെ എണ്ണം 59,800 മാത്രമാണ്. വിജിലന്‍സ്, ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് പോലുള്ള പ്രത്യേക യൂണിറ്റുകളില്‍ ജോലി ചെയ്യുന്നവരും കൂടി ഉള്‍പ്പെടുന്നതാണിത്. പിന്നെയുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍, ഗണ്‍മാന്‍മാര്‍ തുടങ്ങിയവരാണ്. 

സ്റ്റേഷനുകളില്‍ ആവശ്യത്തിന് ജോലിക്കാരില്ലാത്തതിനാല്‍ നിലവിലുള്ളവര്‍ക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നതാണ് മരണനിരക്ക് വര്‍ധിക്കുന്നതിന് പ്രധാന കാരണം. വിശ്രമം പോലുമില്ലാതെ 48 മണിക്കൂറോളം പണിയെടുക്കേണ്ട അവസ്ഥയാണ് പല സ്റ്റേഷനുകളിലും. ശബരിമല സീസണില്‍ പോലും അവധി ലഭിക്കാറില്ലെന്ന് പൊലീസുകാര്‍ പറയുന്നു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ പോലുമില്ലാത്ത സ്‌റ്റേഷനുകളും സംസ്ഥാനത്തുണ്ട്. മതിയായ ആളുകള്‍ ഇല്ലാത്തതാണ് നിലവിലുള്ള പൊലീസുകാരെ ദുരിതത്തിലാക്കുന്നത്. 

വര്‍ക്കിങ് അറേഞ്ച്‌മെന്റ്, അറ്റാച്ച്‌മെന്റ് നിയമനങ്ങള്‍ തുടങ്ങിയ അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങളാണ് ഇത്തരം അവസ്ഥ സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെപ്പോലും മറികടന്നുള്ള ഈ നടപടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പൊലീസുകാര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. 

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായെത്തുന്ന ഇന്‍സ്‌പെക്ടര്‍മാര്‍ ഒരു കാര്യത്തിലും ഉത്തരവാദിത്വമേല്‍ക്കില്ല. ഇതും മറ്റ് പൊലീസുകാരുടെ ജോലി ഭാരം വര്‍ധിപ്പിക്കുകയാണ്. എസ്‌ഐമാരും ക്രൈം എസ്‌ഐമാരുമാണ് ഇതോടെ പിരിമുറുക്കത്തിലാകുന്നത്. എടുത്താല്‍ പൊങ്ങാത്ത പണിയാണ് ഇവരിലേക്ക് ഏല്‍പ്പിക്കപ്പെടുന്നത്.  പത്തും ഇരുപതും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളില്‍ പോലും വാറണ്ടും സമന്‍സും നടപ്പാക്കണം. ഓരോ ഗതാഗത നിയമലംഘനത്തിനും ഇത്ര പെറ്റിക്കേസുകള്‍ പിടിയ്ക്കണമെന്ന് മുകളിലുള്ള ഏമാന്‍മാര്‍ കണക്ക് നല്‍കും. അതിന് അനുസരിച്ച് പെറ്റിക്കേസുകളുടെ എണ്ണം തികയ്ക്കണം. ഇല്ലെങ്കില്‍ ചീത്തവിളിയാണ്. അതും വയര്‍ലെസിലൂടെ. ഇതുകൂടാതെ ജനമൈത്രിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം, സ്റ്റുഡന്റ് പൊലീസ് എന്നിങ്ങിനെ വേറെയും പരിപാടികള്‍. ഇതിനിടയില്‍ പ്രതികളെയും പിടികൂടണം. 

കുറ്റാന്വോഷണം, പട്രോളിങ്, വിഐപി സുരക്ഷ, ഗതാഗത നിയന്ത്രണം, എന്നിങ്ങനെ പൊലീസുകാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലധികമാണ് ജോലിഭാരം. ഇതില്‍ ചില ഉദ്യോഗസ്ഥരുടെ അനാവശ്യ സമ്മര്‍ദ്ദവും പീഡനവും കൂടിയാകുന്നതോടെ കാക്കിക്കുള്ളിലെ ഹൃദയങ്ങള്‍ വാടിപ്പോവുകയാണ്.

ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്നവരാണ് ഈ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ സ്‌റ്റേഷനുകളിലേക്ക് പോകാന്‍ പലരും തയ്യാറാകുന്നില്ല. ഇത്തരക്കാര്‍ പൊലീസ് ആസ്ഥാനത്തടക്കം ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് വര്‍ഷങ്ങളായി തുടരുകയാണ്. ഡിജിപിയുടെ റിസപ്ഷനിലും മെയിന്‍ റിസപ്ഷനിലും മാത്രമായി പണിയെടുക്കുന്നത് 13 ഓളം പൊലീസുകാരാണ്. 

ഇതിന് പുറമേ, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഹൈടെക് സെല്‍, സോഷ്യല്‍ മീഡിയ, കണ്‍ട്രോള്‍ റൂം, അന്വേഷണ വിഭാഗം, പെറ്റീഷന്‍ സെല്‍ എന്നിവിടങ്ങളിലായി വനിതകളടക്കം എഴുപതില്‍പരം പൊലീസുകാര്‍ പണിയെടുക്കുന്നു. ഇവരെ മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാതൃസേനയിലേക്ക് തിരിച്ചുവിളിക്കണമെന്നാണ്. എന്നാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ മടിച്ചിട്ട് പലരും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ അവിടങ്ങളില്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് നേരത്തെ പൊലീസ് ആസ്ഥാനം എഡിജിപിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയും എഐജിയായിരുന്ന രാഹുല്‍ ആര്‍ നായരും സംസ്ഥാന പൊലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. 

 

Editors Choice