"കേരളം പോലെ തന്നെയാവും തനിക്ക് മിസോറാമും"- നിയുക്ത ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ള

കോഴിക്കോട്: കേരളത്തെപ്പോലെ തന്നെയാണ് താന്‍ മിസോറാമിനേയും കാണുകയെന്ന് നിയുക്ത മിസോറാം ഗവര്‍ണ്ണര്‍ പി എസ്. ശ്രീധരന് പിള്ള. അരിയാഹാരം കഴിക്കുന്നവരാണ് അവിടുത്തെ ജനങ്ങള്‍. കേരളവും മിസോറാമുമായി സഹകരിപ്പിക്കുന്നതിനുള്ള സാദ്ധ്യതകള്‍ ആരായുമെന്നും ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുള്ള അവസരം കണ്ടെത്തുമെന്നും പിള്ള 'കേരളാ പോസ്റ്റി'ന് (http://thekeralapost.com) നല്കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.
"കേരള രാഷ്ട്രീയത്തില്‍ മുഴുകി നിന്ന തനിക്ക് രാഷ്ട്രീത്തിന്നതീതമായി സര്‍ക്കാര്‍ എല്പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. രാഷ്ട്രീയമായാലും ഭരണനിര്വ്വഹണമായാലും ജനസേവനമാണല്ലൊ. ജനങ്ങളാണ് എല്ലാറ്റിന്റെയും യജമാന്മാര്. മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് ജനാധിപത്യത്തിന്റെ അടിത്തറ. മൂല്യങ്ങള്‍ മറന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തിയും പാടില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം. അത് രാഷ്ട്രീയത്തിലായാലും പുതിയ ചുമതലയിലായും കാത്തു സൂക്ഷിക്കും"- ശ്രീധരന് പിളള പറഞ്ഞു.
തന്റെ 103ാംമത്തെ പുസ്തകത്തിന്റെ മിനുക്ക് പണിയിലാണ് ശ്രീധരൻ പിള്ള. 'ഉത്തരംതേടുമ്പോള്‍' എന്ന പേരില്‍ അടുത്ത് തന്നെ പ്രസിദ്ധരിക്കാന് പോകുന്ന ഈ ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍, അഭിമുഖങ്ങള്‍ , കാഴ്ചപ്പാടുകള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകവും നാടോടി വിജ്ഞാനവുമായി ബന്ധപ്പെട്ട് രചിച്ച 'അഞ്ജലി' എന്ന കൃതിയും കൂടി നവമ്പറില്‍ നടക്കുന്ന ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.