• 27 Jul 2021
  • 08: 05 AM
Latest News arrow

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള വെള്ളിയാഴ്ച മുതൽ; 'പാസ്‌ഡ്‌ ബൈ സെൻസർ' ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് വെള്ളിയാഴ്ച തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. നിശാഗന്ധിയിൽ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥി ആകും. ചടങ്ങിൽ മലയാളത്തിന്റെ പ്രിയനായിക ശാരദയെ ആദരിക്കും ഫെസ്റ്റിവൽ ഹാൻഡ് ബുക്ക് ഡോ .ശശി തരൂർ എം പി മേയർ കെ.ശ്രീകുമാറിന് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ  വി കെ പ്രശാന്ത് എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിനു നൽകിയും പ്രകാശിപ്പിക്കും. കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, കെ ടി ഡി സി ചെയർമാൻ എം വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.

തുടർന്ന്  'പാസ്‌ഡ്‌ ബൈ സെൻസർ' പ്രദർശിപ്പിക്കും. ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ഒരു ജയിൽ ജീവനക്കാരന് ലഭിക്കുന്ന കത്തും അതെഴുതിയ വനിതയോട് ഉണ്ടാകുന്ന അടുപ്പവും തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം.

12,000 ലധികം ഡെലിഗേറ്റുകളെയും സിനിമാപ്രവർത്തകരെയും ചലച്ചിത്രപ്രേമികളെയും വരവേൽക്കാൻ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞു .പ്രധാന വേദിയായ ടാഗോർ തിയേറ്ററടക്കം14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനില്ക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്.

വിവിധ തിയേറ്ററുകളിലായി 8,998 സീറ്റുകളാണ് മേളയ്‌ക്കായി സജ്ജമാക്കിയിട്ടുള്ളത്. 3500 സീറ്റുകൾ ഉള്ള ഓപ്പൺ തിയേറ്റർ ആയ നിശാഗന്ധിയാണ്‌ ഏറ്റവും വലിയ പ്രദർശന വേദി. മിഡ്‌നെറ്റ് സ്ക്രീനിങ് ചിത്രമായ 'ഡോർലോക്ക്' ഉൾപ്പടെ പ്രധാന ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. മേളയുടെ നാലാം ദിനം രാത്രി 12 മണിക്കാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം നടക്കുക. 

ടാഗോറിൽ 900 ലധികം സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൈരളി, ശ്രീ, നിള എന്നിവയിലായി 1013 സീറ്റുകളും കലാഭവനിൽ  410 സീറ്റുകളും ലഭ്യമാകും.സിനിമകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, ഓൺലൈൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.റിസർവേഷൻ സീറ്റുകളിലെ പ്രവേശനത്തിന് ശേഷമേ മറ്റു പ്രതിനിധികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

ക്യൂ നില്കാതെ തന്നെ ഭിന്നശേഷിക്കാർക്കും എഴുപത്  കഴിഞ്ഞവർക്കും തിയേറ്ററുകളിൽ പ്രവേശനം ലഭിക്കും. ഭിന്നശേഷിക്കാർക്കായി തിയേറ്ററുകളിൽ റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി 250 ഓളം വനിതാ വോളന്റിയർമാരുടെ സേവനവും ലഭ്യമാകും. പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റിക്കും ചലച്ചിത്ര അക്കാഡമി രൂപം നൽകിയിട്ടുണ്ട്. ഒഴിവുള്ള പാസുകൾക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്.1500 രൂപയാണ് എല്ലാ വിഭാഗങ്ങൾക്കും രജിസ്ട്രേഷൻ ഫീസായി ഈടാക്കുന്നത്.

