വിരാട് കോലിയും സംഘവും ന്യൂസിലാന്‍ഡിൽ; പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം

ഓക്ക്ലാന്‍ഡ്: ദൈർഘ്യമേറിയ പരമ്പരയ്ക്കായി വിരാട് കോലിയും സംഘവും ന്യൂസിലാന്‍ഡിലെത്തി. മാര്‍ച്ച് ആദ്യ വാരം വരെ നീളുന്നതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. ഈ വര്‍ഷം നാട്ടില്‍ നടന്ന രണ്ടു പരമ്പരകളും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ന്യൂസിലാന്‍ഡില്‍ വിമാനമിറങ്ങിയത്.
ശ്രീലങ്കയ്ക്കെതിരേയുള്ള ടി20 പരമ്പര തൂത്തുവാരി 2020-ന് തുടക്കമിട്ട ഇന്ത്യ പിന്നീട് കരുത്തരായ ഓസ്ട്രലിയക്കെതിരേയുള്ള ഏകദിന പരമ്പരയും കൈക്കലാക്കിയിരുന്നു.
സഹതാരങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി ട്വിറ്ററിലും ഇൻസ്റ്റയിലും പോസ്റ്റ് ചെയ്താണ് കോലി താനും സംഘവും ന്യൂസിലാന്ഡിലെത്തിയെന്ന് ആരാധകരെ അറിയിച്ചത്.
അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയോടെയാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ തുടക്കം. വെള്ളിയാഴ്ചയാണ് പരമ്പരയിലെ ആദ്യ ടി20 മല്‍സരം. ഓക്ക്ലാന്‍ഡിലെ ഈഡന് പാര്‍ക്കാണ് മത്സരവേദി. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള റിഹേഴ്സല്‍ കൂടിയാണ് ഇന്ത്യയ്ക്ക് ഈ പരമ്പര.
ടി20ക്കു ശേഷം മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും രണ്ടു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കും.
ഓപ്പണര്‍ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടുന്നത്. ഓസ്ട്രേലിയക്കെതിരേ കഴിഞ്ഞ ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെയാണ് ധവാന്റെ തോളിനു പരിക്കേറ്റത്. ചുരുങ്ങിയത് 10 ആഴ്ച വരെ അദ്ദേഹത്തിനു വിശ്രമം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധവാന്റെ പകരക്കാരനായി ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെയും ഏകദിന പരമ്പരയില്‍ പൃഥ്വി ഷായെയും ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു.
ടി20 ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സഞ്ജു സാംസണ്, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.
ഏകദിന ടീം ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ശര്‍ദ്ദുല്‍ താക്കൂര്‍, കേദാര്‍ ജാദവ്