ഓസ്ട്രേലിയന്‍ ഓപ്പണ്‍: ചൈനയുടെ വാങ് ക്വിയാങിന് മുൻപിൽ അടിയറവ് പറഞ്ഞ് സെറീന വില്യംസ് പുറത്തേക്ക്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ സെറീന വില്യംസിന് ഞെട്ടിക്കുന്ന തോല്‍വി. ചൈനയുടെ വാങ് ക്വിയാങ് ആണ് ഏഴുതവണ ചാമ്പ്യനായ സെറീനയെ തോൽപ്പിച്ചത്. സ്കോര്‍ 6-4, 6-7, 7-5. 24-ാം ഗ്രാന്സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിലേക്ക് സെറീന വില്ല്യംസിന് ഇനിയും കാത്തിരിക്കണം.
ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സെറീനയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.ആദ്യ സെറ്റിലെ തോല്‍വിക്കുശേഷം രണ്ടാം സെറ്റില്‍ ടൈബ്രേക്കറിലൂടെ സെറീന തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റ് നഷ്ടമായി. ഇതോടെ അമ്മയായ ശേഷമുള്ള ഗ്രാന്‍ഡ്സ്ലാം കിരീടത്തിനായുള്ള സെറീനയുടെ കാത്തിരിപ്പ് നീളുകയാണ്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീന കാത്തിരിക്കണം. 24 ഗ്രാന്സ്ലാം കിരീടം നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ സെറീനക്ക് കഴിയും.
നിലവില്‍ സെറീനയുടെ കണക്കിൽ 23 കിരീടങ്ങളുണ്ട്. എന്നാല്‍ 2017 ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം സെറീനക്ക് കിരീടം നേടാനായിട്ടില്ല. ഇതിനുശേഷം നാല് ഗ്രാന്സ്ലാം ഫൈനലിലും സെറീന തോറ്റു. രണ്ടു തവണ വീതം വിംബിള്‍ഡണിലും യു.എസ് ഓപ്പണിലുമായിരുന്നു ഈ തോല്‍വി.
ലോക 29-ാം റാങ്കുകാരിയായ വാങ് ക്വിയാങ് കരിയറിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീന, വാങ് ക്വിയാങിനെ തോല്‍പ്പിച്ചിരുന്നു. അന്ന് 6-1, 6-0 ത്തിനായിരുന്നു സെറീനയുടെ വിജയം. ഇതിനുള്ള മധുരപ്രതികാരം കൂടിയായി ചൈനീസ് താരത്തിന് ഈ വിജയം.
ഡെച്ച് താരം കരോലിന വോസ്നിയാസ്കിയും ഓസ്ട്രേലിയന്‍ ഓപ്പണിലെ മൂന്നാം റൗണ്ടില്‍ പുറത്തായി. ടുണീഷ്യയുടെ ഒന്‍സ് ജാബിയറിനെതിരെയായിരുന്നു തോല്‍വി. സ്കോര്‍ 7-5, 3-6, 6-5. തോല്‍വിയോടെ തന്റെ ടെന്നീസ് കരിയറിനും വോസ്നിയാസ്കി വിരാമമിട്ടു.
ലോക ഒന്നാം നമ്പര്‍ താരം ആഷ്ലി ബാര്‍ട്ടി നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. കസാഖ്സ്താന്റെ എലേന റിബാക്കിനയെയാണ് ആഷ്ലി തോല്‍പ്പിച്ചത്. സ്കോര്‍ 6-3, 6-2.