• 30 Mar 2023
  • 07: 52 AM
Latest News arrow

സൗദി അറേബ്യയില്‍ ബാല്യവിവാഹം നിരോധിച്ചു; 18 വയസ്സിന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് കടുത്ത ശിക്ഷ

റിയാദ്: പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള വിവാഹം സൗദി അറേബ്യ നിരോധിച്ചു. ഇനി മുതല്‍ പതിനെട്ട് വയസ്സാകാതെ സൗദി അറേബ്യയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കില്ല. വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ആക്കി സൗദി നീതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നീതി മന്ത്രാലയവും സുപ്രീം ജൂഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഡോ. വലീദ് അല്‍സമാനിയും രാജ്യത്തെ മുഴുവന്‍ കോടതികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

വിവാഹം കഴിക്കുന്നതിനുളള അനുമതി വാങ്ങാനെത്തുന്നവര്‍ എല്ലാ അപേക്ഷകളും ശിശു സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയ്ക്ക് കൈമാറണം. പ്രായപൂര്‍ത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹം നടത്താന്‍ പാടുള്ളൂ. നിയമലംഘനത്തിന് കടുത്ത ശിക്ഷയും പുതിയ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

സൗദി അറേബ്യയില്‍ വിവാഹങ്ങള്‍ക്ക് നിയമപരമായി അംഗീകാരം നല്‍കുന്നത് കോടതിയാണ്. അതിനായി അപേക്ഷ നല്‍കുമ്പോള്‍ വിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണോയെന്ന് പരിശോധിക്കണമെന്നാണ് പുതിയ ഉത്തരവ്. ബാല്യവിവാഹത്തിന് അനുമതി നല്‍കുന്ന ശരീഅ നിയമത്തിന്റെ പ്രാധാന്യം എടുത്തു കളയുന്നതായിരിക്കുകയാണ് ഈ ഉത്തരവ്.