• 20 Sep 2021
  • 05: 24 PM
Latest News arrow

മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ 'റാം'; സ്വപ്ന സാക്ഷാത്ക്കാരമെന്ന് തൃഷ

'ഹേയ് ജൂഡ്' എന്ന ചിത്രത്തിന് ശേഷം തെന്നിന്ത്യൻ നടി തൃഷ വീണ്ടും മലയാളത്തിലേക്ക്. മോഹന്‍ലാലിന്റെ നായികയായി 'റാം' എന്ന ചിത്രത്തിലൂടെയാണ് തൃഷ വീണ്ടുമെത്തുന്നത്. 'ദ ബോഡി' എന്ന ഹിന്ദി സിനിമയ്ക്കും 'തമ്പി' എന്ന തമിഴ് സിനിമയ്ക്കും ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലറാണ് ' റാം'. ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു.

വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. 2020 ഓണം റിലീസായാണ് നിശ്ചയിച്ചിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പമുളള ചിത്രം തന്റെ സ്വപ്‌ന സാക്ഷാത്കാരം ആണെന്ന് തൃഷ  പറഞ്ഞു.

"വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു അത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായതില്‍ ഞാന്‍ ആദ്യം അവസരം തന്നെ നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു. മോഹന്‍ലാല്‍ സാറിനെ എവിടെ കണ്ടാലും ഞാന്‍ ചോദിക്കാറുളളത് എപ്പോഴാണ് നമ്മള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുക എന്നതാണ്. ലാല്‍ സാറും ജീത്തു ജോസഫും തമ്മിലുളള കൂട്ടുകെട്ട് മികച്ചതാണ്. അവരുടെ 'ദൃശ്യം' ഒരു കള്‍ട്ട് ഫിലിമാണ്. ഞാന്‍ വളരെ ആകാംക്ഷയിലാണ്. സിനിമയുടെ ഷൂട്ടിംഗിനായി കാത്തിരിക്കുകയാണ്."- തൃഷ പറഞ്ഞു.

ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.