കേരള രാജ്യാന്തര ചലച്ചിത്രമേള 53 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ മൂന്ന്  ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്.  മത്സരവിഭാഗത്തിലെ ഒൻപത് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് നടക്കുന്നത്. മത്സരവിഭാഗത്തിലെ മലയാള സാന്നിദ്ധ്യമായ  'വൃത്താകൃതിയിലുള്ള ചതുരം', മലയാള സിനിമ ഇന്നിൽ പ്രദർശിപ്പിക്കുന്ന 'സൈലന്‍സര്‍' എന്നീ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിന് ചലച്ചിത്രമേള വേദിയാകും.ലോക സിനിമാ വിഭാഗത്തിലെ ഇറാനിയന്‍ ചിത്രം 'ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി'യുടെയും ലോകത്തിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

ഇസ്രായേല്‍ അധിനിവേശം പ്രമേയമാക്കി അഹമ്മദ്  ഗോസൈൻ ഒരുക്കിയ ‘ഓൾ ദിസ് വിക്ടറി’, ബോറിസ് ലോജ്‌കൈന്റെ ആഫ്രിക്കൻ ചിത്രം 'കാമിൽ', മൈക്കിൾ ഇദൊവിന്റെ റഷ്യൻ ചിത്രമായ 'ദി ഹ്യൂമറിസ്റ്റ്', യാങ് പിങ്ഡോയുടെ ചൈനീസ് ചിത്രം 'മൈ ഡിയർ ഫ്രണ്ട്' , ഹിലാൽ ബെയ്ദറോവ്  സംവിധാനം ഓസ്ട്രിയൻ ചിത്രം 'വെൻ  ദി പെർസിമ്മൺസ് ഗ്രോ',ഡൊമിനിക്കൻ റിപ്പബ്ലിക് ചിത്രമായ  'ദി പ്രൊജക്ഷനിസ്റ്റ്' ,ഒരു ബാലെ നർത്തകിയുടെ ജീവിതം പ്രമേയമാക്കിയ ബ്രസീലിയൻ ചിത്രം 'പാക്കരറ്റ്', കാന്‍ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെ വിവിധ രാജ്യാന്തര ചലച്ചിത്രമേളകളിൽ  പ്രദർശിപ്പിച്ച  'അവർ മദേഴ്‌സ്' എന്നിവയാണ് മത്സരവിഭാഗത്തില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്ന മറ്റു ചിത്രങ്ങൾ.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 40 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയായും ഇത്തവണത്തെ ചലച്ചിത്രമേള മാറും. പ്രത്യേക വിഭാഗമായ മിഡ് നൈറ്റ് സ്‌ക്രീനിങ്ങിൽ പ്രദർശിപ്പിക്കുന്ന കൊറിയൻ ചിത്രം 'ഡോർ ലോക്ക്',  ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലെ അതാനുഘോഷിന്റെ 'വിത്ത് ഔട്ട് സ്ട്രിംഗ്സ്' എന്നീ ചിത്രങ്ങളുടേയും ആദ്യ പ്രദർശനമാണ് മേളയിലേത്.

ഇത്തവണത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയ ‘പാരസൈറ്റ്’എന്ന ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ദക്ഷിണ കൊറിയന്‍ ചിത്രം സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ് ചർച്ച ചെയ്യുന്നത്. ബോങ് ജൂന്‍ ഹോവാണ് ഈ  കോമിക് ത്രില്ലര്‍ സിനിമയുടെ സംവിധായകന്‍.

ദരിദ്രരായ കിം കുടുംബത്തിലെ അംഗത്തിന് സമ്പന്ന കുടുബത്തിൽ ജോലി ചെയ്യാൻ ലഭിക്കുന്ന അവസരം ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും പരാന്നഭോജികളായ കിം കുടുബം നടത്തുന്ന ഒരു കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രമേയം. ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യവും ചിത്രം ചർച്ച ചെയ്യുന്നു.

കൊറിയന്‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയിലൂടെ വികസിക്കുന്ന ഈ ചിത്രം ഇതിനകം പതിനഞ്ചോളം രാജ്യാന്തര മേളകളിൽ പുരസ്ക്കാരം നേടി. 2019 മേയിൽ പുറത്തിറങ്ങിയ ചിത്രം കൊറിയയിൽ  വലിയ ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിട്ടുണ്ട്.

