• 26 Feb 2020
  • 03: 03 AM
Latest News arrow

കളിയിക്കാവിള എസ്എസ്‌ഐയുടെ കൊലപാതകം; കേസ് എന്‍ഐഎ ഏറ്റെടുക്കും

ചെന്നൈ: കളിയിക്കാവിള എസ്എസ്‌ഐ വില്‍സന്റെ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കും. കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. പ്രതികള്‍ നിരോധിത സംഘടനയായ അല്‍ ഉമ്മയുടെയും തമിഴ്‌നാട് നാഷ്ണല്‍ ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത് കണക്കിലെടുത്താണ് എന്‍ഐഎ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ പ്രതികള്‍ക്ക് പദ്ധതിയുണ്ടായിരുന്നു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ ആസൂത്രണം നടത്തിയതിന്റെ തെളിവുകളും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ രണ്ട് പേര്‍ ചാവേറാകാന്‍ നേപ്പാളില്‍ പരിശീലനം നേടിയതിന്റെ രേഖകളും പൊലീസ് കണ്ടെത്തി.

കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും തമിഴ്‌നാട് പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികളെ പത്ത് ദിവസത്തേയ്ക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവര്‍ കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ചോ മറ്റ് പ്രതികളെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇതുവരെ കണ്ടെത്തിയിട്ടില്ല.