• 20 Sep 2021
  • 03: 57 PM
Latest News arrow

തലൈവർ പറയുന്നു...എല്ലാമേ സമയം താൻ

ഒരു ചലച്ചിത്രതാരമാകാൻ ഒരുപാട് കഷ്ടപ്പെടേണ്ടിവരുമെന്നും പലപ്പോഴും അപമാനം സഹിക്കേണ്ടി വരുമെന്നും പറയുന്നത് മറ്റാരുമല്ല, സ്വപ്രയത്നത്തിലൂടെ ഇന്ത്യൻ സൂപ്പർസ്റ്റാറായിത്തീർന്ന രജിനികാന്താണ്. രജിനിയുടെ 'ദർബാർ' എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് താൻ സിനിമയിൽ എത്തിയതിനെക്കുറിച്ചും അവിടെ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും രജിനി വെളിപ്പെടുത്തിയത്. എന്നാൽ ആ സിനിമയെക്കുറിച്ചോ തന്നെ അപമാനിച്ചവരെക്കുറിച്ചോ കൂടുതൽ വെളിപ്പെടുത്തലുകൾക്ക്  രജിനി  മുതിർന്നില്ല.

രജിനികാന്തിന്റെ വാക്കുകളിലേക്ക്:

" '16 വയതനിലെ'  എന്ന ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആ ചിത്രം എന്നെത്തേടി വന്നത്. ആ ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു സമീപിച്ചത്. ഒരു പ്രമുഖ നടനായിരുന്നു ആ ചിത്രത്തിലെ നായകൻ. ആ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാനായിരുന്നു നിർമ്മാതാവ് സമീപിച്ചത്. 6,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ 1,000 രൂപ ആഡ്വാൻസ് തരാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. എന്നാൽ പറഞ്ഞ ദിവസം അഡ്വൻസ് കിട്ടിയില്ല. ചോദിച്ചപ്പോൾ എവിഎം സ്റ്റുഡിയോയിൽ മേക്കപ്പ് ഇടുന്നതിന് തൊട്ട് മുൻപ് നൽകാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തൊട്ടടുത്ത ദിവസം എവിഎമ്മിൽ എത്താനുള്ള കാർ നിർമ്മാതാവ് തന്നെ അയച്ചു തന്നു. ആ കാറിൽ കയറി ഞാൻ എവിഎമ്മിൽ എത്തി. അവിടെയുണ്ടായിരുന്ന അണിയറ പ്രവർത്തകരിൽ പ്രധാനിയായ ഒരാളോട് അഡ്വാൻസിനെക്കുറിച്ചു ചോദിച്ചു. എന്നാൽ അവരോട് ഇതിനെക്കുറിച്ച് നിർമ്മാതാവ് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് അറിയാൻ സാധിച്ചത്. ആയിരം രൂപ കിട്ടിയിട്ട് മാത്രമേ മേക്കപ്പിടുകയുള്ളു എന്ന് ഞാൻ അവരെ അറിയിച്ചു. എന്നാൽ കുറച്ച് കഴിഞ്ഞ് വെളുത്ത അംബാസിഡർ  കാറിൽ സിനിമയുടെ നിർമ്മാതാവ് സെറ്റിലെത്തി. ഞാൻ മേക്കപ്പ് ഇടാതെ ഇരിക്കുകയാണ്....

വിവരം അറിഞ്ഞ നിർമ്മാതാവ് എന്റെ അടുത്തേയ്ക്ക് വന്നു ... "എന്താടാ നീ ഇത്ര വലിയ അഹങ്കാരിയായിപ്പോയോ? നാല് പടമല്ലേ കഴിഞ്ഞുള്ളു. പണം കിട്ടിയില്ലെങ്കിൽ അഭിനയിക്കില്ല എന്ന നിലയിൽ ഒക്കെ എത്തിയോ. നിനക്ക് ഇവിടെ വേഷവും പണവും ഒന്നുമില്ല. ഇറങ്ങെടാ സെറ്റിൽ നിന്ന്..."- അദ്ദേഹം എന്നോട് പറഞ്ഞു.

