• 08 Jul 2020
  • 02: 37 AM
Latest News arrow

ഐ.എഫ്.എഫ്.കെ തുടങ്ങി; മാനവികതയുടെ സന്ദേശം സംരക്ഷിക്കുന്നതിനുള്ള സാംസ്കാരിക വേദിയാണ് ഐ.എഫ്.എഫ്.കെ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ 24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

മാനവികതയുടെ സന്ദേശം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സാംസ്കാരിക വേദിയാണ് ഐ.എഫ്.എഫ്.കെ എന്ന് ഉദ്‌ഘാടനം  ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കഴിവും അർപ്പണബോധവുമുള്ള നമ്മുടെ ചെറുപ്പക്കാർക്ക് അതിശയകരമായ സിനിമകൾ നിർമ്മിക്കാൻ കഴിയുമെന്നും ചലച്ചിത്രമേള കേരളീയരുടെ കാഴ്ചയുടെ നിലവാരം ഉയർത്തി എന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനായിരുന്നു. മുതിർന്ന നടി ശാരദ വിശിഷ്ടാതിഥിയായിരുന്നു. ഉദ്‌ഘാടനച്ചടങ്ങുകൾക്ക് ശേഷം,   'പാസ്‌ഡ്‌ ബൈ സെൻസർ' പ്രദർശിപ്പിച്ചു.  ഷെർഹത്ത് കരാസ് ലാൻ സംവിധാനം ചെയ്ത ഈ തുർക്കി ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. തടവുകാർക്ക് ലഭിക്കുന്ന കത്തുകളുടെ ചുമതലയുള്ള ജയിൽ ഉദ്യോഗസ്ഥന്റെ ജീവിതത്തെക്കുറിച്ചാണ് 'പാസ്ഡ് ബൈ സെൻസർ.'  

ഇതിഹാസ അർജന്റീനിയൻ ചലച്ചിത്ര നിർമ്മാതാവും മൂന്നാംലോക സിനിമയുടെ വക്താവുമായ   ഫെർണാണ്ടോ സൊളാനസിനാണ്  ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്.

73 രാജ്യങ്ങളിൽ നിന്ന് 14 വിഭാഗങ്ങളിലായി 186 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. തലസ്ഥാന നഗരത്തിലെ പതിനാല് തിയേറ്ററുകളിലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

10,500 ഓളം പ്രതിനിധികൾ മേളയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന്  കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു. 

Editors Choice