കൊറോണ വൈറസ് ബാധ: സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലാക്കി; ഇവര്‍ക്ക് ഭക്ഷണവും ചികിത്സയും ലഭ്യമാക്കുന്നില്ലെന്ന് പരാതി

റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാരെ പ്രത്യേക മുറിയിലാക്കി. ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഒരു മലയാളി നഴ്‌സിന് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയ്ക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രി അല്‍ ഹയാത്ത് നാഷ്ണലിലെ ജീവനക്കാരിയാണ് ഇവര്‍.
അതേസമയം പ്രത്യേക മുറിയിലേക്ക് മാറ്റിയ നഴ്‌സുമാര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. എപ്പോഴെങ്കിലും കൊണ്ടുവരുന്ന ഭക്ഷണം മുറിയുടെ വാതിലിന് പുറത്തും മറ്റും വെച്ച് പോവുകയാണെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. ഇവരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ആദ്യ ഘട്ട ഫലം പുറത്ത് വന്നപ്പോള്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഫിലിപ്പീന്‍ സ്വദേശിയ്ക്കായിരുന്നു ആദ്യം രോഗം പിടിപ്പെട്ടത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്‌സിലേക്ക് വൈറസ് പടര്‍ന്നത്. ഈ നഴ്‌സിനെ ഇപ്പോള്‍ സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്‍കുന്നുണ്ട്.
വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ഇപ്പോള്‍ ആശുപത്രിയിലേക്ക് വരുന്നില്ല. എന്നാല്‍ രോഗവിവരം ആശുപത്രി അധികൃതര്‍ മറച്ചുവെയ്ക്കുകയാണെന്ന് നഴ്‌സുമാര്‍ പറഞ്ഞു. ഇവര്‍ ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.