• 26 Feb 2020
  • 03: 15 AM
Latest News arrow

കാട്ടുതീയണയ്ക്കാന്‍ അച്ഛന്‍ ജീവത്യാഗം ചെയ്തു; ഹെല്‍മെറ്റ് തലയിലേറ്റി കുഞ്ഞുമകള്‍; കണ്ണീര്‍ച്ചിത്രം

സോഷ്യല്‍ മീഡിയയില്‍ കണ്ണീരാവുകയാണ് ഈ കുഞ്ഞു പെണ്‍കുട്ടിയുടെ ചിത്രം. ഓസ്‌ട്രേലിയയിലെ കാട്ടുതീ അണയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജീവത്യാഗം ചെയ്ത ആന്‍ഡ്രൂ എന്ന സൈനികന്റെ മകള്‍. അച്ഛന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കിടെ അച്ഛന്‍ അണിഞ്ഞിരുന്ന ഹെല്‍മെറ്റ് സ്വന്തം തലയിലേറ്റി ശവമഞ്ചത്തിന് മുമ്പിലൂടെ നടക്കുന്ന ഷാര്‍ലെറ്റ് എന്ന കുഞ്ഞുമകള്‍ ആരുടെയും കണ്ണ് നനയ്ക്കും. 19 മാസം പ്രായമുള്ള ഷാര്‍ലെറ്റിന് അച്ഛന്റെ വിയോഗം മനസ്സിലാക്കാന്‍ കഴിയുന്നുണ്ടാകില്ല. എങ്കിലും 'മോളുടെ അച്ഛന്‍ ഒരു ഹീറോയാണെന്ന്' പറഞ്ഞ് അധികൃതര്‍ അവളുടെ വെളളയുടുപ്പില്‍ കുത്തിക്കൊടുത്ത ധീരതയ്ക്കുള്ള അവാര്‍ഡ് നെഞ്ചോട് ചേര്‍ത്ത് അച്ഛന്റെ ഹെല്‍മെറ്റ് മറ്റാര്‍ക്കും കൊടുക്കാതെ തലയില്‍ അണിഞ്ഞ് അവള്‍ ശവമഞ്ചത്തോടൊപ്പം നടന്നുനീങ്ങി. 

കഴിഞ്ഞ ഡിസംബര്‍ 19നാണ് ആന്‍ഡ്രൂ ഒ ഡ്വയര്‍ മരണത്തിന് കീഴടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ആന്‍ഡ്രൂ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് ഒരു മരം വന്ന് വീഴുകയായിരുന്നു. ആന്‍ഡ്രൂവിനൊപ്പം ജെഫ് കീറ്റണ്‍ എന്ന സഹപ്രവര്‍ത്തകനും മരിച്ചു. ഹോര്‍സ്ലി പാര്‍ക്ക് റൂറല്‍ ഫയര്‍ ബ്രിഗേഡിലെ അംഗങ്ങളാണ് ഇരുവരും.