ഇന്ത്യ-ശ്രീലങ്ക ട്വന്റി-20: പരമ്പര സ്വന്തമാക്കി ഇന്ത്യ

പൂണെ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ജയിച്ച് ഇന്ത്യ. പൂണെയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 78 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കിയത്. നവ്ദീപ് സൈനി മൂന്നും ഷാര്‍ദുല്‍ ഠാകൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 57 റണ്‍സ് നേടിയ ധനഞ്ജയ ഡിസില്‍വയാണ് ലങ്കയുടെ ടോപ് സ്കോര്‍.
കെല് രാഹുല്‍ (54), ശിഖര്‍ ധവാന് (52), മനീഷ് പാണ്ഡെ (18 പന്തില്‍ 31), ഷാര്‍ദുല്‍ ഠാകൂര്‍ (8 പന്തില്‍ 22) എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ സ്കോര്‍ 200 കടത്തിയത്. അതേസമയം ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു വി സാംസണ് ഒരു സിക്സറെടുത്ത് പുറത്തായി.