അമ്മയായ ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി സാനിയ; ഹൊബാർട്ട് ഇന്റർനാഷണലിൽ സാനിയ-നാദിയ സഖ്യത്തിന് കിരീടം

ഹൊബാര്‍ട്ട്: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നിസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിര്‍സ ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ കരുത്തു തെളിയിച്ചു. ഓസ്ട്രേലിയയില്‍ നടക്കുന്ന ഡബ്ല്യുടിഎ ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ മിർസ -നാദിയ കിച്ചനോക് സഖ്യം കിരീടം നേടി.
സീഡ് ചെയ്യപ്പെടാതെ, ഉക്രയിനിന്റെ നാദിയ കിച്ചനോക്കിനൊപ്പം റാക്കറ്റേന്തിയ സാനിയ രണ്ടാം സീഡായ പെംഗ് ഷുവായ്- ഴാങ് ഷുവായ് ചൈനീസ് സഖ്യത്തെ ഒരു മണിക്കൂർ 21 മിനിറ്റിനുള്ളിലാണ് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ: 6-4, 6-4.
സാനിയയുടെ 42-ാമത് ഡബ്ല്യുടിഎ ഡബിൾസ് കിരീടമാണ് ഇത്. 2007 ൽ അമേരിക്കൻ പങ്കാളിയായ ബെഥാനി മാറ്റെക് സാൻഡ്സിനൊപ്പം.ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ട്രോഫി നേടിയ ശേഷമുള്ള ആദ്യത്തേതും.
സെമിയില്‍ സ്ലൊവാക്യ-ചെക്ക് കൂട്ടുകെട്ടായ തമാറ സിദാന്സിക്ക്-മരിയ ബൗസ്ക്കോവ സഖ്യത്തെ സാനിയ-നാദിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. സ്കോര്‍: 7-6, 6-2. പോരാട്ടം ഒരു മണിക്കുറും 33 മിനിറ്റും നീണ്ടുനിന്നു.
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ വാനിയ കിങ്-ക്രിസ്റ്റീന മക്ഹേല്‍ സഖ്യത്തെയാണ് ഇന്തോ-ഉക്രൈൻ സഖ്യം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-2, 4-6, 10-4. മത്സരം ഒരു മണിക്കൂര്‍ 24 മിനുട്ട് നീണ്ടുനിന്നു.
മകൻ ഇഷാന് ജന്മം നൽകിയ ശേഷം രണ്ടുവർഷത്തെ ഇടവേള കഴിഞ്ഞ് ആദ്യ ടൂർണമെന്റ് കളിക്കുന്ന 33 കാരിയായ സാനിയയ്ക്ക് ഒളിമ്പിക് വർഷത്തിൽ ഇത് ഓസ്ട്രേലിയൻ ഓപ്പണിനുള്ള വാമിങ് അപ്പ് കൂടിയാണ്.
സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് അവസാനമായി കളിച്ചത്. പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് ടീം നായകന് ഷുഹൈബ് മാലിക്കാണ് സാനിയയെ വിവാഹം കഴിച്ചത്. 2018-ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. അടുത്തിടെയാണ് പരിശീലനം പുനരാരംഭിച്ചത്.
.