• 09 Dec 2019
  • 02: 38 PM
Latest News arrow

ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്: തലശ്ശേരി സബ്കളക്ടര്‍ക്ക് ഒബിസി സംവരണത്തിന് യോഗ്യതയില്ല; അന്വേഷണ റിപ്പോര്‍ട്ട്

എറണാകുളം: ഐഐഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്ന പരാതിയില്‍ തലശ്ശേരി സബ്കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. ഒബിസി സംവരണ സര്‍ട്ടിഫിക്കറ്റിന് ആസിഫിന് യോഗ്യതയില്ലെന്ന് എറണാകളും കളക്ടര്‍ എസ് സുഹാസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കളക്ടര്‍ ചീഫ് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു.

ഒബിസി സംവരണത്തിലൂടെയാണ് ആസിഫ് കെ യൂസഫ്, ഐഎഎസും കേരള കേഡറും നേടിയത്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാനായി സമര്‍പ്പിച്ച സാമ്പത്തിക വിവരങ്ങളും വരുമാന സര്‍ട്ടിഫിക്കറ്റും തെറ്റാണെന്നാണ് പരാതി. ഈ പരാതിയിന്‍മേല്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ചീഫ് സെക്രട്ടറി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഐഎഎസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വര്‍ഷത്തെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒബിസി സംവരണം ലഭിക്കുക.

ആസിഫിന്റെ സര്‍ട്ടിഫിക്കറ്റില്‍ 2013 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലെ വാര്‍ഷിക വരുമാനം 2,40,000 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് 28 ലക്ഷം രൂപ വരെയാണെന്ന് അന്വോഷണത്തില്‍ തെളിഞ്ഞു. അതിന് ആസിഫിന് സംവരണത്തില്‍ അര്‍ഹതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയമാണ് ഇനി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.