• 26 Feb 2020
  • 02: 11 AM
Latest News arrow

നേപ്പാളിലെ മരണം: പോസ്റ്റ് മോർട്ടം പൂർത്തിയായി; എട്ട് മൃതദേഹങ്ങളും ഒരു വിമാനത്തിൽ തന്നെ വ്യാഴാഴ്ച കേരളത്തിലെത്തിയ്ക്കും; അന്വേഷണം പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: നേപ്പാളില്‍ മരിച്ച എട്ടുമലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും.

എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഒരു വിമാനത്തിലായിരിക്കും ദല്‍ഹി വഴി നാട്ടിലേക്ക് എത്തിക്കുക. നേരത്തെ രണ്ടുവിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പിന്നീട് മാറ്റംവരുത്തുകയും ഒരു വിമാനത്തില്‍ തന്നെ കൊണ്ടുവരാൻ തീരുമാനമെടുക്കുകയുമായിരുന്നു.

കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലെ മുറിയിലാണ് നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ ശ്വാസം മുട്ടി മരിച്ചത്. മുറിയിൽ തണുപ്പകറ്റാന്‍ ഉപയോഗിച്ചഗ്യാസ് ഹീറ്ററില്‍നിന്നുയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരുന്നു മരണകാരണം.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ട് വയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.

അതേസമയം, ദമനിലെ റിസോര്‍ട്ടില്‍ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ നേപ്പാള്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാള്‍ ടൂറിസം വകുപ്പാണ് സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചിരിക്കുന്നത്.