"സാർ തരാമെന്ന് പറഞ്ഞ പണം മാത്രമാണ് ഞാൻ ചോദിച്ചത്. വേഷമില്ലെങ്കിൽ സാരമില്ല. എന്നെ പഴയ സ്ഥലത്ത് കൊണ്ടാക്കിയാൽ മതി..." ഞാൻ കാറിൽ കയറാൻ തുടങ്ങിയപ്പോൾ എന്നെ നിർമ്മാതാവ് തടയുകയായിരുന്നു. "കാറിന്റെ വാടക ആരു കൊടുക്കും. നിനക്ക് ഇവിടെ നിന്നും കാറുമില്ല... ഒന്നുമില്ല. നടന്നു പോടാ.. "- എന്നു പറഞ്ഞ് അദ്ദേഹം എന്നെ പുറത്താക്കി.

സ്റ്റുഡിയോയിൽ നിന്ന് ഇറക്കി വിട്ട് കോടമ്പാക്കത്തെ തെരുവുകളിൽ കൂടി നടക്കുമ്പോൾ എന്റെ ചിത്രമായ '16 വയതിനിലെ; പോസ്റ്ററും 'ഇത് എപ്പടി ഇരുക്ക്'  എന്ന ഡയലോഗും വഴിയോരത്ത് പോസ്റ്ററിൽ കാണാമായിരുന്നു. കൂടാതെ ബസിൽ പോകുന്നവർ എല്ലാവരും തന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും എന്റെ മനസ്സിൽ ഇല്ലായിരുന്നു. എന്റെ മനസ്സിലെ ചിന്ത മറ്റൊന്നായിരുന്നു. അപമാനിച്ച് ഇറങ്ങി വിട്ട ഇതേ എവിഎം സ്റ്റുഡിയോയിലേക്ക് വരണം... ഫോറിൻ കാറിൽ...കാലിൻമേൽ കാലുകയറ്റിവച്ച് വരണം... ഇതായിരുന്നു മനസ്സിൽ.

നാലുവർഷങ്ങൾ കഴിഞ്ഞു. എവിഎം മുതലാളിയായിരുന്ന ചെട്ടിയാരുടെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഇറ്റാലിയൻ ഫിയറ്റ് കാർ നാല് ലക്ഷം രൂപയ്ക്ക് വാങ്ങി. ഫോറിൻ കാറിന് ഒരു ഫോറിൻ ഡ്രൈവറെ കൂടി വേണം. അങ്ങനെ റോബിൻസൺ എന്ന ആഗ്ലോ ഇന്ത്യനായ ഡ്രൈവറെ കണ്ടെത്തി. യൂണിഫോം, ബെൽറ്റ്, തൊപ്പി അടക്കം എല്ലാം അയാൾക്ക് നൽകി. ആദ്യദിവസം ഞാൻ കാറിലേക്ക് കയറാൻ വരുമ്പോൾ അയാൾ തല കുനിച്ച് തൊപ്പി താഴത്തി വണക്കം പറഞ്ഞു. വണ്ടിയിൽ കയറിയിട്ട് ഞാൻ പറഞ്ഞു..."എട് വണ്ടി എവിഎംക്ക്..."....അന്ന് വെള്ള അംബാസഡർ  കാർ നിന്ന അതേ സ്ഥലത്തെ ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി.

അന്ന് വെളള അംബാസിഡർ കാർ നിന്ന സ്ഥലത്ത് ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി. പുറത്തിറങ്ങി ട്രിപ്പിൾ ഫൈവ് സിഗററ്റ് സ്റ്റൈലായി വലിച്ചു കാറിൽ ചാരി കുറച്ചുനേരം നിന്നു.... ഇതൊന്നും എന്റെ കഴിവു കൊണ്ടോ.. വാശിപ്പുറത്തോ ഉണ്ടായതല്ല... സമയം ആയിരുന്നു എല്ലാം"-  രജിനികാന്ത് പറഞ്ഞു.