• 21 Jan 2021
  • 07: 38 PM
Latest News arrow

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പാട്ട് സമരം: റഫീഖ് അഹമ്മദിനും ഹരിനാരായണനുമെതിരെ കേസ്

തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ കേസ്. സംഗീത നിശ നടത്താന്‍ അനുമതി നേടിയിട്ട് പ്രതിഷേധം നടത്തിയെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധം നടത്താനോ മൈക്ക് ഉപയോഗിക്കാനോ അനുമതിയില്ലായിരുന്നുവെന്നും പൊലീസ് വാദിക്കുന്നു. കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന് എതിരെയും കേസെടുത്തിട്ടുണ്ട്.

തൃശൂര്‍ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയ്ക്കാണ് സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പാട്ട്‌സമരം.

സംഗീത നിശ നടത്താന്‍ അനുമതി വേണമെന്നാണ് ഇവര്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സംഗീത നിശയ്ക്ക് പകരം പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെയുള്ള പാട്ട് സമരമാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിയ്ക്ക് അനുമതി നേടുകയും അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍ പ്രതിഷേധ പരിപാടിയാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും താന്‍ അതിഥിയായിരുന്നുവെന്നും തങ്ങളില്‍ ചിലര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉടന്‍ തിരിച്ചു പോയെന്നും റഫീഖ് അഹമ്മദ് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധമായിരുന്നു ഇത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണ്. ഇനിയും ഇത്തരം പരിപാടികള്‍ക്ക് വിളിച്ചാല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.