• 08 Jun 2023
  • 04: 55 PM
Latest News arrow

ഭീകരതയ്ക്ക് മതമുണ്ട്

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ 'ഷാര്‍ലി എബ്‌ദോ' വാരികയ്ക്കുനേരെ മുസ്‌ലിംകള്‍ക്കിടയിലെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പത്രാധിപരും പ്രസാധകനും മൂന്നു കാര്‍ട്ടൂണിസ്റ്റുകളും രണ്ടു പോലീസുകാരുമടക്കം 12 പേര്‍ കൊല്ലപ്പെട്ടു (2015 ജനുവരി 7).

'ഷാര്‍ലി എബ്‌ദോ' ഒരു ഹാസ്യവാരികയാണ്. 2011 നവംബറിലും 2012 നവംബറിലും ഈ പ്രസിദ്ധീകരണം മുഹമ്മദ് നബിയെ പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പുതിയ ലക്കത്തില്‍ 'ഇസ്ലാമിക് സ്‌റ്റേറ്റ്' എന്ന ഇറാഖി ഭീകരസംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ഉണ്ട് - വിമര്‍ശനത്തിലും പരിഹാസത്തിലും പ്രകോപിതരായി മുസ്ലിംകള്‍ക്കിടയിലെ ചില തീവ്രവാദികളാണ് ഈ അക്രമം കാണിച്ചത് എന്ന് വ്യക്തം.

ഇതില്‍ ഇസ്ലാം മതത്തിനോ മുസ്ലിംകള്‍ക്കോ വല്ല ഉത്തരവാദിത്തവും ഉണ്ടോ? ഒറ്റനോട്ടത്തില്‍ ഇല്ല. പക്ഷേ, ഇസ്ലാമിന്റെ പേരിലാണ് ചെയ്തത് എന്നതില്‍തന്നെ മുസ്ലിംകള്‍ ഇതിനെ തള്ളിപ്പറയണം. അവര്‍ ഇതിനെ വാക്കുകൊണ്ട് അനുകൂലിക്കുകയോ മൗനംകൊണ്ട് അനുവദിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്കിതില്‍ ഉത്തരവാദിത്തം വന്നുചേരും. 

നമ്മുടെ നാട്ടിലെ ഒരുദാഹരണം കാണിക്കാം- ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎമ്മിനുള്ള പങ്ക് വ്യക്തമായിക്കഴിഞ്ഞതാണ്. അതിനെ തള്ളിപ്പറയാത്ത ഏതു സിപിഎമ്മുകാരനും അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തത്തില്‍ പങ്കുകിട്ടും. അത് രാഷ്ട്രീയ കൊലപാതകം. ഇപ്പോള്‍ പാരീസില്‍ നടന്നത് മതകൊലപാതകം. ടിപി വധത്തില്‍ രാഷ്ട്രീയമുള്ളതുപോലെ ഇതില്‍ മതവുമുണ്ട്. 

ഇസ്ലാമിക സമൂഹം മുസ്ലിംകളായി പിറന്നവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളുടെയെല്ലാം അന്തസ്സ് പങ്കുവെക്കും എന്നുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന കെട്ടകാര്യങ്ങളുടെ അപമാനവും പങ്കുവെക്കണം. അതുപറ്റില്ല എന്നാണെങ്കില്‍ കെട്ട കാര്യങ്ങള്‍ തള്ളിപ്പറയണം.

വിശ്വാസികള്‍ ആലോചിക്കണം: മുന്നോനാലോ കാര്‍ട്ടൂണിസ്റ്റുകള്‍ ചിത്രം വരച്ചാല്‍ മുഹമ്മദ് നബിയെ പോലൊരു പ്രവാചകന്‍ അപമാനിതനാകുമോ? ആവും എന്നുവച്ചാല്‍ ചിത്രം വരച്ചവനെ കൊന്നാല്‍ അത് ഇല്ലാതാവുമോ? ആരാണ് പ്രവാചകനിന്ദ നടത്തിയത്- ചിത്രം വരച്ചവരോ ചിത്രം വരച്ചവരെ കൊന്നവരോ? ഒരു കാര്‍ട്ടൂണിസ്റ്റിനെ നേരിടാനുള്ള ശേഷിപോലും ഇല്ലാത്തതാണോ ഇസ്ലാമിക സംസ്‌കാരം? 

