• 20 Sep 2021
  • 03: 47 PM
Latest News arrow

'ജോക്കര്‍' നായകന്‍ ഫീനിക്‌സിന്റെ പ്രസംഗം സെന്‍സര്‍ ചെയ്ത് ഗോള്‍ഡന്‍ ഗ്ലോബ് സംഘാടകര്‍; 'ഫക്ക് ബോംബ്' എന്ന് വിശേഷണം

ജോക്കറില്‍ അതിശയിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ച വാക്കിന്‍ ഫീനിക്‌സ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയെയും സദസിനെയും അതിശയിപ്പിച്ചു. ഇത്തവണ തന്റെ പ്രസംഗത്തിലൂടെയാണ് വാക്കിന്‍ ഫീനിക്‌സ് കാണികളെ അമ്പരിപ്പിച്ചത്. മോശം വാക്കുകളും പരിഹാസങ്ങളും ചൊരിഞ്ഞുകൊണ്ടുള്ള പ്രസംഗത്തില്‍ ഹോളിവുഡിനെ വെല്ലുവിളിക്കാനും ഫീനിക്‌സ് ശ്രമിച്ചു. ഇതിനോട് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. 

സസ്യാഹാരിയും പരിസ്ഥിതി-മൃഗ സ്‌നേഹിയുമായ ഫീനിക്‌സ് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബല്‍ പുരസ്‌കാരം നേടിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്റെ നിലപാടുകളെ വിചിത്രമായ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് വിവാദമാകുന്നത്. മാന്യമല്ലെന്ന് പറയപ്പെടുന്ന ഭാഷകള്‍ നിരവധി ഉപയോഗിച്ചതിനാല്‍ അദ്ദേഹത്തിന്റെ പ്രസംഗം ഒരു 'fuck bomb' എന്നാണ് പലരും വിശേഷിപ്പിച്ചത്. മാത്രമല്ല, മാന്യമല്ലെന്ന് വിമര്‍ശിക്കപ്പെടുന്ന ഭാഗങ്ങള്‍ ഒഴിവാക്കി, അവിടെ ബീപ് സൗണ്ട് ഉള്‍പ്പെടുത്തിയാണ് ഗോള്‍ഡന്‍ ഗ്ലോബ് അധികൃതര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ പൊതുസമൂഹത്തിന്റെ മുന്നിലേക്കെത്തിച്ചത്. ഇത്രമാത്രം ബീപ് സൗണ്ട് ഉള്‍പ്പെടുത്തി ഫീനിക്‌സിന്റെ പ്രസംഗം സെന്‍സര്‍ ചെയ്തത് ശക്തമായ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.  

വിചിത്ര സ്വഭാവമുള്ള വ്യക്തിയാണ് ഫീനിക്‌സ്. അദ്ദേഹം കലാകാരനുമാണ്. അദ്ദേഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. 

വാക്കിന്‍ ഫീനിക്‌സിന്റെ പുരസ്‌കാരവേദിയിലെ പ്രസംഗം....

''മൃഗസംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞതിനും അംഗീകരിച്ചതിനും ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനോട് (ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നല്‍കുന്ന സമിതി) ആദ്യമേ തന്നെ നന്ദി പറയുന്നു. ഈ രാത്രി സസ്യാഹാരം ഉള്‍പ്പെടുത്തിയ അവരുടെ നീക്കം ധീരമാണ്. ഇത് ശരിക്കും ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്.  

