• 19 Sep 2020
  • 06: 51 PM
Latest News arrow

ദൂരൂഹതയുടെ മറ പറ്റി കമല

കമല ആരാണ്... കമല എന്ന സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയത് മുതല്‍ ഉയരുന്ന ചോദ്യമാണ്. ആ ഒറ്റ ലൈന്‍ ചോദ്യത്തില്‍ തന്നെ പെരുപ്പിച്ചെടുത്ത സിനിമയാണ് കമല. കമലയെ ദുരൂഹതയോടെ അവതരിപ്പിക്കുന്നു, അവളാരെന്ന് തേടിപ്പോകുന്നു. അതില്‍ ചില രാഷ്ട്രീയം കൂടി ഉള്‍പ്പെടുത്തുന്നു. ഇത്രയുമാണ് കമല എന്ന സിനിമ. 

ദുരൂഹതയാണ് ചിത്രത്തിന്റെ ആദ്യ പകുതി മുഴുവനും. കമല ആരെന്ന ദുരൂഹത. രണ്ടാം പകുതിയാകട്ടെ ആ ദുരൂഹത അഴിക്കാനുള്ള ശ്രമവും. സഫര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ (അജു വര്‍ഗീസ്) രവി എന്ന മുതലാളിക്ക് റിസോര്‍ട്ട് പണിയാനായി ആദിവാസി ഭൂമി വാങ്ങി കൊടുക്കുവാന്‍ ഒരു കാട്ടുപ്രദേശത്തേയ്ക്ക് എത്തിയിരിക്കുകയാണ്. ആദിവാസികള്‍ക്ക് പണമൊക്കെ കൊടുത്ത് എല്ലാം തയ്യാറായി. ഇനി രജിസ്‌ട്രേഷന്‍ മാത്രമേ വേണ്ടൂ. അതിനായി സഫറിന്റെ മുതലാളിമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ കമല എന്ന യുവതി സഫറിന്റെയടുത്ത് എത്തുന്നു. വാഹനത്തിന്റെ ബ്രോക്കര്‍ പണിയുമുള്ള സഫറിന്റെ പക്കല്‍ നിന്നും കൂപ്പര്‍ കാര്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാണ് അവള്‍ എത്തുന്നത്. ഒരു കോള്‍ ഗേളിന്റെ എല്ലാ പെരുമാറ്റങ്ങളും കമലയ്ക്കുണ്ട്. അവളില്‍ ആകൃഷ്ടനായി ലാന്‍ഡ് രജിസ്‌ട്രേഷന് പോകാതെ അവളോടൊപ്പം സമയം ചെലവഴിക്കുകയാണ് സഫര്‍.  

ഇങ്ങിനെയാണ് സിനിമ തുടങ്ങുക... തുടര്‍ന്നങ്ങോട്ട് തന്റെ പെരുമാറ്റങ്ങളിലൂടെയും ഭാവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും സഫറിനും പ്രേക്ഷകര്‍ക്കും പിടി തരാതെ ദുരൂഹത നിറയ്ക്കുകയാണ് കമല. കമല ശരിക്കും ആരാണ്? സഫറിന്റെ ആദിവാസി ഭൂമി ഇടപാട് നടക്കാതിരിക്കാന്‍ എതിരാളികള്‍ അയച്ചതാണോ കമലയെ? അതോ ആദിവാസികളുടെ ഭൂമി സംരക്ഷിക്കാന്‍ നടക്കുന്നവരില്‍ പെട്ടവളാണോ? ഇത്തരം ചോദ്യങ്ങള്‍ എറിഞ്ഞാണ് സിനിമ ആദ്യ പകുതിയ്ക്ക് വിരാമമിടുന്നത്. 

