• 23 Jan 2020
  • 09: 10 AM
Latest News arrow

ത്രിപുരയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം തീ കൊളുത്തി കൊന്നു; പ്രതികൾക്ക് ആൾക്കൂട്ട മർദ്ദനം

അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ ശാന്തിര്‍ബസാറിൽ 17 വയസ്സുകാരിയെ ദിവസങ്ങളോളം പൂട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നുവെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.     പെണ്‍കുട്ടിയുടെ അജോയ് രുദ്രപാല്‍ എന്ന ആണ്‍ സുഹൃത്തും അയാളുടെ അമ്മയും ചേര്‍ന്ന് തീകൊളുത്തിയതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് സമീപവാസികള്‍  ആശുപത്രിയിലെത്തിച്ചത്.

അജോയിയുമായി ഇഷ്ടത്തിലായിരുന്ന പെണ്‍കുട്ടി വിവാഹ വാഗ്ദാനം സ്വീകരിച്ച് അയാളോടൊപ്പം പോയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കിയ ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു അജോയ്.  ഈ ദിവസങ്ങളിൽ അജോയിയും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ തരണമെന്ന് അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാൽ 17,000 രൂപ രൂപ നല്‍കാനേ  കഴിഞ്ഞുള്ളൂ. ഇതേത്തുടർന്ന് പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.

പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചതിനെ തുടര്‍ന്ന് അജോയിയെയും അമ്മയെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ വെച്ചുതന്നെ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

എന്നാൽ, പെണ്‍കുട്ടിയെ കാണാതായ ഉടന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസിന്റെ ഭാഗത്തു നിന്നു യാതൊരു വിധ അന്വേഷണവും ഉണ്ടായില്ലെന്നും പെണ്‍കുട്ടിയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.