ശ്രീലങ്കക്കെതിരെ പരമ്പരവിജയം ലക്ഷ്യമിട്ട് ഇന്ത്യ; മൂന്നാം ടി20 വെള്ളിയാഴ്ച

പൂനെ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പരവിജയം ലക്ഷ്യമിട്ടാണ് വിരാട് കോലിയും സംഘവും കളിക്കാനിറങ്ങുന്നത്.
ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തോടെ ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു.
രണ്ടാം ടി20യില്‍ പേസര്‍മാരായ നവദീപ് സെയ്നി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. താക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ സെയ്നി രണ്ടു വിക്കറ്റ് വീഴ്ത്തി.രണ്ടു വിക്കറ്റുമായി സ്പിന്നര്‍ കുല്‍ദീപ് യാദവും തിളങ്ങി.
രണ്ടാം ടി20യില്‍ പുറത്തിരുന്ന മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസിനെ മൂന്നാം ടി20യില്‍ ലങ്കന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. കഴിഞ്ഞ മല്‍സരത്തില്‍ മധ്യനിര ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് ലങ്കയെ മികച്ച സ്കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. മാത്യൂസ് ടീമിലെത്തിയാല്‍ ഈ കുറവ് നികത്താന്‍ കഴിയുമെന്നു ലങ്ക കണക്കുകൂട്ടുന്നു. നാലോ, അഞ്ചോ സ്ഥാനത്തു ലങ്കയ്ക്കു പരീക്ഷിക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം.
മലയാളി താരം സഞ്ജു സാംസണിന് മൂന്നാം ടി20യിലും അവസരം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ മല്‍സരവും നഷ്ടമാവുകയാണെങ്കില്‍ സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വന്ന തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയും എട്ടാമത്തെ കളിയുമായിരിക്കും ഇത്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരകളിലും സഞ്ജു ടീമിന് പുറത്തായിരുന്നു.
ഇന്ത്യ:- ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്നി.
ശ്രീലങ്ക:- ധനുഷ്ക ഗുണതിലക, അവിഷ്ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, ആഞ്ചലോ മാത്യൂസ്, ഭാനുക രാജപക്സ, ദസുന്‍ ശനക, ധനഞ്ജയ ഡിസില്‍വ, വനിന്ദു ഹസരംഗ, ലഹിരു കുമാര, ലസിത് മലിങ്ക (ക്യാപ്റ്റന്‍), കസുന്‍ രജിത / ലക്ഷണ്‍ ശണ്ടകന്‍.