• 26 Feb 2020
  • 02: 18 AM
Latest News arrow

സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തു?!

വാഷിംഗ്ടൺ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 'ആമസോൺ' സ്ഥാപകനും 'വാഷിംഗ്ടൺ പോസ്റ്റ്' ഉടമയുമായ ജെഫ് ബെസോസിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്‌തെന്ന് റിപ്പോർട്ട്! രാജ്യാന്തരതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ റിപ്പോർട്ട് 'ദ ഗാർഡിയൻ' പത്രമാണ് പുറത്തുവിട്ടത്.

2018-ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് എൻക്രിപ്റ്റുചെയ്‌ത ഒരു സന്ദേശം ജെഫ് ബെസോസിന്റെ മൊബൈൽ ഫോണിലേക്ക് വരികയായിരുന്നുവത്രെ. ഇതോടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു. പിന്നീട് അഞ്ച് മാസത്തിന് ശേഷം വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗി കൊല്ലപ്പെട്ടു. ഈ കൊലപാതകത്തിൽ സൽമാൻ രാജകുമാരന് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കെയാണ് 'ദ ഗാർഡിയൻ' പത്രത്തിന്റെ വെളിപ്പെടുത്തൽ.

ജെഫ് ബെസോസിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ  സൽമാൻ രാജകുമാരന്റെ നമ്പറിൽ നിന്ന് വന്ന  സന്ദേശം ഒരു വൈറസ്  ഫയലാണെന്ന് തെളിഞ്ഞുവെന്നും അത് തുറന്നയുടൻ  ബെസോസിന്റെ ഫോണിൽ നിന്നുള്ള ഡാറ്റ എക്‌സ്‌ട്രാക്ട് ആവുകയായിരുന്നുവെന്നുമാണ് 'ദ ഗാർഡിയൻ' പറയുന്നത്.

2018 മെയ് ഒന്നിന് ഈ എൻ‌ക്രിപ്റ്റ് ചെയ്ത ഫയൽ സൗദി രാജകുമാരനിൽ നിന്ന് ലഭിച്ചതിനു ശേഷം  ജെഫ് ബെസോസും മുഹമ്മദ് ബിൻ സൽമാനും കുറച്ചു കാലം സൗഹൃദസന്ദേശങ്ങൾ  കൈമാറിയിരുന്നുവെന്നും പത്രം വെളിപ്പെടുത്തുന്നു. 2018 ഒക്ടോബറിലാണ്  തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെടുന്നത്.

അതേസമയം, ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്‌തെന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചു. അസംബന്ധമെന്നാണ് സൗദി പ്രതികരിച്ചത്. “ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തതിന് പിന്നിൽ ഞങ്ങളുടെ രാജ്യമാണെന്ന്  സൂചിപ്പിക്കുന്ന സമീപകാല മാദ്ധ്യമ റിപ്പോർട്ടുകൾ അസംബന്ധമാണ്. ഇതേക്കുറിച്ച് അന്വേഷിച്ച് എല്ലാ വസ്തുതകളും വെളിപ്പെടുത്തും."- യുഎസിലെ സൗദി എംബസി പറഞ്ഞു.

ജെഫ് ബെസോസിന്റെ ഫോൺ ഹാക്കു ചെയ്യപ്പെട്ടതിനെത്തുടർന്ന് വിവാഹേതര ബന്ധത്തിലെ സ്വകാര്യ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. ഇതേത്തുടർന്ന് 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം ജെഫ് ബെസോസും  ഭാര്യ മക്കെൻസിയും വിവാഹമോചിതരായി.

സൗദിയെ വിമർശിക്കുന്ന 'വാഷിംഗ്ടൺ പോസ്റ്റ്' സ്വന്തമാക്കിയതിനാലും അതിലൂടെ, കൊല്ലപ്പെട്ട കോളമിസ്റ്റ് ജമാൽ ഖഷോഗി സൗദിക്കെതിരെ എഴുതുന്നതിനാലുമാണ് ജെഫ് ബെസോസിനെ ലക്ഷ്യമിട്ടതെന്ന് സൗദി വിദഗ്ധരെ ഉദ്ധരിച്ച് 'ഗാർഡിയൻ' പറയുന്നു.

ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കുമെന്നും സൗദി കിരീടാവകാശിക്ക് ഇതിൽ പങ്കുണ്ടോയെന്നത് സ്ഥിരീകരിക്കുമെന്നും ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു.