• 09 Dec 2019
  • 12: 27 PM
Latest News arrow

''പാമ്പുകടിച്ചതാണെന്ന് ഷഹല പറഞ്ഞു, എന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ല''; രോഷത്തോടെ സഹപാഠികളും നാട്ടുകാരും

അധ്യാപകന് സസ്‌പെന്‍ഷന്‍

ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ് ല ഷെറിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ക്ലാസ് മുറിയില്‍ നിന്നും പാമ്പുകടിയേറ്റ കുട്ടിയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാണിച്ചതായാണ് സഹപാഠികള്‍ ആരോപിക്കുന്നത്. പാമ്പ് കൊത്തിയെന്ന് അറിഞ്ഞിട്ടും ഒരു മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചു. ഷഹലയുടെ കാലില്‍ പാമ്പ് കൊത്തിയ പാട് കണ്ടുവെന്ന് സഹപാഠികള്‍ ചൂണ്ടിക്കാണിച്ചിട്ട് പോലും അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ല. വിദ്യാര്‍ത്ഥികളുടെ ആരോപണത്തെത്തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകന്‍ സജിനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌കൂളിലെ ഡിഇഒയ്‌ക്കെതിരെ നാട്ടുകാരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

'' ടീച്ചര്‍ നാല് ഗ്രൂപ്പായിട്ട് നിര്‍ത്തിയിരിക്കുകയായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്നു ഷഹല. അവള് ആ പൊത്തിന്റെ അടുത്ത് കാല് വെച്ച് പോയി. പാമ്പ് വന്ന് കൊത്തി. അവള്‍ക്ക് അത് മനസ്സിലായില്ല. രണ്ട് കുത്ത് കാലില്‍ കണ്ടപ്പോ എനിക്ക് മനസ്സിലായി. അപ്പോ ഞാന്‍ ടീച്ചറോട് പറഞ്ഞു, പാമ്പ് കുത്തിയതാ ടീച്ചറേ വേഗം ആശുപത്രിയില്‍ കൊണ്ടുപോവണം എന്ന്. അപ്പം ക്ലാസിലേക്ക് വന്ന ഷജിന്‍ സാറ് പറഞ്ഞു. ഇപ്പോ കൊണ്ടുപോണ്ട, അവളുടെ അച്ഛന്‍ വന്നിട്ട് കൊണ്ടുപോയ്‌ക്കൊള്ളും എന്ന്. കുറച്ച് കഴിഞ്ഞപ്പളാ അവളുടെ കാലില് നീലക്കളറ് കണ്ടത്. അപ്പോഴാ അവളുടെ അച്ഛന്‍ വന്ന്. ഒരു മണിക്കൂറ് കഴിഞ്ഞപ്പോഴാ അച്ഛന്‍ വന്നത്. എന്നിട്ടും സാറ് പഠിപ്പിക്കുവായിരുന്നു.'' ഷഹലയുടെ സഹപാഠി പറഞ്ഞു. 

ഒരു അധ്യാപിക ഷഹലയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാന അധ്യാപകന്‍ നിരസിച്ചു. തുടര്‍ന്ന് ആ അധ്യാപിക സ്‌കൂള്‍ വിട്ട് ഇറങ്ങിപ്പോയെന്നും സഹപാഠികള്‍ പറയുന്നു. 

ക്ലാസ് മുറികളില്‍ ചെരുപ്പിട്ട് കയറാന്‍ പോലും സ്‌കൂള്‍ അധികൃതരും അധ്യാപകരും വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല. ''ക്ലാസ് മുറികളിലൊക്കെ മാളങ്ങളാണ്. സ്‌കൂളിന് ചുറ്റും കാടാണ്. എന്നിട്ടും ക്ലാസില്‍ വിദ്യാര്‍ത്ഥികളെ ചെരുപ്പിടാന്‍ അനുവദിച്ചിരുന്നില്ല. അധ്യാപകര്‍ക്ക് മാത്രമാണ് ചെരിപ്പ് ധരിക്കാന്‍ അനുവാദമുള്ളൂ. മീന്‍ വളര്‍ത്താനാണെന്നും പറഞ്ഞ് സ്‌കൂളിന്റെ ഒരു ഭാഗത്ത് ഒരു കുളം നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ ഇപ്പോള്‍ കൊതുകാണ് വളരുന്നത്. കറുത്ത നിറത്തിലുള്ള വെള്ളമാണതില്‍.'' ഒരു രക്ഷിതാവ് ആരോപിക്കുന്നു. 

എന്നാല്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. ''മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുപോയിട്ടുണ്ട്. 04.09ന് അവിടെ നിന്ന് താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. അവിടെ അഞ്ച് മണി വരെ ചികിത്സ കിട്ടാന്‍ വൈകി. ജൂനിയര്‍ ഡോക്ടര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെയാണ് ചികിത്സ വൈകിയത്. രക്ത പരിശോധന കഴിഞ്ഞ് ഫലം കിട്ടാന്‍ കാത്തു നില്‍ക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അതിനിടയിലാണ് കുട്ടി മരിച്ചത്'' എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.