• 20 Sep 2021
  • 03: 52 PM
Latest News arrow

''ഞാന്‍ സുന്ദരനല്ല, ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുമില്ല, പക്ഷേ എനിക്കതില്‍ ആശങ്കയില്ല''- മോഹന്‍ലാല്‍

''ചെറുപ്പം മുതലേ എനിക്ക് ചുറ്റും സിനിമയുണ്ടായിരുന്നു എന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. സിനിമയുമായി ബന്ധമുള്ള ആരും കുടുംബത്തിലുണ്ടായിരുന്നില്ല. എന്നിട്ടും ആറാം ക്ലാസിലും പത്താം ക്ലാസിലും കോളേജിലും പഠിക്കുമ്പോള്‍ ഞാന്‍ ക്യാമറയ്ക്ക് മുമ്പില്‍ ചെന്നുപെട്ടു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ സിനിമയെടുക്കാന്‍ തീരുമാനിച്ച ഒരു ഉത്സാഹക്കമ്മിറ്റിയുടെ മുമ്പില്‍ച്ചെന്നു പെട്ടു. എന്റെ വീട്ടുമുറ്റത്തായിരുന്നു ആദ്യത്തെ ഷോട്ട്. വീട്ടില്‍ തന്നെയായിരുന്നു എല്ലാവരുടെയും താമസം. 

പതിനേഴാമത്തെ വയസ്സില്‍ ഒരു തമിഴ് സിനിമയെടുക്കാനായി മദിരാശിയിലേക്ക് പോയി. അവിടെ വെച്ച് രവീന്ദ്രന്‍, മുത്തുഭാരതി തുടങ്ങിയ വലിയ വ്യക്തിത്വങ്ങളെ കണ്ടു. ആ സമയത്ത് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ട് സിനിമയിലേക്ക് പോയാല്‍ പോരേ എന്ന് അച്ഛന്‍ ചോദിച്ചു. പക്ഷേ, ഞാനറിയാതെ സിനിമയുടെ വഴിയേ പോവുകയായിരുന്നു.

നവോദയയുടെ പുതിയ സിനിമയിലേക്ക് പുതുമുഖത്തെ വേണമെന്ന് ഒരു അറിയിപ്പ് വന്നു. നിനക്കയച്ചുകൂടേ എന്ന് സുഹൃത്തുക്കള്‍ ചോദിച്ചു. എന്നാല്‍ എന്റെ ഈ മുഖം വെച്ച് ഒരിക്കലും പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ സുഹൃത്തുക്കള്‍ വിട്ടില്ല. ഒരു വീടിന്റെ ടെറസ്സില്‍ കൊണ്ടുപോയി നമ്പ്യാതിരി (അദ്ദേഹം പിന്നീട് വലിയ ഛായാഗ്രാഹകനായി) എന്റെ കുറേ ഫോട്ടോകള്‍ എടുത്തു. അവ നവോദയയ്ക്ക് അയക്കാന്‍ പോസ്‌റ്റോഫീസിലേക്ക് പോയി. എന്നാല്‍ ചില്ലറ വേണമെന്ന് പറഞ്ഞ് അവിടെയുള്ളയാള്‍ തിരിച്ചയച്ചു. വീണ്ടും ചെന്ന് അയക്കാന്‍ മടിയായതിനാല്‍ അയച്ചു എന്ന് സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ സുരേഷ് (നിര്‍മ്മാതാവ് സുരേഷ് കുമാര്‍) അത് കണ്ടുപിടിച്ചു. പിന്നീട് ഫോട്ടോ അയക്കേണ്ട അവസാന ദിവസം നവോദയയില്‍ നേരിട്ട് കൊണ്ടു ചെന്ന് കൊടുത്തു. പിറ്റേന്ന് തന്നെ ചെല്ലാന്‍ പറഞ്ഞു. ആദ്യത്തെ പന്ത്രണ്ട് ദിവസം കഴിഞ്ഞാണ് ക്യാമറയ്ക്ക് മുന്നില്‍ ചെല്ലാന്‍ പറ്റുന്നത്. അങ്ങിനെ ഞാന്‍ സിനിമയിലേക്ക് വന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്ന സമയത്ത് ഞാന്‍ സുന്ദരനല്ലെന്ന ബോധ്യം എനിക്ക് നന്നായിട്ടുണ്ടായിരുന്നു. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാന്‍. അതില്‍ പക്ഷേ എനിക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ല. സിനിമയ്ക്ക് പിന്നാലെ സിനിമ ചെയ്യണമെന്ന ആഗ്രഹം ഇല്ലാത്തതുകൊണ്ടായിരുന്നു അത്. 
ഒരിക്കല്‍ കെപി ഉമ്മര്‍ എന്നോട് പറഞ്ഞു, ''എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ''. അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞതെന്ന് എനിക്കറിയില്ല. എന്തായാലും ഞാന്‍ അതിനെ പോസിറ്റീവായി തന്നെ സ്വീകരിച്ചു. 

