• 03 Aug 2020
  • 08: 18 PM
Latest News arrow

ഉന്നാവ് പെൺകുട്ടിയുടെ സംസ്ക്കാരം നടന്നു: കുടുംബത്തിന് സുരക്ഷ, രണ്ട് വീടുകൾ, സഹോദരിക്ക് സർക്കാർ ജോലി, സഹോദരന് ആയുധ ലൈസൻസ്

ഉന്നാവ് (ഉത്തർ പ്രദേശ്): ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ചുട്ടു കരിയ്ക്കപ്പെട്ട പെൺകുട്ടിയുടെ ശവസംസ്ക്കാരം നടന്നു. വീടിരിക്കുന്ന  ഭാട്ടൻ ഖേഡായിലാണ് ശവസംസ്ക്കാര ചടങ്ങുകൾ നടന്നത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചത്. മജിസ്‌ട്രേറ്റ് ദേവീന്ദർ കുമാർ പാണ്ടേ, ഉന്നാവ് എസ് പി വിക്രാന്ത് വീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഡിസംബർ ആറിന് ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് പെൺകുട്ടി മരിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീക്കൊളുത്തി പരസ്യമായി കൊലപ്പെടുത്തിയത്. ലഖ്‌നൗവിലെ ആശുപത്രിയിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി യുവതി മരിച്ചു.

ഞായറാഴ്ച രാവിലെ സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് കുടുംബം തീരുമാനം മാറ്റി. മുഖ്യമന്ത്രി യോഗി എത്തിയ ശേഷമേ മൃതദേഹം സംസ്‌കരിക്കൂവെന്നാണ് സഹോദരി അറിയിച്ചത്.  "യോഗി ജി ഇവിടെ വരുന്നത് വരെ ഞങ്ങൾ എന്റെ സഹോദരിയെ സംസ്‌കരിക്കില്ല. എനിക്ക് യോഗി ജിയോട് വ്യക്തിപരമായി സംസാരിക്കണം. എനിക്ക് സർക്കാർ ജോലി വേണം, പ്രതിയെ തൂക്കിക്കൊല്ലണം."-  പെൺകുട്ടിയുടെ സഹോദരി പറഞ്ഞിരുന്നു. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ് തരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് യുവതിയുടെ ബന്ധുക്കളും തീര്‍ത്തു പറഞ്ഞിരുന്നു. തുടർന്ന് സർക്കാർ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ടു മന്ത്രിമാരും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യുവതിയുടെ വീട്ടിലെത്തിയിരുന്നു.

കുടുംബത്തിന് സര്‍വ സഹായങ്ങളും  സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വിചാരണ നടപടികൾ അതിവേഗത്തിലാക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, 25ലക്ഷം രൂപയും സഹായവാഗ്ദാനം ചെയ്തിട്ടുണ്ട്. വീട് നൽകുന്നതുൾപ്പെടെയുള്ള മറ്റ് സഹായങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ  സഹോദരിക്ക് ജോലി നൽകുമെന്നും പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം കുടുംബത്തിന് രണ്ട് വീടുകൾ നൽകുമെന്നും ലഖ്‌നൗ കമ്മീഷണർ മുകേഷ് മെഷ്‌റാം അറിയിച്ചു.

"പെൺകുട്ടിയുടെ സഹോദരിക്ക് ജോലി നൽകാൻ ഒരുക്കമാണ്. പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം ഞങ്ങൾ കുടുംബത്തിന് രണ്ട് വീടുകൾ നൽകും. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും. കുടുംബത്തിന് 24 മണിക്കൂർ സുരക്ഷയും നൽകും. പെൺകുട്ടിയുടെ സഹോദരൻ ആവശ്യപ്പെടുന്നതനുസരിച്ച്, ആത്മരക്ഷയ്ക്കായി ആയുധ നിയമപ്രകാരം ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ഞങ്ങൾ നൽകും."- ലഖ്‌നൗ കമ്മീഷണർ മുകേഷ് മെഷ്‌റാം പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയാകുന്നത്. വിവാഹവാഗ്ദാനം ചെയ്ത് വഞ്ചിച്ച കാമുകൻ സുഹൃത്തുക്കളുമായി ചേർന്ന് ഒരു മാസത്തോളം പീഡനത്തിനിരയാക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് 23-കാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ ഇവർ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് പെൺകുട്ടിയെ നടുറോഡിൽ പെട്രോളൊഴിച്ച് കത്തിച്ചത്. 90% പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. 

Editors Choice