• 20 Sep 2021
  • 05: 23 PM
Latest News arrow

ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പ് അപ്‌ലോഡ്-ഡൌൺലോഡ് ചെയ്യുന്നവർ ജാഗ്രതൈ! പിടിച്ചാൽ 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും; നിയമം കർശനമാക്കി കേന്ദ്രസർക്കാർ

ന്യൂദൽഹി: ഓൺലൈനുകളിൽ എത്തുന്ന വ്യാജ ചലച്ചിത്ര പ്രിന്റുകളെ നിയമപരമായി നേരിടാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ സിനിമാ വ്യവസായത്തെ തകർക്കുന്ന വൻ വിപത്തായി വ്യാജ പതിപ്പ് ബിസിനസ് മാറിയെന്ന് കണ്ട് നിയമം ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമകൾ റിലീസ് ചെയ്ത് നിമിഷങ്ങൾ ക്കുള്ളിൽ അതിന്‍റെ വ്യാജ പതിപ്പുകൾ ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തുകയാണ്. നേരത്തെ, നിയമനടപടികൾ ശക്തമാക്കിയതോടെ മന്ദീഭവിച്ചിരുന്നെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ് വ്യാജപതിപ്പുകളുടെ കച്ചവടം. ഈ പശ്ചാത്തലത്തിലാണ് നിയമം വീണ്ടും ശക്തമാക്കിയത്.

രാജ്യത്ത് നിലവിലുള്ള നിയമമായ  സിനിമാറ്റോഗ്രാഫ് ആക്ട് 1952-ലെ 6എ വകുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. നിര്‍മ്മാതാവിന്‍റെ കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും നല്‍കുന്നതാണ് ഭേദഗതി. സിനിമാ മേഖലയിലുള്ളവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

“1952 ലെ സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഈ കേസിലുൾപ്പെടുന്ന ആർക്കും  3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ നേരിടേണ്ടി വരുന്നതാണ്"- കഴിഞ്ഞ ദിവസം ബോളിവുഡിലിറങ്ങിയ ചലച്ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ നിമിഷനേരം കൊണ്ട് ഓൺലൈനിലെത്തിയപ്പോൾ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ വാർത്താക്കുറിപ്പിറക്കി.

വ്യാജന്‍മാര്‍ക്കെതിരായ നിയമം ശക്തമാക്കുമെന്ന് ഈ വര്‍ഷമാദ്യം മുംബൈയില്‍ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അടുത്ത കാലത്ത് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറങ്ങിയത് സിനിമാ വ്യവസായത്തിന് തിരിച്ചടിയായതും കേന്ദ്രസർക്കാർ  കണക്കിലെടുത്തു.

വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ഓണ്‍ലൈനിൽ വ്യാജപതിപ്പുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. പ്രതിവര്‍ഷം 7,200 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വ്യാജന്‍മാര്‍ ഉണ്ടാക്കുന്നത് എന്നാണ് കണക്ക് .നിയമം കർക്കശമാകാൻ സിനിമാ റെഗുലേറ്ററി അതോറിറ്റി നിലവില്‍ വരേണ്ടതുണ്ടെന്ന് ചലച്ചിത്രപ്രവർത്തകർ പറയുന്നു.

സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരും കേസില്‍ പ്രതിയാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.  സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ അന്വേഷണം ശക്തമാക്കുന്നുണ്ട്. പുതിയ നിയമഭേദഗതി കൂടി വരുന്നതോടെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് പൊലീസ് പറയുന്നു.

മമ്മൂട്ടിയുടെ മാമാങ്കം, പൃഥ്വിരാജിന്‍റെ ഡ്രൈവിങ് ലൈസന്‍സ്  തുടങ്ങിയ ചിത്രങ്ങൾക്കാണ് മലയാള സിനിമയിലെ വ്യാജന്‍മാരുടെ ഭീഷണി ഏറ്റവും അവസാനമായി നേരിടേണ്ടി വന്നത്.