സിനിമയില്‍ നമ്മള്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമ്മുക്ക് ശരിക്കും സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്‍പ്പത്തിനും അല്‍പ്പം പ്രശ്‌നമുള്ള ശില്‍പത്തിനും ഒരുപോലെ ഭംഗി തോന്നാവുന്ന സാഹചര്യം വരും. കണ്ട് കണ്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക. അതിന് ഉദാഹരണമായിരിക്കും ഞാന്‍.

സിനിമാ അഭിനയം എന്ന് പറയുന്നത് മറ്റൊരു ലോകമാണ്. പോള്‍മുനി പറഞ്ഞതുപോലെ ക്യാമറ വെച്ചു കഴിഞ്ഞാല്‍ ഒറ്റ അഭിനയമേയുള്ളൂ. life span of an actor between action and cut എന്നൊക്കെ പറയാം. കഥാഗതിയ്ക്ക് അനുസരിച്ചായിരിക്കില്ല ചിത്രീകരണം. ഇപ്പോള്‍ അറുപത്തിമൂന്നാമത്തെ സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍ വൈകുന്നേരം അഭിനയിക്കേണ്ടത് മുപ്പത്തിരണ്ടാമത്തെ സീനാണ്. രാത്രി എടുക്കേണ്ടത് എട്ടാമത്തേതും. അപ്പോള്‍ കഥാപാത്രത്തിന്റെയും കഥയുടെയും വളര്‍ച്ചാ ഗ്രാഫ് എപ്പോഴും സിനിമാ നടന്റെ ഉള്ളില്‍ ഉണ്ടായിരിക്കണം. അത് അബോധമായി ഉള്ളില്‍ കിടക്കേണ്ടതാണ്. ആ ബോധ്യത്തിലാണ് അഭിനയിക്കേണ്ടത്. അത് ശരിയാവുക എന്നത് ദൈവാധീനം കൊണ്ട് മാത്രം നടക്കുന്ന കാര്യമാണ്. 

സിനിമയില്‍ നിന്ന് എപ്പോഴെങ്കിലും ഔട്ടാകും എന്നതിനെക്കുറിച്ച് ഞാന്‍ കണ്‍സേണ്‍ഡ് അല്ല. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. മറിച്ച് ഇത്രകാലം മലയാള സിനിമയില്‍ നിന്നോളാം എന്ന് ഞാന്‍ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരുപാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ല. ഞാന്‍ സിനിമയില്‍ വന്ന രീതികൊണ്ടായിരിക്കാം ഇങ്ങിനെയൊരു മാനസികാവസ്ഥ എനിക്കുണ്ടായത്. എപ്പോഴും എന്നെ സിനിമയോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങിനെ ചെയ്താല്‍ ഇങ്ങിനെയാവും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവര്‍ക്കേ ഇത്തരം പേടിയുണ്ടാകൂ. 

സിനിമയില്‍ നിന്ന് ഔട്ടാകുന്നതിനെക്കുറിച്ചൊന്നും ആശങ്കപ്പെട്ടിട്ട് കാര്യമില്ല. ഈ പ്രപഞ്ചത്തില്‍ എല്ലാറ്റിനും കൃത്യമായ സമയമുണ്ട്. അത് കഴിഞ്ഞാല്‍ വിസിലടിക്കും. അപ്പോള്‍ കളമൊഴിഞ്ഞേ മതിയാകൂ...'' മോഹന്‍ലാല്‍ പറയുന്നു

 

 

(സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ വന്ന അഭിമുഖത്തില്‍ നിന്ന്....)