• 20 Sep 2021
  • 04: 05 PM
Latest News arrow

ആത്മാഭിമാനം കാക്കാന്‍ ഡ്രൈവിങ് ലൈസന്‍സ്

ഒരു നടനും ആരാധകനും തമ്മിലുള്ള ബന്ധത്തിലൂന്നി കഥ പറയുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. നടനെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ആരാധകന്‍ പിന്നീട് അയാളുടെ ശത്രുവാകുന്നതും ഇരുവരും പരസ്യമായി പോരടിക്കുന്നതിലൂടെയുമാണ് സിനിമ മുന്നോട്ടുപോകുന്നത്. 

ഹരീന്ദ്രന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ (പൃഥ്വിരാജ്) നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കാന്‍, ലൊക്കേഷന്‍ അനുവദിച്ചുകിട്ടുന്നതിന് നടന്റെ ഡ്രൈവിങ് ലൈസന്‍സ് ഹാജരാക്കേണ്ടതായി വരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ലൈസന്‍സ് നഷ്ടപ്പെട്ടതിനാല്‍ ഷൂട്ടിങ് പ്രതിസന്ധിയിലാവുകയാണ്. പെട്ടെന്ന് സിനിമ തീര്‍ക്കേണ്ടതിനാല്‍ വളഞ്ഞ മാര്‍ഗത്തിലൂടെയാണെങ്കിലും ലൈസന്‍സ് ശരിയാക്കേണ്ട അവസ്ഥയിലാണ് നിര്‍മ്മാതാവും (ലാലു അലക്‌സ്) മറ്റുള്ളവരും. ഇതിനായി ഹരീന്ദ്രന്റെ ആരാധകന്‍ കൂടിയായ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുരുവിളയുടെ (സുരാജ് വെഞ്ഞാറമ്മൂട്) സമീപത്തെത്തുകയാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ നിമിത്തം ലൈസന്‍സ് നല്‍കാന്‍ കുരുവിളയ്ക്ക് സാധിക്കാതെ വരികയും ഇരുവരുടെയും നടന്‍-ആരാധക ബന്ധത്തിന് ഉലച്ചില്‍ തട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സിന്റെ പേരില്‍ ഇരുവരും തമ്മിലുള്ള പബ്ലിക് സ്റ്റണ്ടിലേക്ക് കാര്യങ്ങള്‍ വഴിമാറുകയും ചെയ്യുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്.

ഉദ്യേഗഭരിതമായ രംഗങ്ങളിലൂടെയാണ് പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടുപോകുന്നത്. അതുപോലെ തന്നെ കഥാപാത്രങ്ങളുടെ വികാരങ്ങള്‍ക്കും പ്രധാന സ്ഥാനം നല്‍കിയിട്ടുണ്ട്. നടന്റെയും ആരാധകന്റെയും ആത്മാഭിമാനത്തിന് മുറിവേല്‍ക്കുന്നതും എന്ത് വില കൊടുത്തും തങ്ങളുടെ അഭിമാനം മുറുകെ പിടിക്കാന്‍ ഇവര്‍ നടത്തുന്ന പോരാട്ടവുമാണ്‌ 'ഡ്രൈവിങ് ലൈസന്‍സ്' കാണിച്ചുതരുന്നത്.

