• 30 Jan 2023
  • 04: 33 AM
Latest News arrow

ബെന്‍ സ്‌റ്റോക്‌സ് ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍; രോഹിത് മികച്ച ഏകദിന താരം; ടി20 മിടുക്കൻ ചഹർ; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് കോലിക്ക്

ദുബായ്: ക്രിക്കറ്റിലെ പരമോന്നത ബഹുമതിയായ ഐസിസി ( ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) യുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമായ സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ നടത്തിയ മികച്ച പ്രകടനമാണ് ബെന്‍ സ്‌റ്റോക്‌സിനെ വിജയിയാക്കിയത്.

ഐസിസിയുടെ മികച്ച കളിക്കാരനുള്ള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫിക്ക് അവകാശിയായ മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് ബെൻ സ്റ്റോക്‌സ്. ആന്‍ഡ്രു ഫ്‌ളിന്റോഫ്, ജൊനാതന്‍ ട്രോട്ട് എന്നിവരാണ് നേരത്തേ ഈ പുരസ്‌കാരം നേടിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് അഭിമാനമായി കഴിഞ്ഞ വര്‍ഷത്തെ മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയ്ക്ക് ലഭിച്ചു. ടി20 ക്രിക്കറ്റിലെ മികച്ച പെര്‍ഫോമന്‍സിനുള്ള ഐസിസി അവാര്‍ഡ് ഇന്ത്യന്‍ പേസര്‍ ദീപക് ചഹറിനു ലഭിച്ചപ്പോള്‍ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് നായകന്‍ വിരാട് കോലി അർഹനായി.

ബെൻ സ്‌റ്റോക്‌സിനെ സംബന്ധിച്ചു 2019 കരിയറിലെ സുവര്‍ണ വര്‍ഷമായിരുന്നു. ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ജേതാക്കളായപ്പോള്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും സ്റ്റോക്‌സായിരുന്നു. ലോകകപ്പില്‍ മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലും ഗംഭീര പ്രകടനമായിരുന്നു ബെൻ സ്റ്റോക്സ് കാഴ്ച വെച്ചത്.

കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഹിറ്റ്മാനായിരുന്നു രോഹിത് ശർമ്മ. 28 മല്‍സരങ്ങളില്‍ നിന്നും ഏഴു സെഞ്ച്വറികളടക്കം 1,409 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളുമായി അദ്ദേഹം ലോക റെക്കോര്‍ഡ് കുറിക്കുകയും ചെയ്തിരുന്നു.

ഐസിസി മികച്ച ഏകദിന താരമായി തന്നെ തിരഞ്ഞെടുത്തതിനു നന്ദിയുണ്ടെന്നു രോഹിത് പ്രതികരിച്ചു. രാജ്യത്തിനു വേണ്ടി കളിക്കാന്‍ തനിക്കു അവസരം നല്‍കിയ ബിസിസിഐയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. "കഴിഞ്ഞ വര്‍ഷം ഒരു ടീമെന്ന നിലയില്‍ ഇന്ത്യ നടത്തിയ പ്രകടനം വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്"- രോഹിത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ടി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം ചഹറിന് നേടിക്കൊടുത്തത് ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന മല്‍സരത്തിലെ ബൗളിങ് പ്രകടനമായിരുന്നു. നാഗ്പൂരില്‍ നടന്ന മല്‍സരത്തില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹര്‍ ഹാട്രിക്കുള്‍പ്പെടെ ആറു വിക്കറ്റുകളായിരുന്നു കൊയ്തത്.

ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നു ചഹര്‍ പറഞ്ഞു. "ഐസിസിക്കും ബിസിസിഐയ്ക്കും നന്ദി. ബംഗ്ലാദേശിനെതിരേയുള്ള ആ പ്രകടനം എന്നെ സംബന്ധിച്ചു വളരെ സ്‌പെഷ്യലാണ്. അത് എക്കാലവും തന്റെ ഹൃദയത്തിലുണ്ടാവും"- ചഹര്‍ കൂട്ടിച്ചേര്‍ത്തു.

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ലഭിച്ചത് തന്നെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണെന്നായിരുന്നു കോലിയുടെ പ്രതികരണം. "ഈ അവാര്‍ഡ് തന്നെ തേടിയെത്തിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. മുന്‍ വര്‍ഷങ്ങളില്‍ പല തെറ്റായ കാരണങ്ങളെ തുടര്‍ന്നു ഞാൻ വിമര്‍ശനം നേരിട്ടിട്ടുണ്ട്. നിങ്ങള്‍ക്കു കളിക്കളത്തില്‍ വച്ച് എതിര്‍ താരത്തെ സ്ലെഡ്ജ് ചെയ്യാം, കളിയാക്കാം. എതിര്‍ ടീമിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവയെല്ലാം ചെയ്യുന്നത്. പക്ഷെ ഒരു താരത്തെ കൂവി വിളിച്ച് പരിഹസിക്കുന്നതിനോടു ക്രിക്കറ്റില്‍ മാത്രമല്ല, ഒരു ഗെയിമിലും താന്‍ യോജിക്കുന്നില്ല"-  കോലി വിശദമാക്കി.

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനാണ്. 12 ടെസ്റ്റുകളില്‍ നിന്നും 59 വിക്കറ്റുകളാണ് കഴിഞ്ഞ വര്‍ഷം കമ്മിന്‍സ് കൊയ്തത്. ഈ പ്രകടനം ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ അദ്ദേഹത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് മഹത്തായ നേട്ടമാണെന്നു കമ്മിന്‍സ് പ്രതികരിച്ചു. ഈ പുരസ്‌കാരം താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസിസി അവാര്‍ഡ് ജേതാക്കള്‍:-

പ്ലെയര്‍ ഓഫ് ദി ഇയര്‍- ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്). 

മികച്ച ഏകദിന താരം - രോഹിത് ശര്‍മ (ഇന്ത്യ

മികച്ച ടെസ്റ്റ് താരം- പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) 

ടി209 പെര്‍ഫോമന്‍സ് ഓഫ് ദി ഇയര്‍- ദീപക് ചഹര്‍ (ഇന്ത്യ) 

എമേര്‍ജിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍- മാര്‍നസ് ലബ്യുഷെയ്ന്‍ (ഓസ്‌ട്രേലിയ) 

അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍- കൈല്‍ കോട്‌സര്‍ (സ്‌കോട്ട്‌ലാന്‍ഡ്) 

സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്- വിരാട് കോലി (ഓവലില്‍ സ്റ്റീവ് സ്മിത്തിനെ കാണികള്‍ കൂവി വിളിച്ചപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനാണ് പുരസ്‌കാരം) 

അംപയര്‍ ഓഫ് ദി ഇയര്‍- റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്ത്‌