കണ്ടമ്പററി മാസ്‌റ്റേഴ്സ് ഇന്‍ ഫോക്കസില്‍ സ്വീഡ്വീഷ് സംവിധായകന്‍ റോയ് ആന്‍ഡേഴ്സനും ഫ്രഞ്ച് സംവിധായകന്‍ ടോണി ഗാറ്റ്‌ലിഫും സംവിധാനം ചെയ്ത ഏഴ് ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും.

ആറു ദശാബ്ദത്തിനിടെ ആറു ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത റോയ് ആന്‍ഡേഴ്സന്റെ 'എബൌട്ട് എന്‍ഡ്‌ലെസ്സ്‌നസ്സ്', 'എ പീജിയന്‍ സാറ്റ് ഓണ്‍ എ ബ്രാഞ്ച് റിഫ്‌ലക്റ്റിംഗ് ഓണ്‍ എക്‌സിസ്റ്റന്‍സ്', 'യു ദ ലീവിങ്', 'സോങ്‌സ് ഫ്രം ദ സെക്കന്റ് ഫ്‌ളോര്‍' എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 'ഇന്‍ഡിഗ്‌നദോസ്', 'ദെജാം', 'ജെറോനിമോ' എന്നിവയാണ് ഈ വിഭാഗത്തിലെ ടോണി ഗാറ്റ്‌ലിഫ് ചിത്രങ്ങള്‍.

ചലച്ചിത്രലോകത്ത് ശ്രദ്ധേയ സാന്നിധ്യങ്ങളായ 27 വനിതകളുടെ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയിലുണ്ടാവും. വിഭജനാനന്തര യൂഗോസ്ലാവിയയിലെ സ്ത്രീകളുടെ അരക്ഷിതജീവിതം അഭ്രപാളിയിലെത്തിച്ച ബോസ്നിയന്‍ സംവിധായിക ഐഡ ബെജിക്, ടിയോണ , 'നേര്‍വസ് ട്രാന്‍സ്ലേഷന്‍ എന്ന  ചിത്രത്തിലൂടെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ഷിറിന്‍ സെനോ തുടങ്ങിയവരുടെ ചിത്രങ്ങളും ഇന്ത്യന്‍ സംവിധായകരായ, സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണാ സെന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്‍റെ  മൂത്തോനും മേളയിലുണ്ട്.

ലോക സിനിമാ വിഭാഗത്തിലാണ് ഏറ്റവുമധികം വനിതാ സംവിധായകരുള്‍പ്പെട്ടിട്ടുള്ളത്. മരിയം തുസാനിയുടെ 'ആദം', മാറ്റി ഡോയുടെ 'ദി ലോങ്ങ് വാക്ക്',സഹിറാ കരീമിയുടെ 'ഹവാ മറിയം ആയിഷ', മറീനാ ഡി വാനിന്റെ 'മൈ നൂഡിറ്റി മീൻസ് നത്തിങ്' തുടങ്ങിയ ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇവാ അയണെസ്‌കോ, സെലിൻ സ്‌കിയമ, അപോളിൻ ട്രവോർ, ശില്പകൃഷ്ണൻ ശുക്ല, റബേക്ക സ്ലോറ്റോവ്സ്കി തുടങ്ങി 15 പേരുടെ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്

ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ സീമ പഹ്വ സംവിധാനം ചെയ്ത 'ദി ഫ്യൂണറല്‍' പ്രദര്‍ശിപ്പിക്കും. കാലിഡോസ്കോപ്പിൽ  അപര്‍ണ സെന്നിന്‍റെ ‘ദി ഹോം ആന്ഡ് ദി വേള്‍ഡ് ടുഡേ’, ഗീതാഞ്ജലി റാവുവിന്‍റെ ‘ബോംബേ റോസ്’ എന്നീ ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. വിഭജനാന്തര യൂഗോസ്ളാവ്യയുടെ പരിച്ഛേദമായ ഐഡ ബെജിക് ചിത്രം ‘സ്നോ’, ടിയോണയുടെ 'ഗോഡ്  എക്സിസ്റ്റ്സ് ഹെർ നെയിം ഈസ് പെട്രൂണ്യ’ എന്നിവയും വനിതാ സംവിധായകരുടെ  ചിത്രങ്ങളിൽ ഉൾപ്പെടും

മലയാള സിനിമയ്ക്ക് രാജ്യാന്തരതലത്തില്‍ പ്രദര്‍ശന, വിപണന സൗകര്യമൊരുക്കാന്‍  രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഫിലിം മാർക്കറ്റിൽ പ്രശസ്ത കമ്പനികളും ദേശീയ, അന്തര്‍ ദേശീയതലങ്ങളിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാരും പങ്കെടുക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജൂഡി ഗ്ലാഡ്സ്റ്റൻ,മിറിയം ജോസഫ്, രാജീവ് രഘുനന്ദൻ (നെറ്റ്ഫ്ലിക്‌സ് ), അഭിഷേക് ഗൊരാദിയ (ആമസോൺ), സ്റ്റുഡിയോൺ മോജോ സി ഇ ഒ രാധാകൃഷ്ണൻ രാമചന്ദ്രൻ, പൂജാഭട്ട് (ഉല്ലു ഡിജിറ്റൽ ), റിതികാ ഭാട്ടിയ (ദൃശ്യ ഫിലിംസ്), സിനിമാ പ്രനൗർ സ്ഥാപകൻ ഗൗരവ് റെട്ടൂരി, അഥിതി ആനന്ദ്ഗോ (ലിറ്റിൽ റെഡ് കാർ ഫിലിംസ്)എന്നിവരും ഗസ്റ്റ് മീഡിയാ വെഞ്ചേഴ്സ്, ബെൻ ഫ്ലിറ്റ്, പിക്ച്ചർ ടൈം ഡിജി പ്ലക്‌സ്, ടെക്  ജി തിയേറ്റർ, പോക്കറ്റ് ഫിലിംസ്, ബോൽ- ഇ റ്റി വി എന്നീ  സ്ഥാപനങ്ങളും ഫിലിം മാർക്കറ്റിൽ പങ്കെടുക്കും. 2018 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2019 ആഗസ്റ്റ് 31 വരെ പൂര്‍ത്തിയാക്കിയ മലയാള സിനിമകള്‍ക്കാണ് മാര്‍ക്കറ്റില്‍ അവസരം ലഭിക്കുന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ സംവിധായകര്‍ക്കും മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ക്കും കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കും. പ്രത്യേകം സജ്ജീകരിച്ച കമ്പ്യൂട്ടര്‍ ബൂത്തുകളില്‍ ക്ഷണിക്കപ്പെട്ട പ്രോഗ്രാമര്‍മാര്‍ക്കും സെയില്‍സ് ഏജന്‍സികള്‍ക്കും ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്‌ളാറ്റ്‌ഫോം പ്രതിനിധികള്‍ക്കും സ്വകാര്യമായി സിനിമകള്‍ കാണാനുള്ള സൗകര്യവുമുണ്ടാകും.

ഇന്ത്യൻ സിനിമയിലെ മൺ‍മറഞ്ഞ ആറ് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരമർപ്പിക്കും. ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ, ഗിരീഷ് കർണാഡ്, ലെനിൻ‍ രാജേന്ദ്രൻ, എം.ജെ രാധാകൃഷ്ണൻ, മിസ് കുമാരി, ടി.കെ പരീക്കുട്ടി എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിക്കുന്നത്.ഇവരുടെ ഏഴ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.