• 20 Sep 2021
  • 04: 17 PM
Latest News arrow

'പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്‌ക്കെങ്കിലും മൂഡ് ഔട്ട് ആകണം, നിര്‍മ്മാതാവിനും മറ്റുള്ളവര്‍ക്കും വല്ലപ്പോഴുമെങ്കിലും ബുദ്ധിമുട്ടാവണം...'' അനൂപ് മേനോന്റെ പോസ്റ്റ് വൈറല്‍

വിദേശത്ത് അവധി ആഘോഷിക്കുന്നതിനിടെ മോഹന്‍ലാലിന്റെ കൈയ്ക്ക് പരിക്കേറ്റ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ഡോക്ടര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇത്രയും വലിയ പരിക്കുണ്ടായിട്ടും അതൊന്നും വകവെയ്ക്കാതെ ഏറ്റെടുത്ത സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ മോഹന്‍ലാല്‍ കാണിച്ച അര്‍പ്പണബോധത്തെ പുകഴ്ത്തുകയാണ് നടന്‍ അനൂപ് മേനോന്‍. നാല്  ദിവസം നീണ്ട് നിന്ന സംഘട്ടന രംഗമാണ് കയ്യിലെ പരിക്ക് വകവെയ്ക്കാതെ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയതെന്ന് അനൂപ് മേനോന്‍ പറയുന്നു.

അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

സംവിധായകന്‍ സിദ്ധിഖിന്റെ 'ബിഗ് ബ്രദര്‍' എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു ... എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ...ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ അവിടെ ലാലേട്ടന്‍ ഉണ്ട്... കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം..... ഞാന്‍ കൈ കൊടുത്തപ്പോള്‍ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിന്‍വലിച്ചു...  'എന്ത് പറ്റി' എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയില്‍ കുടുംബവും ഒന്നിച്ചു Dubaiലേക്ക് ഒരു യാത്ര നടത്തിയിരുന്നു... അവിടെ വെച്ചൊന്നു വീണു...കൈക്ക് ഒരു ചെറിയ hairline fracture  ഉണ്ടത്രെ.

'ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും fight ചെയ്തത് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് ഈ postന് കാരണം.

'എന്നെ ഈ സിനിമയുടെ സംവിധായകനോ നിര്‍മ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്...ഞാന്‍ തന്നെ പോയി വീണതല്ലേ? ഞാന്‍ ഇപ്പൊ ഈ വേദന പറഞ്ഞാല്‍, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം...നിര്‍മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉള്‍പ്പടെ എത്ര പേര്‍ വെറുതെ ഇരിക്കണം...നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത്.. അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ...കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം...

സിനിമാട്ടോഗ്രാഫര്‍ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോള്‍ 'ചേര്‍ത്തല ഗോഡൗണില്‍ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ' എന്ന് മാത്രമാണ് പറഞ്ഞത്.. അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി.. അറിയിച്ചിട്ടില്ല ലാലേട്ടന്‍...

ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യില്‍ bandage ഉണ്ട്. Surgery കഴിഞ്ഞു എന്നു പറഞ്ഞു...അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്‌നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.

പ്രിയപ്പെട്ട ലാലേട്ടാ...ഇടയ്‌ക്കെങ്കിലും ഒന്ന് mood out ഒക്കെ ആവണം...നിര്‍മ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം...ഇല്ലെങ്കില്‍, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങല്‍ ഒരു വലിയ ബാധ്യതയായിരിക്കും.