ഓസ്ട്രേലിയന്‍ ഓപ്പണ്‍: മിക്സഡ് ഡബിള്സില്നിന്ന് സാനിയ മിര്‍സ പിന്മാറി; വനിതാ ഡബിൾസിൽ ഇറങ്ങും; സെറീന വില്യംസ് മൂന്നാം റൗണ്ടിൽ

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്സഡ് ഡബിള്സില്നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ പിന്മാറി. കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെ കാലിനേറ്റ പരിക്കാണ് പിന്മാറ്റത്തിന് കാരണം. മിക്സഡില്‍ രോഹന് ബൊപ്പണ്ണ ആയിരുന്നു സാനിയയുടെ കൂട്ടാളി. പങ്കാളിയെ നഷ്ടപ്പെട്ട രോഹന് ബൊപ്പണ്ണ, വനിതാ ഡബിള്‍സില്‍ സാനിയയുടെ പങ്കാളിയായ യുക്രെയ്ന് താരം നാദിയ കിച്ചനോക്കുമായി കൂട്ടുകെട്ടുണ്ടാക്കി.
മിക്സഡിൽ നിന്ന് പിന്മാറിയെങ്കിലും വനിതാ ഡബിള്‍സില്‍ യുക്രൈനിന്റെ നാദിയ കിച്ചനോക്ക്- സാനിയ മിർസ സഖ്യം ഇറങ്ങും. ഈ സഖ്യം കഴിഞ്ഞ ആഴ്ച ഹൊബര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം നേടിയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം അമ്മയായി കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്.
മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസും കളിക്കുന്നുണ്ട്. 2017 ഫ്രഞ്ച് ഓപ്പണ്‍ വിജയി ആയ യെലേന ഒസ്റ്റപെങ്കോയാണ് പേസിന്റെ പങ്കാളി.
അതേസമയം, ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ കുതിപ്പ് തുടരുകയാണ്. മുൻ ലോക നമ്പർ വൺ ഗാർബിനെ മുഗുരുസ മൂന്നാം റൗണ്ടിൽ ടോംജനോവിക്കിനെ 6-3, 3-6, 6-3 എന്ന സ്കോറിന് തോൽപ്പിച്ചു.
വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസ് മൂന്നാം റൗണ്ടിലെത്തി. സ്ലൊവേനിയയുടെ തമാറ സിദാന്‍സെക്കിനെയാണ് രണ്ടാം റൗണ്ടില്‍ സെറീന മറികടന്നത്. സ്കോര്‍ 6-2, 6-3. ഗ്ലാന്‍ഡ്സ്ലാമില്‍ 400-ാം മത്സരത്തിനിറങ്ങിയ സെറീന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സെറീന ലക്ഷ്യമാക്കുന്നത്.
വനിതാ വിഭാഗത്തില്‍ അമേരിക്കന്‍ ടീനേജ് താരം കൊക്കോ ഗൗഫും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. മൂന്നാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയാണ് ഗൗഫിന്റെ എതിരാളി.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരം ദിവിജ് ശരണും ന്യൂസിലന്‍ഡ് താരം ആര്‍റ്റെം സിറ്റാക്കും ചേര്‍ന്ന സഖ്യം ആദ്യ മത്സരത്തില്‍ ജയം നേടി. പാബ്ലോ ബസ്റ്റ, ജവാവോ സൗസ സഖ്യത്തേയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 7-5. എന്നാൽ രോഹന് ബൊപ്പണ്ണയും ജാപ്പനീസ് താരം യസ്തുക ഉചിയാമയും ചേര്‍ന്ന ജോഡി ആദ്യ റൗണ്ടില്‍ പുറത്തായി.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്ട്ടിയുും മൂന്നാം റൗണ്ടിലെത്തി. പൊളോണ ഹെര്ക്കോഗിനെ 6-1, 6-4 എന്ന സ്കോറിന് ബാര്‍ട്ടി തോല്‍പ്പിച്ചു. എലിസ മെര്‍ട്ടെന്‍സ്, അലിസണ് റിസ്കി, ആര്യന സബലെങ്ക, സോഫിയ കെനിന്, തുടങ്ങിയവരും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. ഡിയേഗോ ഷ്വാര്ട്സ്മാന്, ഗുയ്ഡോ പെല്ല തുടങ്ങിയവരാണ് പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടിലെത്തിയ മറ്റ് പ്രമുഖര്‍.
ഇന്ത്യന്‍ താരം പ്രജ്നേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു. ജപ്പാന്റെ തത്സുമാ ഇറ്റോയാണ് പ്രജ്നേഷിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 4-6, 2-6, 5-7.