• 09 Dec 2019
  • 02: 37 PM
Latest News arrow

ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം; ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: കെഎസ്‌യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നിട്ടും സഹകരിക്കാന്‍ പ്രതിപക്ഷം കൂട്ടാക്കിയില്ല. ഇത് വകവെയ്ക്കാതെ സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുമ്പോട്ടുപോയി. ഇതോടെ തങ്ങള്‍ ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോുകയായിരുന്നു. 

 
പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കാനിരിക്കെയാണ് പ്രതിപക്ഷം വീണ്ടും സഭ പ്രക്ഷുബ്ദമാക്കിയത്. ഇന്നലെയും സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിപക്ഷത്തെ നാല് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. ഇത് സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ ഇന്ന് നടപടിയുണ്ടാകും.