നായ 'കടുവ'യായി, കുരങ്ങന്മാര് വാലുംപൊക്കി ഓടി; ആശ്വാസത്തോടെ കര്ഷകന്

ശിവമോഗ: പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ തുരത്താന്‍, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പറ്റാതെ വന്ന കര്‍ഷകന്റെ പുതിയ അടവ് വന്‍ വിജയമായി. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്ഷകന് പരീക്ഷിച്ച വ്യത്യസ്തവും കൗതുകവുമുള്ള ആശയമാണ് അവസാനം അദ്ദേഹത്തിന് തുണയായത്.
എളുപ്പം പറ്റിക്കാന്‍ സാധിക്കുന്നവരാണ് കുരങ്ങന്മാരെന്ന ധാരണ, തൊപ്പിക്കച്ചവടക്കാരന്റെ കഥ കേട്ടവര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ശ്രീകാന്ത് ഗൗഡ അത് തെളിയിച്ചു തന്നു. ലാബ്രഡോര്‍ വിഭാഗത്തില്‍ പെടുന്ന തന്റെ നായയെ കടുവയുടേത് പോലെ ചായമടിച്ച് കുരങ്ങന്മാരെ പറ്റിയ്ക്കാനായിരുന്നു ശ്രീകാന്ത് ഗൗഡയുടെ പദ്ധതി. തന്റെ പദ്ധതി വിജയിക്കുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് തന്നെ ഉറപ്പില്ലായിരുന്നു. എങ്കിലും മറ്റു മാര്‍ഗങ്ങളൊന്നുമില്ലാതെ അദ്ദേഹം തന്റെ ബുള്‍ബുള്‍ എന്ന് വിളിക്കുന്ന വളര്‍ത്തുനായയെ കടവയുടെ ചായം പൂശി കൃഷിയിടത്തിലേക്കിറക്കി.
രാവിലെയും വൈകിട്ടും ശ്രീകാന്ത്, ബുള്‍ബുളുമായി പാടത്തേയ്ക്ക് പോകും. ബുള്‍ബുളിനെ ദൂരെ നിന്ന് കാണുമ്പോഴേ കുരങ്ങന്മാര് പരക്കംപായും. ഇത് സ്ഥിരമാക്കിയതോടെ ഇപ്പോള്‍ കുരങ്ങന്മാര് വയലില്‍ കടന്ന് വിള നശിപ്പിക്കുന്ന ശീലം പൂര്‍ണമായും നിര്‍ത്തിയെന്ന് ശ്രീകാന്ത് പറയുന്നു.
കുരങ്ങന്മാരെ ഓടിക്കാന്‍ ശ്രീകാന്ത് നേരത്തെ കടുവകളുടെ രൂപത്തിലുള്ള പാവകള്‍ വാങ്ങി വയലുകളുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ വെയിലേറ്റ് പാവകളുടെ നിറം മങ്ങിത്തുടങ്ങിയതോടെ കുരങ്ങന്മാര് വീണ്ടും വിളകള്‍ നശിപ്പിക്കാനെത്തി. ഇതോടെയാണ് മറ്റെന്ത് മാര്‍ഗമെന്ന് ശ്രീകാന്ത് ആലോചിച്ചത്.
എന്തായാലും തന്റെ 53 ഏക്കറോളം വരുന്ന കൃഷിയിടം കുരങ്ങന്മാരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ഈ കൃഷിക്കാരന്. ശ്രീകാന്തിന്റെ പരിപാടി വിജയം കണ്ടതോടെ ഗ്രാമവാസികളില്‍ പലരും തങ്ങളുടെ വളര്‍ത്തുനായകളെ ചായം പൂശി കടുവകളെപ്പോലെയാക്കിയിരിക്കുകയാണ്.