എന്റെ സഹനോമിനികളോട് പറയട്ടെ, നമ്മള്‍ ...... അല്ല. നമ്മുടെയിടയില്‍ .......... മത്സരം ഇല്ല. ടെലവിഷന്‍ പരിപാടിയ്ക്ക് വേണ്ടി പരസ്യങ്ങള്‍ നല്‍കാനാണ് ഈ വേദി സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ ഈ വര്‍ഷം ചെയ്ത ഗംഭീരമായ ജോലിയെ ഞാന്‍ പ്രശംസിക്കുന്നു. ആളുകള്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. നിങ്ങളോടൊപ്പം അംഗീകരിക്കപ്പെടുന്നുവെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ചില അഭിനേതാക്കളോട് ഞാന്‍ സംസാരിച്ചു. അവരുടെയും എന്റെയും ഏജന്റ് ഒന്നാണെങ്കില്‍ പോലും അവരില്‍ ചിലര്‍ എന്നെ ഭയപ്പെടുത്തുകയാണ്. 

ടോഡ് (ടോഡ് ഫിലിപ്പ്‌സ്- ജോക്കറിന്റെ സംവിധായകന്‍)... നിങ്ങള്‍ അതിശയിപ്പിക്കുന്ന ഒരു സുഹൃത്തും സഹകാരിയുമായിരുന്നു. ഈ സിനിമ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി. ഞാന്‍ നിങ്ങളുടെ ആസനത്തിലെ ഒരു വേദനയായിരുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, നിങ്ങള്‍ക്ക് എങ്ങിനെ എന്നെ സഹിക്കാന്‍ കഴിഞ്ഞുവെന്ന്. ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. 

റൂണി.. (റൂണി മാരി- പെണ്‍സുഹൃത്ത്) ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. (ഇവിടെ ഫീനിസ് വികാരഭരിതനാകുന്നു)

ഓസ്‌ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചും ഫീനിക്‌സ്, പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ''വളരെയധികം ആളുകള്‍ വന്ന് അവരുടെ ആശംസകള്‍ ഓസ്‌ട്രേലിയയിലേക്ക് അയച്ചത് വളരെ സന്തോഷകരമാണ്. പക്ഷേ, അതില്‍ കൂടുതലും നമ്മള്‍ ചെയ്യണം അല്ലേ...''

അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും സംഘാടകര്‍ മുറിച്ചു കളഞ്ഞതിനാല്‍, വാക്യങ്ങള്‍ പലതും പൂര്‍ണമായിരുന്നില്ല. 

''ജനകീയ വിശ്വാസത്തിന് എതിരായി എനിക്ക് വഞ്ചി കുലുക്കണമെന്നില്ല. പക്ഷേ വഞ്ചി കുലുക്കപ്പെട്ട് കഴിഞ്ഞു. 

ഞാന്‍ എല്ലായ്‌പ്പോഴും ഒരു സദ്ഗുണനല്ല. ഞാന്‍ വളരെയധികം പഠിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന പലരും എനിക്ക് നന്നാവാന്‍ നിരവധി അവസരങ്ങള്‍ നല്‍കി. ഞാന്‍ അവരോട് നന്ദിയുള്ളവനാണ്. 

നമ്മുക്ക് ഒരുമിച്ച് പല കാര്യങ്ങളും ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും കഴിയും. ചില സമയങ്ങളില്‍ നമ്മള്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ജീവിതത്തില്‍ മാറ്റങ്ങളും ഉത്തരവാദിത്വങ്ങളും സ്വീകരിക്കുകയും വേണം. വോട്ട് ചെയ്യുന്നത് വളരെ മികച്ച കാര്യമാണ്. ''

അദ്ദേഹത്തിന്റെ വീഡിയോയിലെ അവസാന വാക്കുകള്‍ ഹോളിവുഡിനെ വെല്ലുവിളിക്കുന്നതായിരുന്നു. അവാര്‍ഡ് സ്വീകരിക്കുവാനായി പാം സ്പ്രിംഗ്‌സിലേക്ക് സ്വകാര്യ ജെറ്റുകളില്‍ പോവുകയും വരികയും ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഇതൊഴിവാക്കാന്‍ ഞാന്‍ നന്നായി ശ്രമിക്കും. നിങ്ങളും അങ്ങിനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു; ഫീനിക്‌സ് പറഞ്ഞു.