• 03 Aug 2020
  • 08: 50 PM
Latest News arrow

ഇഫിയിൽ ലിജോ ജോസ് പെല്ലിശ്ശേരിക്ക് രജത മയൂരത്തിന്റെ രണ്ടാമൂഴം; സുവർണ്ണ മയൂരം നേടി 'പാർട്ടിക്കിൾസ്'; സ്യു ജോർജ്ജ് മികച്ച നടൻ; ഉഷ ജാദവ് മികച്ച നടി

പഞ്ചിം (ഗോവ): ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) സുവർണ്ണ ജൂബിലി എഡിഷനിൽ  വീണ്ടും മലയാളത്തിന്  രജത മയൂരത്തിന്റെ തിളക്കം. രണ്ടാം തവണയും ലിജോ ജോസ് പെല്ലിശ്ശേരി മേളയിൽ തിളങ്ങി. അദ്ദേഹത്തിന്റെ 'ജല്ലിക്കട്ട്'  മികച്ച സംവിധായകനുള്ള രജത മയൂരം നേടി. കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ' മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങൾ നേടിയിരുന്നു.

മികച്ച ചിത്രത്തിനുള്ള സുവർണ്ണ മയൂരം ഫ്രാൻസ് - സ്വിറ്റ്‌സർലൻഡ് കോ-പ്രൊഡക്ഷൻ ആയ 'പാർട്ടിക്കിൾസ്' നേടി.  'മാരിഗെല്ലാ'  എന്ന ബ്രസീലിയൻ ചലച്ചിത്രത്തിലെ അഭിനയത്തിന്  സ്യു ജോർജ്ജ്  മികച്ച നടനുള്ള രജത മയൂരം നേടി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന്  ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത 'മായി ഘട്ട്: ക്രൈം നമ്പർ.103/2005' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിലൂടെ  ഉഷ ജാദവ് അർഹയായി.

പേമ സെദാൻ സംവിധാനം ചെയ്ത ചൈനയിൽ നിന്നുള്ള 'ബലൂൺ' ജൂറിയുടെ പ്രത്യക പരാമർശത്തിന് അർഹനായി.  

മാരിയസ് ഒലേറ്റിനോ  സംവിധാനം ചെയ്ത    റൊമാനിയൻ ചലച്ചിത്രമായ 'മോൺസ്റ്റേഴ്‌സ്',  അമിൻ സിദ്ദി  ബൊമെനിൻ  സംവിധാനം ചെയ്ത  'അബൂ ലൈല' എന്നെ ചലച്ചിത്രങ്ങൾ  മികച്ച നവാഗതപ്രതിഭയ്ക്കുള്ള  രജത മയൂരം നേടി. 'ഹെല്ലാരോ' സംവിധാനം ചെയ്ത അഭിഷേക് ഷാ നവാഗതനുള്ള  പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. 

റിക്കാർഡോ സാൽവെട്ടി സംവിധാനം ചെയ്ത ഇറ്റാലിയൻ ചിത്രം ‘റുവാണ്ട’ ഇന്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ, ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷൻ, പാരീസ്, യുനെസ്കോ എന്നിവ സ്ഥാപിച്ച ഐസിഎഫ്ടി –യുനെസ്കോ ഗാന്ധി മെഡൽ നേടി. ഫ്രഞ്ച് കലാകാരൻ പിയറി-യെവ്സ് ട്രെമോയിസ് കൊത്തിയ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം ഈ മെഡലിൽ ഉണ്ട്.

സഞ്ജയ് പി. സിംഗ് ചൗഹാൻ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയായ 'ബഹത്തർ ഹൂറൈൻ' ഐസിഎഫ്ടി-യുനെസ്കോ ഗാന്ധി മെഡൽ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി.

ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്, ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത  'മായി ഘട്ട്: ക്രൈം നമ്പർ.103/2005' എന്നീ ചിത്രങ്ങളായിരുന്നു  ഇന്ത്യയുടെ എൻട്രിയായി മത്സരവിഭാഗത്തിലുണ്ടായിരുന്നത്.  'പാർട്ടിക്കിൾസിന് പുറമെ ചൈനയിൽ നിന്നുള്ള 'ബലൂൺ' (പേമ സെദെൻ), തുർക്കിയിൽ നിന്നുള്ള 'ക്രോണോളജി ( അലി അയ്ഡിൻ), ഓസ്ട്രിയയിൽ നിന്നുള്ള 'ലില്ലിയൻ' (ആൻഡ്രീസ് ഹോർവത്ത്), ബ്രസീലിൽ നിന്നുള്ള 'മരിഗെല്ല' (വാഗ്‌നർ മോറ), നോർവേ-സ്വീഡൻ-ഡെൻമാർക്ക്‌ കോ-പ്രൊഡക്ഷനായ 'ഔട്ട് സ്റ്റീലിങ് ഹോഴ്സസ്' ( ഹാൻസ് പെറ്റർ മോളണ്ട്),  സ്ലോവേനിയയിൽ നിന്നുള്ള 'സ്റ്റോറീസ് ഫ്രം ദ ചെസ്റ്റ്നട്ട് വുഡ്‌സ്' (ഗ്രിഗർ ബോസിക്), ഇന്തോനേഷ്യ-മലേഷ്യ-ഫ്രാൻസ് കോ-പ്രൊഡക്ഷനായ 'ദ സയൻസ് ഓഫ് ഫിക്ഷൻസ്' (യോസേപ്പ് ആംഗി നോൺ), മംഗോളിയയിൽ നിന്നുള്ള 'സ്റ്റീഡ്' (എർഡൻഎബിലെഗ് ഗാൻബോൾഡ്), ഹംഗറിയിൽ നിന്നുള്ള 'കേപ്റ്റീവ്സ്' (ക്രിസ്റ്റോഫ് ഡീക്), ഫിലിപ്പൈൻസിൽ നിന്നുള്ള 'വാച്ച് ലിസ്റ്റ്' ( ബെൻ രേഖി), കാനഡയിൽ നിന്നുള്ള 'ആന്റിഗണി' (സോഫി ഡെറാസ്പെ), ഇറാൻ-ചെക്ക് റിപ്പബ്ലിക്ക് കോ-പ്രൊഡക്ഷനായ 'സൺ-മദർ' ( മഹ്‌നാസ് മൊഹമ്മദി) എന്നിവയും സുവർണ്ണ മയൂരത്തിന് മത്സരിച്ചു. 

ജോൺ ബെയ്‌ലി, അദ്ധ്യക്ഷനായ ഇന്റർനാഷണൽ ജൂറിയിൽ റോബിൻ കാംപിലോ, ഴാങ് യാങ്, ലിൻ റാംസെ, രമേഷ് സിപ്പി എന്നിവർ അംഗങ്ങളായിരുന്നു. 

176 രാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറോളം  സിനിമകളാണ്എട്ടുദിവസത്തെ മേളയിൽ പ്രദര്‍ശിപ്പിച്ചത്. 

റഷ്യയായിരുന്നു  ഇത്തവണത്തെ Country Focus. റഷ്യൻ ഭാഷയിലുള്ള 8 ചലച്ചിത്രങ്ങൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

26 ഫീച്ചർ സിനിമകളും 15 നോൺ-ഫീച്ചർ സിനിമകളും ഇന്ത്യൻ പനോരമ സെക്ഷനിൽ പ്രദർശിപ്പിച്ചു . ടി.കെ. രാജീവ് കുമാറിന്റെ 'കോളാമ്പി', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്', മനു അശോകന്റെ 'ഉയരെ' എന്നിവയാണ്  പനോരമയിൽ പ്രദർശിപ്പിച്ച മലയാളഭാഷാ ചലച്ചിത്രങ്ങൾ. ഇതിൽ 'ജല്ലിക്കെട്ട്' മേളയിലെ   മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണ്ണമയൂരത്തിനായും 'ഉയരെ' എന്ന ചിത്രം മികച്ച കന്നി സംവിധായകനുള്ള സെന്റിനറി അവാർഡിനുള്ള മത്സരവിഭാഗത്തിലും കൂടി പ്രദർശിപ്പിച്ചു. 

വർണ്ണാഭമായ സമാപചടങ്ങുകൾക്ക്  ശേഷം ഇറാനിയൻ മാസ്റ്റർ ഡയറക്‌ടർ മൊഹ്‌സിൻ മക്മൽബഫ് ആദ്യമായി ഇറ്റാലിയൻ ഭാഷയിൽ സംവിധാനം ചെയ്ത 'മാർഗെ ആൻഡ് ഹെർ മദർ' (Marghe and her mother) പ്രദർശിപ്പിച്ചു. വാടക കൊടുക്കാൻ കഴിയാതെ വീട്ടിൽനിന്നും കുടിയിറക്കപ്പെടുന്ന ക്ലോഡിയ ആറു വയസ്സുള്ള മകൾ മാർഗെയെ തൊട്ടയൽപക്കത്തുള്ള വൃദ്ധയായ കത്തോലിക്കാസ്ത്രീയെ ഏൽപ്പിച്ച് ജോലിയന്വേഷിച്ച് പോകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിന്റെ നിർമ്മാണവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നത്  മൊഹ്‌സിൻ മക്മൽബഫിന്റെ മകനായ മേസം മക്മൽബഫ് ആണ്. പുതിയ തലമുറയിലെ ഇറാനിയൻ  സംവിധായികകളായ ഹനാ മക്മൽബഫിന്റെയും സമീറാ മക്മൽബഫിന്റെയും സഹോദരനാണ് മേസം മക്മൽബഫ്.

Editors Choice