• 07 Dec 2021
  • 02: 46 AM
Latest News arrow

യു.എ. ഖാദറിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം

കോഴിക്കോട്: 2019-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ. ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.എസ്. ചെയര്‍മാനും നോവലിസ്റ്റ് സാറാ ജോസഫ്,  നിരൂപകന്‍ ആഷാ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് യു.എ. ഖാദറിനെ തിരഞ്ഞെടുത്തത്.

ദേശാതിര്‍ത്തികള്‍ക്കും ഭാഷാതിര്‍ത്തികള്‍ക്കും ആദര്‍ശ-വിശ്വാസാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത വിസ്മയമാണ് യു.എ. ഖാദര്‍ എന്ന ബഹുമുഖപ്രതിഭ എന്ന് പുരസ്‌കാരസമിതി വിലയിരുത്തി. "ബര്‍മ്മ(മ്യാന്‍മാര്‍)ക്കാരിയായ മാതാവിന്റെ ഈ മകന്‍ ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സര്‍ഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയത് ലോകസാഹിത്യത്തിലെ തന്നെ അപൂര്‍വ്വാനുഭവമാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളില്‍ നിറയുന്നു. ഗോത്ര പ്രബുദ്ധതയിലെ ഭാവബന്ധങ്ങളും ചരിത്രവും സംസ്‌കാരപ്പഴമയിലെ താവഴിപ്പൊരുത്തങ്ങളും വിദഗ്ധമായി വിന്യസിച്ചുകൊണ്ടാണ് യു.എ. ഖാദര്‍ സമകാലിക ചരിത്രഗാഥകളുടെ ആഖ്യാനം നിര്‍വ്വഹിച്ചത്. പുതിയ സങ്കീര്‍ണ്ണതയെ വായിക്കാന്‍ പഴമയുടെ മാന്ത്രികമായ സൂക്ഷ്മദര്‍ശിനികള്‍ ഡിജിറ്റല്‍ സൂക്ഷ്മതയോടെ ഖാദര്‍ വിനിയോഗിക്കുന്നു. മിത്തും ചരിത്രവും ഇദ്ദേഹത്തിന്റെ കഥയെഴുത്തിലും ചിത്രമെഴുത്തിലും അപൂര്‍വ്വ ചാരുതയോടെ പുനര്‍ജ്ജനിക്കുന്നു. ഈ പ്രതിഭയ്ക്ക് മാതൃഭൂമി സാഹിത്യ പുരസ്‌കാരം നല്‍കുമ്പോള്‍ നമ്മുടെ ഭാഷയും സംസ്‌കാരവും സ്വയം പുരസ്‌കൃതമാവുകയാണ്"-  പുരസ്‌കാര നിർണ്ണയ സമിതി നിരീക്ഷിച്ചു.

നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ 'തൃക്കോട്ടൂര്‍ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാന രചനകള്‍.

'തൃക്കോട്ടൂര്‍ പെരുമ'യ്ക്ക് 1983-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തൃക്കോട്ടൂര്‍ നോവലുകള്‍ക്ക് 2009-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും യു.എ. ഖാദറിനെത്തേടിയെത്തി. ഡിസംബര്‍ 30ന് തിങ്കളാഴ്ച കോഴിക്കോട്ട് കെ.പി. കേശവ മേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി. പത്മനാഭന്‍ മാതൃഭൂമി പുരസ്‌കാരം യു.എ. ഖാദറിന് സമര്‍പ്പിക്കും.

കേരളീയനായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935-ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ.ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കേരളത്തിലെത്തി. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്തു. 1990-ൽ യു.എ ഖാദര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.