• 20 Sep 2021
  • 05: 33 PM
Latest News arrow

'ദർബാർ'- രജനീകാന്ത് ആരാധകർക്കായി ഒരു രജനീകാന്ത് ആരാധകന്റെ വിരുന്ന്

രജനീകാന്തിന്റെ സിനിമയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെന്താണ്? തലൈവരുടെ മാനറിസങ്ങളോടെ നമുക്ക് ഊഹിക്കാൻ പറ്റുന്ന ഒരു കഥാതന്തു...നിരവധി ക്ലിഷെകളുടെ അകമ്പടിയോടെ.. ഈ ഒരു സിനിമ സംവിധാനം ചെയ്യുന്നത് പരിണിതപ്രജ്ഞനെങ്കിലും കടുത്ത രജനീഫാനായ ഒരാൾ കൂടിയാണെങ്കിലോ... അതെ... രജനീകാന്തിന്റെ സ്വയം പ്രഖ്യാപിത ആരാധകനായ എ.ആർ മുരുഗദോസ് എന്ന സംവിധായകൻ 'ദർബാർ' എന്ന ചിത്രത്തിലൂടെ രജനീകാന്തുമായി ഒത്തു ചേരുമ്പോൾ പ്രതീക്ഷ തെറ്റാതെ  അത് ഒരു ആഘോഷമായി...വിരുന്നായി  മാറുകയാണ്.

ഹിറ്റ് മേക്കര്‍ എ.ആര്‍. മുരുഗദോസും സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദര്‍ബാര്‍'. വര്‍ഷങ്ങള്‍ക്കുശേഷം രജനി പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ദര്‍ബാറിന്റെ പ്രധാന  ഹൈലൈറ്റ്. തൊണ്ണൂറുകളിലെ രജനിയെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാനാണ് മുരുഗദോസ് ശ്രമിച്ചത്. അതാകട്ടെ രജനികാന്തിന്റെ അതിശയകരമായ മേക്ക്ഓവറിലൂടെ സാധിച്ചെടുക്കുകയും ചെയ്തിരിക്കുന്നു.   വിജയിന്റെ 'സർക്കാറി'നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദര്‍ബാർ'.

ഹരി ചോപ്ര (സുനിൽ ഷെട്ടി) മുംബൈയിലെ ഒരു കൂട്ടം പോലീസുകാരെ ക്രൂരമായി തീവെച്ചു കൊന്ന് രാജ്യം വിട്ട് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിൽപ്പനക്കാരിൽ ഒരാളാവുകയാണ്. അതേസമയം തന്നെ ആദിത്യ അരുണാചലം എന്ന പൊലീസുദ്യോഗസ്ഥനും (രജനീകാന്ത്) മകൾ വള്ളിയ്ക്കും (നിവേദ  തോമസ്) മുംബൈയിലെത്താതെ തരമില്ലല്ലോ. ചോദിക്കാനെന്തിരിക്കുന്നു, മയക്കുമരുന്ന് വിൽപ്പനക്കാരുടെയും മനുഷ്യക്കടത്ത് സംഘത്തിന്റെയും  കയ്യിൽ നിന്ന് മുംബൈ നഗരത്തെ മോചിപ്പിക്കുന്ന ജോലിയായിരിക്കുമല്ലോ കമ്മീഷണര്‍ ആദിത്യ അരുണാചലത്തിന്. ആദിത്യ തന്റേതായ രീതികളിലൂടെ ദൗത്യം നടപ്പാക്കുമ്പോൾ ഹരി ചോപ്രയെ കണ്ടുമുട്ടാതിരിക്കാനാവില്ല. ഇനിയങ്ങോട്ട് പതിവ് പ്രതികാര കഥയാവുമല്ലോ. രജനീകാന്തിന്റെ കഥാപാത്രമായ ആദിത്യഅരുണാചലം പറയുന്നത് ' താൻ ഒരു മോശം പോലീസുകാരനാണ്' എന്നാണ്. അപ്പോൾ പിന്നെ സംഭവങ്ങൾ എന്താകുമെന്ന് പറയേണ്ട കാര്യമില്ല തന്നെ.

ആദിത്യ അരുണാചലമായുള്ള രജനീകാന്തിന്റെ പകർന്നാട്ടത്തെ തിരക്കഥയിൽ രൂപപ്പെടുത്തിയതു പോലെ ഛായാഗ്രാഹകൻ സന്തോഷ് ശിവനോടൊപ്പം തിരശ്ശീലയിലേക്ക് മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്  എ.ആർ മുരുഗദോസ്.