എന്തിനാ ഇങ്ങനെ ചിത്രം വരയ്ക്കുന്നതും വിമര്‍ശിക്കുന്നതും എന്നുചോദിക്കാം. ഒരു ജനാധിപത്യയുഗത്തില്‍ അതൊക്കെ സ്വാഭാവികം. അതൊക്കെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിഷയം. മറുചിത്രം വരയ്ക്കാന്‍ സന്ദര്‍ഭമുണ്ട്. ആളെ കൊല്ലുന്നതിന് ഒരര്‍ഥമേയുള്ളൂ- വിമര്‍ശനത്തിനൊന്നും മറുപടിയില്ല എന്നുമാത്രം.

മതവികാരം വ്രണപ്പെടുത്താമോ എന്നും ചോദ്യമുണ്ട്. വിമര്‍ശനത്തിലും പരിഹാസത്തിലും വികാരം വ്രണപ്പെടുകയല്ല. യുക്തിപൂര്‍വം മറുപടി പറയുകയാണ് വേണ്ടത്. മറ്റുള്ളവരാരും അന്യരുടെ മതവികാരം വ്രണപ്പെടു്ത്തുന്നില്ലല്ലോ എന്നു ചിലര്‍ പറഞ്ഞേക്കാം. അതു ശരിയല്ല. ബാബര്‍ പള്ളി പൊളിച്ച ഹിന്ദു തീവ്രവാദികളും ബാമിയാല്‍ കുന്നിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്ത മുസ്ലിം തീവ്രവാദികളും മറ്റു മതക്കാരുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ട്. 

മേലേ ഖണ്ഡികയില്‍ കണ്ടതുപോലെ, ഭീകരവാദത്തിന്റെ പണി വികാരം വ്രണപ്പെടുത്തി ഏകോപനം ഉണ്ടാക്കുകയാണ്. എല്ലാ പക്ഷത്തും മതമാണ് ഉപയോഗിക്കുന്നത്. മറ്റുള്ളവരിലധികവും മതത്തിന്റെ കണ്ണിലൂടെയാണ്, ജനാധിപത്യത്തിന്റെ കണ്ണിലൂടെയല്ല അതെല്ലാം നോക്കിക്കാണുന്നത്. അതുകൊണ്ടാണ് ഞാന്‍ ഭീകരവാദത്തിനു മതമുണ്ട് എന്നു പറയുന്നത്; അല്ലാതെ ഈ അക്രമങ്ങളെല്ലാം ഇസ്ലാമിന്റെ അധ്യാപനങ്ങളാണ് എന്ന അര്‍ഥത്തിലല്ല- ഇസ്ലാമിന്റെ അധ്യാപനമായിരുന്നെങ്കില്‍ 2000 കൊല്ലം പഴക്കമുള്ള ബുദ്ധപ്രതിമകള്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടാകുമായിരുന്നില്ലല്ലോ.

ഭീകരവാദത്തിന്റെ മതബന്ധം അപഗ്രഥിച്ചാല്‍മാത്രമേ ജനാധിപത്യം ഉപയോഗിച്ച് നമുക്കതിനെ ചികിത്സിക്കാന്‍ കഴിയൂ. അതാണ് യാഥാര്‍ഥ്യബോധം. മതത്തിന്റെ പേരില്‍ നടക്കുന്ന ഒരന്യായത്തെ മതത്തിന്റെ പേരില്‍തന്നെ അഹിംസാനിഷ്ഠമായി ചെറുക്കുന്ന ജനാധിപത്യമാണ് നമുക്ക് വേണ്ടത്.