• 26 Feb 2020
  • 03: 01 AM
Latest News arrow

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് നിര്‍മ്മാണ വസ്തുക്കൾ വെച്ചയാൾ കീഴടങ്ങി

ബംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് നിര്‍മ്മാണ സാമഗ്രി വെച്ചുവെന്ന് സംശയിക്കുന്നയാൾ  പൊലീസില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബംഗളൂരു ഡിജിപി ഓഫീസിലെത്തി കീഴടങ്ങിയത്. വിമാനത്താവളത്തില്‍ സ്ഥിരം ബോംബ് ഭീഷണി മുഴക്കുന്നയാളാണ് ആദിത്യ റാവുവെന്ന് പോലീസ് പറഞ്ഞു.  യുട്യൂബ് നോക്കിയാണ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിരുദധാരിയാണ് ആദിത്യറാവു. 2018-ലും  ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതിന്‍റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. ഈ കേസിൽ 6 മാസം ജയിൽ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്. അന്ന് എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കാത്തതിന്‍റെ വൈരാഗ്യത്തിനാണ് ബോംബ് ഭീഷണി മുഴക്കിയത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മംഗളൂരിലെ വിമാനത്താവളത്തില്‍ നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പോലീസ് കണ്ടെടുത്തത്. വിശ്രമ മുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു ഇവ  ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡിന്‍റെ പരിശോധനയില്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍ , ഡിറ്റണേറ്റര്‍ എന്നിവ കണ്ടെടുത്തിരുന്നു.

വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധിച്ച പോലീസ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തുളു ഭാഷയിലാണ് സംസാരിച്ചതെന്ന് ഇയാളെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോക്കാരനും പോലീസിന് മൊഴി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ സ്വകാര്യ ബസിലാണ് പ്രതി മംഗളൂരു വിമാനത്താവളത്തിന് സമീപമെത്തിയത്. അപ്പോള്‍ ഇയാളുടെ ഇയാളുടെ കയ്യിൽ രണ്ട് ബാഗുകൾ ഉണ്ടായിരുന്നു. ഇതിൽ ഒന്ന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം ഓട്ടോയിൽ വിമാനത്താവളത്തിലെത്തി. കയ്യിലുണ്ടായിരുന്ന ബാഗ് ടെ‍ർമിനലിന് സമീപം വച്ചു. തിരികെ ഓട്ടോയിൽ കയറി കടയിൽ വച്ച ബാഗുമായി പ്രതി പമ്പ്‌വൽ ജംഗ്ഷനിൽ ഇറങ്ങിയെന്നും  ഓട്ടോ ഡ്രൈവർ മൊഴി നല്‍കിയിരുന്നു.