രണ്ടാം പകുതിയില്‍ കമല ആരെന്ന് കണ്ടെത്താനുള്ള, അല്ലെങ്കില്‍ ഇതുവരെ കണ്ട ദുരൂഹത അഴിക്കാനുള്ള ശ്രമമായിരുന്നു. അതു പക്ഷേ പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തി എന്ന് പറയാന്‍ സാധിക്കില്ല. ദുരൂഹത വെളിപ്പെട്ടപ്പോള്‍ കണ്ട കഥ തരക്കേടില്ലായിരുന്നു. എന്നാല്‍ ദുരൂഹത അഴിച്ച രീതിയാണ് ഏശാതെ പോയത്. ഒരു ദുരൂഹത അഴിച്ചു സത്യം വെളിപ്പെടുമ്പോള്‍ ഉണ്ടാകേണ്ടത് 'ഹോ.. എന്താല്ലേ' എന്ന മട്ടിലുള്ള അത്ഭുതവും ആശ്വാസവുമാണ്. ഇവിടെ ഉണ്ടാകുന്നത് 'ആ ഒക്കെ, ഇത്രയുള്ളോ' എന്ന മട്ടിലുള്ള നിസ്സാരതയാണ്. ഒരു സ്പൂണ്‍ ഫീഡിങ് പോലെ വായിലേക്ക് തിരുകിക്കയറ്റിയ പ്രതീതി. ദുരൂഹതയെ വിശദീകരിച്ച് കുളമാക്കി എന്ന് പറഞ്ഞാല്‍ മതിയാകും. അതുകൊണ്ട് സിനിമ കണ്ടു കഴിയുമ്പോള്‍ ഒരു തൃപ്തിക്കുറവ് അനുഭവപ്പെടുന്നുണ്ട്. 

അതേസമയം ഗൗരവമേറിയ പല കാര്യങ്ങളും ചിത്രം വിഷയമാക്കിയിട്ടുണ്ട്. ആദിവാസി ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ പണിയുന്നത്, മാവോയിസ്‌റ് വേട്ട തുടങ്ങിയ വിഷയങ്ങള്‍ സിനിമ അവതരിപ്പിക്കുന്നു. ഒപ്പം ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശക്തി അവള്‍ പെണ്ണാണ് എന്നതാണെന്ന് കമല പറയുകയും കാണിച്ചു തരികയും ചെയ്യുന്നു. ഒരു പെണ്ണിന്റെ ശക്തിപ്രകടനം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ശരീരത്തിന്റെ കരുത്തല്ല, മന:ക്കരുത്തുകൊണ്ട് ആഗ്രഹിക്കുന്ന എന്തും സാധിച്ചെടുക്കുന്ന ഒരു പെണ്ണിനെ കമലയില്‍ കാണാന്‍ സാധിക്കും. 

തമാശ മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അജു വര്‍ഗീസ് തെളിയിച്ചു. കമലയുമായുള്ള കാമാര്‍ദ്രമായ സംസാരങ്ങളിലെല്ലാം ഇത് വരെ പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത പ്രകടനമാണ് അജു നടത്തിയത്. ഹെലന്‍ എന്ന സിനിമയില്‍ നീചനായ പൊലീസുകാരനെ അവതരിപ്പിച്ച അജുവിന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു ഭാവപ്രകടനം കമലയില്‍ കാണാം. കമലയെ അവതരിപ്പിച്ച റൂഹാനി ശര്‍മ്മയുടെ ഭാവങ്ങള്‍ കമലയ്ക്ക് ജീവന്‍ പകരുന്നത് തന്നെയായിരുന്നു. എങ്കിലും മലയാളിയായ കഥാപാത്രത്തെ മലയാളിയല്ലാത്ത നടി അവതരിപ്പിക്കുമ്പോഴുള്ള പോരായ്മകള്‍, ചുണ്ടനക്കം, ഉള്‍പ്പെടെ എടുത്തു കാണാനുമുണ്ടായിരുന്നു.

മറ്റു ഘടകങ്ങളില്‍ സിനിമ മികച്ചു തന്നെ നിന്നു. പ്രത്യേകിച്ച് ഛായാഗ്രഹണം. കാടും കാട്ടുവഴികളും പുഴയും തടാകവും അതിന്റെ ഓരത്തെ റിസോര്‍ട്ടും എല്ലാം ഷെഹ്നാദ് ജെലാല്‍ അതിമനോഹരമായി പകര്‍ത്തി. കഥയില്‍ ദുരൂഹതയുടെ ശബ്ദവീചികള്‍ കലര്‍ത്തിത്തന്ന ആനന്ദ് മദുസൂദനന്‍ തന്റെ മികവ് പ്രകടമാക്കി. 

സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള 'പാസഞ്ചര്‍' എന്ന ചിത്രത്തിന് ശേഷം അദ്ദേഹം തയ്യാറാക്കിയ ത്രില്ലര്‍, സസ്‌പെന്‍സ് ചിത്രമായ കമല, ഒരു പരിധി വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ആദ്യ പകുതിയില്‍ പ്രേക്ഷകരെ സംശയമുനയില്‍ നിര്‍ത്താന്‍ സാധിച്ച രഞ്ജിത്ത്, രണ്ടാം പകുതിയിലെ തിരക്കഥയില്‍ നല്ലപോലെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു മികച്ച സിനിമയായി കമല മാറിയേനേ.