നടനും ആരാധകനും തമ്മിലുള്ള ബന്ധത്തിന്റെ വ്യത്യസ്തമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഇവരുടെ മാനസിക വ്യാപാരങ്ങളെയും പരോക്ഷമായി പ്രതിപാദിക്കുന്നുണ്ട്. ആരാധന മൂത്ത് ഭ്രാന്താവുക എന്ന് പറയുന്ന സ്‌റ്റോക്കിങ് എന്ന് വിളിക്കപ്പെടുന്ന മാനസിക വൈകല്യത്തെയും കളങ്കമില്ലാത്ത ആരാധനാ മനോഭാവത്തെയും കാണിച്ചു തരാനും സിനിമ ശ്രമിച്ചിട്ടുണ്ട്. സൂപ്പര്‍ താരം ഹരീന്ദ്രനോട് ഏറ്റുമുട്ടുന്ന കുരുവിളയുടെ ചെറിയ വിജയങ്ങളെ കൂകി വിളിച്ചുകൊണ്ടും ഹരീന്ദ്രന്റെ വിജയങ്ങളെയും തീരുമാനങ്ങളെയും പ്രസ്താവനകളെയും ആഘോഷിക്കുകയും ഹരീന്ദ്രന്റെ തോല്‍വിയില്‍, കുരുവിളയെ അധിക്ഷേപിക്കുകയും ചെയ്യുന്ന ആരാധക കൂട്ടങ്ങളുടെ മനോവികാരത്തെ സിനിമ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ക്ലൈമാക്‌സ് രംഗങ്ങളില്‍ സ്റ്റോക്കിങ്ങിന്റെ അവസ്ഥയിലേക്ക് ഈ ആരാധക്കൂട്ടം മാറുന്നതിനെ അതിഗംഭീരമായി തന്നെ ചിത്രീകരിച്ചു.

സുരേഷ് കൃഷ്ണയുടെ കഥാപാത്രത്തിലൂടെ സ്വല്‍പ്പം തമാശ സിനിമയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സിനായുള്ള ലേണേഴ്‌സ് ടെസ്റ്റിലെ ഡയലോഗുകളും ഭാവങ്ങളുമാണ് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. തോല്‍ക്കുമെന്ന് അറിഞ്ഞിട്ട് പോലും വലിയ സ്വാധീനവും ആള്‍ബലവുമുള്ള വ്യക്തിയോട്, സൂപ്പര്‍ താരത്തോട്, ഏറ്റുമുട്ടുന്ന സാധാരണക്കാരനായ മോട്ടര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറെ സുരാജ് വെഞ്ഞാറമ്മൂട് തന്മയത്വത്തോടെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷത്തില്‍ മിയയും നല്ല പ്രകടനം തന്നെ കാഴ്ച വെച്ചു. കിട്ടിയ അവസരത്തെ പ്രശസ്തിയ്ക്ക് വേണ്ടി നല്ല പോലെ മുതലാക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ വേഷമായിരുന്നു മിയയ്ക്ക്. ഇവരുടെ മകനായി അവതരിപ്പിച്ച ആദിഷ് പ്രവീണും മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു. ഹരീന്ദ്രന്റെ കൂട്ടുകാരന്റെയും രാഷ്ട്രീയക്കാരന്റെയും റോളില്‍ സൈജു കുറുപ്പും ശ്രദ്ധേയമായ പ്രകടനം നടത്തി. ഹരീന്ദ്രന്റെ ഭാര്യയുടെ വേഷത്തില്‍ ദീപ്തി സതിയ്ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 

ആത്മാഭിമാനം കാക്കാനുള്ള രണ്ട് വ്യക്തികളുടെ പോരാട്ടത്തെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലൂടെ അവതരിപ്പിച്ച സിനിമയ്ക്ക് അവസാനം വരെയും പ്രേക്ഷകരില്‍ ആകാംഷ ഉളവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേയ്ക്ക് സിനിമയ്ക്ക് കാര്യമായ മികവ് അവകാശപ്പെടാനില്ല. നാടകീയത നിറഞ്ഞ കഥയും കഥാസന്ദര്‍ഭങ്ങളുമാണ് കൂടുതലും ചിത്രത്തിലുള്ളത്. എങ്കില്‍പ്പോലും അവയെ പ്രേക്ഷകര്‍ക്ക് മടുപ്പ് തോന്നാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ലാല്‍ ജൂനിയറിന് കഴിഞ്ഞിട്ടുണ്ട്. ഒറ്റത്തവണ കണ്ടിരിക്കാന്‍ പോന്ന എന്റര്‍ടെയ്ന്‍മെന്റ് സിനിമകളുടെ കൂട്ടത്തിലേക്ക് ഡ്രൈവിങ് ലൈസന്‍സിനെയും ഉള്‍പ്പെടുത്താം.