ന്യൂസിലാന്‍ഡ് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ഇല്ല

മുംബൈ: ന്യൂസിലാന്‍ഡിൽ ഈ മാസം 24-ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ഇന്ത്യ ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ടിരുന്ന ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ തിരിച്ചെത്തിയിട്ടുണ്ട്. റിഷഭ് പന്തിനെ മാത്രം വിക്കറ്റ് കീപ്പറാക്കി. കഴിഞ്ഞ മൂന്നു ടി20 പരമ്പരകളിലും ബാക്കപ്പായി ഉള്‍പ്പെടുത്തിയ സഞ്ജുവില്ലാതെ പന്തിനെ മാത്രം ഏക വിക്കറ്റ് കീപ്പറായി ടീമിലെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരേ വിശ്രമം ലഭിച്ച പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ മടങ്ങിയെത്തി. ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായ പേസര്‍ നവദീപ് സെയ്നിയെയും മികച്ച പ്രകടനം നടത്തിയ ശര്‍ദ്ദുല്‍ താക്കൂറിനെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ല.
തുടര്‍ച്ചയായി മൂന്നു പരമ്പരകളില്‍ ഇന്ത്യയുടെ ടി20 സംഘത്തിന്റെ ഭാഗമായെങ്കിലും പ്ലെയിങ് ഇലവനില്‍ ഒരു തവണ മാത്രമേ സഞ്ജുവിന് അവസരം നല്കിയിരുന്നുള്ളൂ. ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യിലായിരുന്നു ഇത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സറുമായി സഞ്ജു തുടങ്ങിയെങ്കിലും രണ്ടാം പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി ഔട്ടായി. ബാറ്റിങിലെ ഈ മോശം പ്രകടനമാണ് സഞ്ജുവിന് ന്യൂസിലാന്‍ഡിനെതിരേ അവസരം നഷ്ടപ്പെടുത്തിയതെന്നാണ് സൂചന. ട്വന്റി20 ടീമിൽനിന്ന് പുറത്തായെങ്കിലും സഞ്ജു ഇപ്പോൾ ന്യൂസിലാന്‍ഡിലുണ്ട്. അവിടെ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിന്റെ ഭാഗമായതിനാലാണ് അത്. മറ്റൊരു മലയാളി താരം സന്ദീപ് വാരിയരും ഇന്ത്യ എയുടെ ഭാഗമായി ന്യൂസിലാന്‍ഡിലുണ്ട്.
ബിസിസിഐയുടെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമില്‍ നിന്നും ഹാര്‍ദിക് പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ടി20 ടീമിലും താരത്തിനു അവസരം നഷ്ടമായത്. പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ ഹാര്‍ദിക്കിന് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് ബിസിസിഐ അറിയിച്ചു. ഹാര്‍ദിക്കിനു പകരം ഇന്ത്യന്‍ എ ടീമില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയിരുന്നു.
ന്യൂസിലാന്‍ഡിനെതിരേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യ മാറ്റുരയ്ക്കുന്നുണ്ട്. ഇന്ത്യ- ന്യൂസിലാന്‍ഡ് ടി20 പരമ്പരയ്ക്കു ശേഷം മൂന്നു ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും ഇന്ത്യ കിവീസിനെതിരേ കളിക്കും.
ടീം ഇന്ത്യ :- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.