• 01 Jun 2023
  • 05: 50 PM
Latest News arrow

വലയ സൂര്യഗ്രഹണം തിങ്കളാഴ്ച രാവിലെ 8.05 മുതല്‍ 11.11 വരെ; നഗ്നനേത്രങ്ങൾ കൊണ്ട് നോക്കരുത്

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് അഗ്നിമോതിരം കാണാം; മറ്റു ജില്ലകളിൽ ഭാഗികം

കോഴിക്കോട്: 2019-ലെ അവസാനത്തെ സൂര്യഗ്രഹണം നാളെ ഡിസംബര്‍ 26-ന് നടക്കും. ആകാശത്ത് ഒരു അഗ്നിമോതിരം രൂപത്തിൽ സൂര്യഗ്രഹണം ദൃശ്യമാവും എന്നതാണ് ഈ ഗ്രഹണത്തിന്റെ സവിശേഷത. വലയ സൂര്യഗ്രഹണം (annular solar eclipse) എന്നാണ് ഇതിനെ വിളിക്കുന്നത്. രാവിലെ 8.05 മുതല്‍ 11.11 വരെയാണ് കേരളത്തില്‍ സൂര്യഗ്രഹണം ദൃശ്യമാവുക. 9.25 ന് ഗ്രഹണം പൂർണ്ണതയിലെത്തും.

സൂര്യഗ്രഹണമുണ്ടാവുമ്പോഴെല്ലാം വലയ സൂര്യഗ്രഹണം സംഭവിക്കാറുണ്ടെങ്കിലും ഭൂമിയില്‍ എല്ലായിടത്തും ഇത് ദൃശ്യമാവാറില്ല. ചന്ദ്രന്റെ നിഴല്‍ വീഴുന്ന പ്രത്യേക പാത ഗവേഷകര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്ക, തമിഴ്‌നാട്, കേരളത്തിലെ വടക്കന്‍ മേഖല എന്നിവ ഈ പാതയില്‍ ഉള്‍പ്പെടുന്നു. സൗദി അറേബ്യയ്ക്കടുത്തു നിന്നു തുടങ്ങി അറബിക്കടലിലൂടെ കേരള തീരത്തെത്തി കണ്ണൂരിലൂടെ വയനാടൻ മലയും കടന്ന് തമിഴ്നാട്ടിലൂടെ ശ്രീലങ്കയുടെ വടക്കു കിഴക്കൻ തീരം വഴി സിംഗപ്പുർ ഭാഗങ്ങളിലേക്കു പോകുന്നതാണ് ഈ ഗ്രഹണത്തിന്റെ പാത. അതിനാൽ  ഇത്തവണ കേരളത്തിലെ വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് ( കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്) വലയ സൂര്യഗ്രഹണം കാണാന്‍ ഭാഗ്യമുണ്ടാവും. തെക്കൻ കേരളത്തിൽ ഗ്രഹണം ഭാഗികമായിരിക്കും. എങ്കിലും സൂര്യബിംബം നല്ലൊരു ശതമാനവും മറയ്ക്കപ്പെടുന്നതിനാൽ ഈ ഭാഗത്തുള്ളവർക്കും നല്ല കാഴ്ച കിട്ടും.

പ്ലാനറ്റേറിയങ്ങളിലും ജില്ലകളിലെ ചില കേന്ദ്രങ്ങളിലും സ്‌കൂളുകളിലും  സൂര്യഗ്രഹണം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്. സൂര്യഗ്രഹണ സമയത്ത് അതിശക്തമായ വികിരണങ്ങളാണ് സൂര്യനില്‍നിന്നുമെത്തുക. നേരിട്ട് നോക്കിയാൽ  അത് കണ്ണുകളുടെ റെറ്റിനയെ സാരമായി ബാധിക്കും. അതിനാൽ സാധാരണ ടെലിസ്‌കോപ്പ്, ബൈനോക്കുലര്‍, എക്‌സ്‌റേ ഫിലിം എന്നിവ ഉപയോഗിച്ചും ഗ്രഹണം വീക്ഷിക്കരുതെന്നാണ് മുന്നറിയിപ്പ്.