• 26 Feb 2020
  • 03: 31 AM
Latest News arrow

ഞൊടിയിടയില്‍ കെട്ടിടങ്ങള്‍ അപ്രത്യക്ഷമാകും; നോക്കിനില്‍ക്കുന്നവര്‍ക്ക് കാണാന്‍ കഴിയുക പൊടി മാത്രം

മരടില്‍ അനധികൃതമായി പണി കഴിപ്പിച്ച നാല് ഫഌറ്റുകളും പൊളിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനികള്‍.  ഹോളി ഫെയ്ത്ത് എച്ച്ടുഒ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നീ ഫഌറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചു കഴിഞ്ഞതായി എഡിഫിസ് എഞ്ചിനീയറിങ്ങിന്റെയും ജെറ്റ് ഡെമോളിഷന്റെയും ഉദ്യേഗസ്ഥര്‍ അറിയിച്ചു. 

ബുധനാഴ്ച ഉച്ച കഴിഞ്ഞും വ്യാഴാഴ്ചയുമായി അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച രാവിലെ കൃത്യം 11 മണിയ്ക്ക് തന്നെ ഹോളിഫെയ്ത്ത് എച്ച്ടുഒ സ്‌ഫോടനത്തിലൂടെ തകര്‍ക്കും. 

23 സെക്കന്‍ഡുകള്‍ മാത്രമാണ് ഫഌറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ട സമയം. ഗോള്‍ഡന്‍ കായലോരം ആറ് സെക്കന്‍ഡിലും ജെയിന്‍ കോറല്‍കോവ് എട്ട് സെക്കന്‍ഡിലും എച്ച്ടുഒ ഒമ്പത് സെക്കന്‍ഡിലും നിലംപൊത്തും. നോക്കി നില്‍ക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പേ ഫഌറ്റുകള്‍ ഭൂമിയില്‍ പതിയ്ക്കും. പൊടി ഉയരുന്നത് മാത്രമേ കാണാന്‍ കഴിയൂ. ഫഌറ്റുകള്‍ തകര്‍ന്ന് വീഴുന്നത് കൃത്യമായി മനസ്സിലാക്കാന്‍ എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിക്കും. 

കെട്ടിടത്തില്‍ നിന്ന് 71 മീറ്റര്‍ അകലെ നിന്നാണ് സ്‌ഫോടനത്തിനുള്ള ചാര്‍ജിങ്ങിനായി സ്വിച്ച് അമര്‍ത്തുക. അവിടെ അഞ്ച് പേരുണ്ടാകും. ഖനിയിലും മറ്റും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുവാണ് ഫഌറ്റുകള്‍ തകര്‍ക്കാനും ഉപയോഗിക്കുന്നത്. ഇംപ്ലോഷന് സഹായിക്കുന്ന വിധം പായ്ക്ക് ചെയ്ത് ഫ്യൂസ് രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കട്ടി കൂടിയ ഡയമെറ്റിക് ട്യൂബിലൂടെയായിരിക്കും സ്‌ഫോടക വസ്തുവിലേക്ക് ജ്വലനം പകരുക. സെക്കന്‍ഡില്‍ 2000 മീറ്റര്‍ വേഗത്തില്‍ ഇതിലൂടെ ജ്വലനം സഞ്ചരിക്കും.

സ്‌ഫോടക വസ്തു നിറച്ചിരിക്കുന്ന ഓരോ ദ്വാരത്തിലേക്കും രണ്ട് വീതം കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഒന്നിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ പകരമായി മറ്റൊന്ന് ഉപയോഗിക്കാനാണിത്. 

ഗോള്‍ഡന്‍ കായലോരം രണ്ട് ദിശകളിലേക്കായിരിക്കും വീഴിക്കുക. കെട്ടിടത്തിന്റെ പതിനൊന്നാമത്തെ നില വരെ തെക്ക് കിഴക്കോട്ടും ബാക്കിയുള്ള ആറ് നിലകള്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് അല്‍പ്പം ചെരിച്ചും വീഴിക്കും. ഫഌറ്റിന് സമീപത്തുള്ള അങ്കണവാടിയ്ക്കും ബഹുനില കെട്ടിടത്തിനും യാതൊരു തകരാറും ഉണ്ടാകാതിരിക്കാനാണിത്. 

കായലിന്റെ സമീപത്ത് നിന്നായിരിക്കും എച്ച്ടിഒ ഫഌറ്റിന്റെ സ്‌ഫോടനം തുടങ്ങുക. കെട്ടിടം കായലിലേക്ക് വീഴാതിരിക്കാനാണിത്. പാലത്തിന് കേടുപാട് ഉണ്ടാകുന്നില്ലെന്നും ഇതിലൂടെ ഉറപ്പുവരുത്തും. ഒരു വശത്ത് നിന്ന് തുടങ്ങി എതിര്‍വശത്തേയ്ക്ക് പോകുന്ന രീതിയിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രകമ്പനം കുറയ്ക്കുന്നതിന് വേണ്ടിയാണിത്. 

കായല്‍ തീരത്ത് നിന്ന് തന്നെയാണ് ജെയിന്‍ കോറല്‍കോവും തകര്‍ത്ത് തുടങ്ങുക. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടായിരിക്കും സ്‌ഫോടനം. നേരെ താഴോട്ടായിരിക്കും ഈ ഫഌറ്റ് സമുച്ചയം പതിയുക. കിഴക്ക് ഭാഗത്ത് കായലും പടിഞ്ഞാറ് ഭാഗത്ത് വീടും ഉള്ളതിനാലാണ് നേരെ താഴേയ്ക്ക് കെട്ടിടം വീഴിക്കുന്നത്.

വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ കായലില്‍ പതിക്കാതിരിക്കാന്‍ നാല് പാളികളായി ഫഌറ്റുകള്‍ക്ക് ചുറ്റും കമ്പിവലകള്‍ ചുറ്റിയിട്ടുണ്ട്. ഇത് കൂടാതെ ജിയോ ടെക്‌സ്‌റ്റൈലും പല പാളികളായി ചുറ്റിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഭിത്തി നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു. അതുകൊണ്ട് സ്‌ഫോടനം നടക്കുമ്പോള്‍ യാതൊന്നും പെട്ടിച്ചിതറുകയില്ല.

കെട്ടിടം തകരുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന പൊടി പത്ത് മിനിറ്റിനുള്ളില്‍ ശമിക്കും. പത്ത് മിനിറ്റ് കഴിയുന്നതോടെ ഫയര്‍ എഞ്ചിനില്‍ നിന്ന് വെള്ളം പമ്പ് ചെയ്യും. ഇതിനായി അഞ്ച് ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിക്കും. 

ചതുപ്പു ഭൂമിയായതിനാല്‍ കെട്ടിടം വീഴുമ്പോഴുണ്ടാകുന്ന പ്രകമ്പനം കുറവായിരിക്കും. ഉറച്ച മണ്ണിനെക്കാള്‍ പ്രകമ്പനം വലിച്ചെടുക്കാനുള്ള ശേഷി ചതുപ്പ് മണ്ണിന് കൂടുതലാണ്.