യുക്തിയെ വലിച്ചെറിഞ്ഞ് രജനീകാന്തിന്റെ സ്‌ക്രീൻ പ്രസൻസും ശരീരഭാഷയും ഊർജ്ജവും എല്ലാം ഉൾക്കൊണ്ട് കഥ തുടങ്ങുകയും വെടിയും ഇടിയുമൊക്കെയായി തുടർന്ന് ആരാധകർക്ക് വിരുന്നൊരുക്കുകയും ചെയ്യുന്ന നടപ്പുരീതി തന്നെയാണ് ദർബാറിലും കാണാനാവുക. വിവിധ ആയുധങ്ങളുമായി ആക്രമിക്കാൻ വരുന്ന പത്തമ്പത് പേരെ നിരായുധനായി തകർത്തെറിയുക, ദേശീയ മനുഷ്യാവകാശ കമ്മീഷനെ ഗൺപോയിന്റിൽ നിർത്തി അനുകൂലമായി റിപ്പോർട്ട് വാങ്ങുക, ജയിലിനുള്ളിൽ സെല്ലിൽ എൻകൗണ്ടർ നടത്തുക, വില്ലത്തരത്തിൽ അപകടത്തിൽപെട്ട് അച്ഛനോടൊപ്പം തലയ്ക്ക് ക്ഷതമേറ്റ്  ആശുപത്രിയിലെത്തിയ വള്ളിയെ അടിയന്തര ശസ്ത്രക്രിയ നടത്തുകയോ വല്ല മരുന്ന് കൊടുക്കുകയോ ചെയ്യാതെ മണിക്കൂറുകൾ കഴിഞ്ഞാൽ മരിച്ചുപോകുമെന്ന് പറഞ്ഞ് ഡോകടർ തന്നെ ആശ്വസിപ്പിച്ച് സെന്റിയാക്കുക തുടങ്ങിയവയൊക്കെ തലൈവരുടെ ദർബാറിൽ ആഘോഷമാക്കുന്നുണ്ട്. തലൈവനെ സ്തുതിച്ച് റയിൽവേ സ്റ്റേഷനിൽ ട്രാൻജെൻണ്ടേഴ്സ് പാട്ടുപാടി നൃത്തം വെക്കുന്നതിനിടയിൽ കൊലപ്പെടുത്താൻ ആയുധങ്ങളുമായെത്തുന്ന ഒരു വൻ അക്രമി സംഘത്തെ വെറുംകൈയോടെ നേരിടുന്നതൊക്കെ ഫാൻസിന് മാത്രം ആഘോഷിക്കാനുള്ള സംഗതികളാണ്.

ആദിത്യ അരുണാചലവും  മകൾ വള്ളിയും തമ്മിലുള്ള വൈകാരിക ബന്ധം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. വള്ളിയായി മലയാളിയായ നിവേദ തോമസ് മികച്ച പ്രകടനം കാഴ്ച വെച്ചു. ആദിത്യ ഒരു അച്ഛൻ മാത്രമല്ല, മകൾക്ക് ഒരു നല്ല സുഹൃത്തും കൂടി ആണ്. മകളുടെ വേർപാട് ആദിത്യയെ കൊടും പ്രതികാരദാഹിയാക്കുന്നു.

കഥയിൽ പ്രാധാന്യമില്ലെങ്കിലും  ലേഡി സൂപ്പർസ്റ്റാറിന്റെ ആരാധകർക്കായി ലില്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നയൻ താരയുമുണ്ട് ദർബാറിൽ. ലില്ലിയോട് ആദിത്യക്കും, തിരിച്ചും ഇഷ്ടം തോന്നുമല്ലോ.  പാട്ടും ഡാൻസുമായി ഏതാനും രംഗങ്ങളിൽ ഇരുവരുടെയും കോമ്പിനേഷനുകൾ ഉത്സവമാക്കുന്നുണ്ട്.

കൊടും കുറ്റവാളിയായ ഹരിചോപ്രയെ താൻ ചെയ്യുന്നത് എന്താണെന്നറിയാതെ ഒരേ ഭാവത്തോടെയാണ് കാണാനാവുക. എന്തായാലും ക്ലൈമാക്സിൽ ആദിത്യയും ഹരിയും തമ്മിലുള്ള കോമ്പിനേഷൻ  എങ്ങനെയായിരിക്കുമെന്ന് പ്രേക്ഷകർക്ക് നേരത്തെ ഊഹിക്കാം. അതുകൊണ്ടുതന്നെ ദർബാറിന്റെ വിരസമായ ക്ലൈമാക്സ് പ്രേക്ഷകനിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കില്ല.

തമിഴ് ചലച്ചിത്രങ്ങളിലെ  വർത്തമാനകാലത്തെ കോമഡി താരമായ യോഗി ബാബു, ആദിത്യയുടേയും  മകളുടെയും നിഴലായി പതിവുതെറ്റാതെ ആദിത്യയുടെ അടിയും ഇടിയുമൊക്കെ വാങ്ങി എന്നാൽ ചില കൗണ്ടറുകൾ ഒക്കെയിട്ട് ദർബാറിൽ വിലസുന്നുണ്ട്.

നിറങ്ങളും  പ്രകാശവും ചേർത്ത് സന്തോഷ് ശിവൻ ഒരുക്കിയ ക്ലാസ്സി ഫ്രെയിമുകൾ ദർബാറിന്റെ നിലവാരമുയർത്തുന്നു. ഇരുപത്തിയൊമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു രജനി ചിത്രത്തിന് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുന്നത്. 1991ൽ ഇറങ്ങിയ 'ദളപതി'യാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. സംഘട്ടനം പീറ്റര്‍ ഹെയിനും എഡിറ്റിങ്ങ് ശ്രീകര്‍ പ്രസാദും നിർവ്വഹിച്ചിരിക്കുന്നു.

എന്നാൽ അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ചവയിൽ  'ചുമ്മാ കിഴി..' എന്ന ഗാനമൊഴിച്ച് മറ്റു  ഗാനങ്ങളൊന്നും സ്‌ക്രീനിൽ ഏശിയില്ല . അതേസമയം, പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൊത്തം മൂഡിന് ഏറെ പിന്തുണ നൽകുകയും ചെയ്തു.

എന്തായാലും പൊങ്കല്‍ ആഘോഷമാക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച  'ദര്‍ബാര്‍' ആദ്യദിനം വേള്‍ഡ് വൈഡായി 7,000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തിലും നൂറില്‍ കൂടുതല്‍ സ്‌ക്രീനുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.